കൊച്ചി: പ്രത്യേക ചട്ടങ്ങളോ മാർഗനിർദേശങ്ങളോ ഇല്ലാത്തതിനാൽ സി.ബി.എസ്.ഇ സ്കൂളു കളിലെ ഫീസ് നിർണയത്തിനുള്ള അധികാരം മാനേജ്മെൻറുകൾക്കാണെന്ന് ഹൈകോടതി. എറണാകുളം ചേപ്പനം ശ്രീ ശ്രീ രവിശങ്കർ വിദ്യാമന്ദിറിൽനിന്ന് പുറത്താക്കിയ അഞ്ച് വിദ്യാർഥികളെ തിരിച്ചെടുക്കാനുള്ള സിംഗിൾ ബെഞ്ച് ഇടക്കാല ഉത്തരവ് റദ്ദാക്കിയാണ് ഡിവിഷൻ ബെഞ്ച് ഉത്തരവ്.
വിദ്യാലയങ്ങളിലെ ഫീസ് നിയന്ത്രിക്കാൻ സർക്കാറിന് അധികാരമുണ്ടെന്നും നടപടികൾ സർക്കാറിന് സ്വീകരിക്കാമെന്നതടക്കമുള്ള ഇടക്കാല ഉത്തരവാണ് റദ്ദാക്കിയത്. പുറത്താക്കിയവരിൽ 10ാം ക്ലാസുകാരനായ വിദ്യാർഥിയെ തുടരാൻ അനുവദിക്കണമെന്നും മറ്റ് നാലുേപർക്ക് പുനഃപ്രവേശനം നൽകേണ്ടതില്ലെന്നും കോടതി ഉത്തരവിട്ടു.
പുതിയ അധ്യയന വർഷം 20 ശതമാനം ഫീസ് വർധിപ്പിച്ചതും കുട്ടികളുടെ മാർക്ക് ലിസ്റ്റ് നൽകാത്തതും ചോദ്യം ചെയ്ത് മുൻ പി.ടി.എ ഭാരവാഹികൾ കൂടിയായ രക്ഷിതാക്കൾ മാനേജ്മെൻറിനെതിരെ സമരം ചെയ്തിരുന്നു. പ്രതിഷേധത്തെ തുടർന്ന് നടത്തിയ ചർച്ചയിൽ 2017-18ൽ 10 ശതമാനവും അടുത്ത വർഷം 10 ശതമാനവും വീതം ഫീസ് വർധന നടപ്പാക്കാൻ തീരുമാനിച്ച് രക്ഷിതാക്കൾ ധാരണയിൽ ഒപ്പിട്ടതായി വ്യക്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇൗ രക്ഷിതാക്കളിൽ ചിലരാണ് വർധിപ്പിച്ച ഫീസ് നൽകാതിരിക്കുകയും കുട്ടികളെ ഉപയോഗിച്ച് സ്കൂൾ പ്രവർത്തനം തടയുംവിധം സമരം നടത്തുകയും ഹരജിയുമായി കോടതിയിലെത്തുകയും ചെയ്തത്. ഹരജി പരിഗണിക്കെവ ഫീസടക്കാൻ തയാറാണെന്നും പുനഃപ്രവേശനം നൽകണമെന്നും ഹരജിക്കാർതന്നെ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് സിംഗിൾ ബെഞ്ച് ഉത്തരവുണ്ടായത്. എന്നാൽ, ഇവരെ തിരിച്ചെടുത്താൽ അധ്യാപകർക്കും ജീവനക്കാർക്കുമെതിരെ കേസ് കൊടുക്കുന്നതടക്കം സ്കൂൾ പ്രവർത്തനം തടസ്സപ്പെടുത്തുന്ന നടപടി ഉണ്ടായേക്കുമെന്ന ആശങ്ക മാനേജ്മെൻറ് അറിയിച്ചിട്ടുണ്ട്. ഇൗ സാഹചര്യത്തിൽ സ്കൂളിെൻറ സമാധാനാന്തരീക്ഷത്തെയും സുഗമമായ പ്രവർത്തനത്തെയും കരുതി പുറത്താക്കിയ വിദ്യാർഥികളെ തുടരാനനുവദിക്കാനാവില്ല.
ഹരജിക്കാരിൽനിന്ന് ഏതെങ്കിലും തരത്തിലുള്ള ശല്യമുണ്ടായാൽ സ്കൂൾ അധികൃതർക്ക് പൊലീസ് സംരക്ഷണം തേടാമെന്നും കോടതി വ്യക്തമാക്കി. ഫീസ് നിർണയം മാനേജ്മെൻറിെൻറ അധികാരത്തിലുള്ളതാണ്. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഇതിൽ ഒന്നും പറയാനാവില്ല. ഫീസ് നിർണയവുമായി ബന്ധപ്പെട്ട് എന്തെങ്കിലും ചട്ടമോ സി.ബി.എസ്.ഇയുടെ മാർഗനിർദേശങ്ങളോ നിലവിലില്ല.
പരാതികളുണ്ടെങ്കിൽ സമാധാനപരമായി പരിഹരിക്കുകയാണ് വേണ്ടത്. കുട്ടികളെ ധർണപോലുള്ള പ്രതിഷേധ സമരങ്ങളിലേക്ക് എത്തിക്കരുതെന്ന് കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.