എ ക്ലാസ് തിയറ്റര്‍ ഉടമകളുടെ പുതിയ സംഘടനക്ക് നീക്കം

കൊച്ചി: എ ക്ളാസ് തിയറ്റര്‍ ഉടമകള്‍ക്ക് പുതിയ സംഘടന രൂപവത്കരിക്കാന്‍ നിര്‍മാതാക്കളും വിതരണക്കാരും നീക്കം തുടങ്ങി. എ ക്ളാസ് തിയറ്റര്‍ ഉടമകളുടെ സംഘടനയായ  ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷനെ പിളര്‍ത്തുകയാണ് ലക്ഷ്യം. അതിനിടെ, വ്യാഴാഴ്ചമുതല്‍ മലയാളപടങ്ങള്‍ റിലീസ് ചെയ്യാനുള്ള തീരുമാനത്തില്‍ മാറ്റം വരുത്തി. വിജയ്യുടെ തമിഴ് ചിത്രം ‘ഭൈരവ’ വ്യാഴാഴ്ച റിലീസ് ചെയ്യുന്നതിനാലാണിത്.

സ്വന്തമായി തിയറ്ററുകളുള്ള നിര്‍മാതാക്കളും വിതരണക്കാരുമാണ് പുതിയ സംഘടന രൂപവത്കരിക്കാന്‍ നീക്കം നടത്തുന്നത്. മാളുകളില്‍ മള്‍ട്ടിപ്ളക്സ് നടത്തുന്നവരെയും പുതിയ സംഘടനയില്‍ അംഗങ്ങളാക്കാനാണ് ശ്രമം. തങ്ങളുമായി സഹകരിക്കുന്നനിലവില്‍ ഫെഡറേഷന്‍ അംഗങ്ങളായവരെയും അംഗങ്ങളാക്കുമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഭാരവാഹി പറഞ്ഞു.

വ്യാഴാഴ്ചമുതല്‍ ബി ക്ളാസ് തിയറ്ററുകളടക്കം ഇരുനൂറോളം സ്ക്രീനുകളില്‍ പുതിയ പടം ഓടിക്കുമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ജന. സെക്രട്ടറി എം. രഞ്ജിത്തും ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് സിയാദ് കോക്കറും പറഞ്ഞു. കെ.എഫ്.ഡി.സിയുടെ കൈരളി, ശ്രീ തിയറ്റുകളും മാളുകളും ഇതില്‍പെടും. ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷനില്‍ അംഗങ്ങളായ നാല്‍പതിലേറെ തിയറ്ററുകള്‍ സഹകരിക്കാന്‍ തയാറായിട്ടുണ്ട്. തിരുവനന്തപുരം, തൊടുപുഴ എന്നിവിടങ്ങളില്‍ ഫെഡറേഷനില്‍ അംഗങ്ങളായവരുടെ തിയറ്റുകള്‍ സഹകരിക്കാന്‍ തയാറായിട്ടുണ്ട്. എറണാകുളത്ത് പത്മ, ശ്രീധര്‍ തിയറ്റുകളില്‍ പുതിയ പടങ്ങള്‍ എത്തും-സിയാദ് പറഞ്ഞു.

എന്നാല്‍, പത്മയും ശ്രീധറും അഞ്ചുകൊല്ലം മുമ്പ് സംഘടന വിട്ടതാണെന്ന് ഫെഡറേഷന്‍ പ്രസിഡന്‍റ് ലിബര്‍ട്ടി ബഷീര്‍ വ്യക്തമാക്കി. ഫെഡറേഷനില്‍ അംഗങ്ങളായ 350 എ ക്ളാസ് തിയറ്ററുണ്ട്. ഇതില്‍ പത്തോ പതിനഞ്ചോ തിയറ്ററുകള്‍ നിര്‍മാതാക്കളും വിതരണക്കാരുമായി സഹകരിച്ചേക്കാം. അതുകൊണ്ട് സംഘടനക്ക് ഒന്നും സംഭവിക്കില്ല-ബഷീര്‍ പറഞ്ഞു. അതിനിടെ, വിനീത് നായകനായ ‘കാംബോജി’യുടെ റിലീസിങ് 19ലേക്ക് മാറ്റി. ‘കാംബോജി’യുടെ നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടതിലാണിതെന്ന് സിയാദ് കോക്കര്‍ പറഞ്ഞു.

19ന് ഈ ചിത്രം കൂടാതെ മറ്റു ചിത്രങ്ങളില്‍ ഏതെങ്കിലുമൊന്നുകൂടി റിലീസ് ചെയ്യും. ഇക്കാര്യം ശനിയാഴ്ച തീരുമാനിക്കും. മോഹന്‍ലാലിന്‍െറ ‘മുന്തിരിവള്ളികള്‍ തളിര്‍ത്തപ്പോള്‍’, സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ദുല്‍ഖര്‍ സല്‍മാന്‍െറ ‘ജോമോന്‍െറ സുവിശേഷങ്ങള്‍’, പ്രിഥ്വിരാജിന്‍െറ ‘എസ്ര’, സിദ്ദീഖ് സംവിധാനം ചെയ്ത ജയസൂര്യയുടെ ‘ഫുക്രി’, എന്നിവയാണ് റിലീസിങ് കാത്തിരിക്കുന്നത്. ഇതില്‍ ‘മുന്തിരിവള്ളികള്‍ തളിര്‍ത്തപ്പോ’ഴോ, ‘ജോമോന്‍െറ സുവിശേഷങ്ങ’ളോ 19ന് റിലീസ് ചെയ്യും. നേരത്തേ ഇത് രണ്ടും ഒന്നിച്ച് റിലീസ് ചെയ്യാനായിരുന്നു തീരുമാനം.

Tags:    
News Summary - a class theatre owners will form new organisation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.