കൊച്ചി: മോട്ടോര്‍ വാഹന നിയമവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച പുതിയ വിജ്ഞാപനം ദുര്‍വ്യാഖ്യാനം ചെയ്ത് സംസ്ഥാനത്ത് കോണ്‍ട്രാക്ട് കാര്യേജ് ബസുകള്‍ സ്റ്റേജ് കാര്യേജ് വാഹനങ്ങളായി ഉപയോഗിക്കുന്നത് കര്‍ശനമായി തടയുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു.
ഓള് ഇന്ത്യ ടൂറിസ്റ്റ് ബസ് പെര്‍മിറ്റ് നല്‍കുന്നതിന്റെ ഭാഗമായുള്ള പുതിയ വിജ്ഞാപനം മോട്ടോര്‍ വെഹിക്കിള്‍ ആക്ടിന് വിരുദ്ധമാണ്. ഈ വിജ്ഞാപനത്തിന്റെ പേരില്‍ കോണ്‍ട്രാക്ട് കാര്യേജ് ബസുകള്‍ സ്റ്റേജ് കാര്യേജ് ബസുകളായി ഉപയോഗിക്കാന്‍ കഴിയില്ല. അത്തരം നിയമ ലംഘനം നടത്തുന്ന വാഹനങ്ങളുടെ ഉടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.
വിജ്ഞാപനത്തിന്റെ പേരില്‍ നടത്തുന്ന നിയമ ലംഘനം സ്വകാര്യ സ്റ്റേജ് കാര്യേജ് ബസുകളുടെയും കെ.എസ്.ആര്.ടി.സി ബസുകളുടെയും പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. നിയമ നടപടികള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ആർ.ടി.ഒമാരുടെയും ജില്ല ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍മാരുടെയും യോഗം 12ന് തിരുവനന്തപുരത്ത് നടത്തും. തെറ്റായ മേല്‍വിലാസം നല്കി ഇതര സംസ്ഥാനങ്ങളില്‍ കുറഞ്ഞ തുകക്ക് രജിസ്റ്റര്‍ ചെയ്ത് കേരളത്തിൽ ഓടുന്ന 52 വാഹനങ്ങളെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്. ഈ വാഹനങ്ങള്‍ രണ്ടാഴ്ചക്കകം ഇവിടെ രജിസ്റ്റര്‍ ചെയ്തില്ലെങ്കിൽ പിടിച്ചെടുക്കുമെന്നും മന്ത്രി അറിയിച്ചു. കോണ്‍ട്രാക്ട് കാര്യേജ് ബസുകള്‍ നിയമം ലംഘിച്ച് സര്‍വിസ് നടത്തുന്നതിനെതിരെ സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിന് ചേര്‍ന്ന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
ഉത്സവ സീസണുകളില്‍ ദീര്‍ഘദൂര യാത്രക്കാരെ ചൂഷണം ചെയ്യുന്നത് കെ.എസ്.ആര്.ടി.സി സ്വിഫ്റ്റ് വന്നതോടെ കുറഞ്ഞു. ഒന്നര വര്‍ഷത്തിനിടെ കെ.എസ്.ആര്.ടി.സി സ്വിഫ്റ്റ് ഉള്‍പ്പെടെ 397 ബസുകള്‍ നിരത്തിലിറക്കി. 133 ബസുകള്‍ക്ക് വര്‍ക്ക് ഓര്‍ഡര്‍ കൊടുത്തിട്ടുണ്ട്. 53 ഇലക്ട്രിക് ബസുകള്‍ക്കും 25 കോടിയുടെ ലക്ഷ്വറി ബസുകള്‍ക്കും ഓര്‍ഡര്‍ കൊടുത്തിട്ടുണ്ട്. ആറു മാസത്തിനകം 200 ബസുകള്‍ കൂടി ഇറക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരത്ത് വിജയമായ സിറ്റി സര്‍ക്കുലര്‍ ഇലക്ടിക് ബസ് സര്‍വിസുകള്‍ കൊച്ചിയില്‍ രണ്ടു മാസത്തിനകം ആരംഭിക്കും. എറണാകുളം കെ.എസ്.ആര്.ടി.സി ബസ്സ്റ്റാന്‍ഡ് വൈറ്റിലയിലേക്കു മാറ്റുമെന്നും മന്ത്രി പറഞ്ഞു. ഒക്ടോബര്‍ 31നകം സംസ്ഥാനത്ത് സര്‍വിസ് നടത്തുന്ന എല്ലാ ബസുകളിലും ലോറികളിലും ഡ്രൈവര്‍മാര്‍ക്ക് സീറ്റ് ബെല്‍റ്റ് ഉണ്ടായിരിക്കണം. ഡ്രൈവറെ കൂടാതെ ബസുകളില്‍ മുന്നിലിരിക്കുന്നവര്‍ക്കും ലോറികളിലെ സഹായികള്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാണ്. കെ.എസ്.ആര്.സി.സി, സ്വകാര്യബസുകളില്‍ ഒക്ടോബര്‍ 31നകം കാമറകള്‍ സ്ഥാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.