ബസ് ചാര്‍ജ് വര്‍ധന രാമചന്ദ്രന്‍ കമീഷന്; സ്വകാര്യ ബസ് പണിമുടക്ക് പിന്‍വലിച്ചു



തിരുവനന്തപുരം: ചാര്‍ജ് വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമീഷനെ നിയോഗിക്കാമെന്ന ഗതാഗതമന്ത്രിയുടെ ഉറപ്പില്‍ ഫെബ്രുവരി രണ്ടുമുതല്‍ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. വെള്ളിയാഴ്ച മന്ത്രി എ.കെ. ശശീന്ദ്രന്‍െറ ചേംബറില്‍ നടന്ന ചര്‍ച്ചയിലാണ് ധാരണ. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്കിലും സ്വകാര്യ ബസുടമകള്‍ വര്‍ധന ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യവും കമീഷന്‍െറ പരിഗണനക്കുവിടും.
റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമയം നിശ്ചയിച്ചിട്ടില്ളെന്നും സാധ്യമാകുംവേഗത്തില്‍ നല്‍കാന്‍ ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു. റിപ്പോര്‍ട്ട് ലഭിച്ചശേഷം സമവായത്തിലൂടെ സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.  
കെ.എസ്.ആര്‍.ടി.സിക്ക് മാത്രമായി നിജപ്പെടുത്തിയ 241 സൂപ്പര്‍ ക്ളാസ് റൂട്ടുകളില്‍ കഴിഞ്ഞ സര്‍ക്കാര്‍ സ്വകാര്യ ബസുകള്‍ക്ക് അനുവദിച്ച ലിമിറ്റഡ് സ്റ്റോപ് ഓര്‍ഡിനറി (എല്‍.എസ്.ഒ.എസ്) സര്‍വിസുകള്‍ സംരക്ഷിക്കണമെന്നതായിരുന്നു ചര്‍ച്ചയിലുയര്‍ന്ന മറ്റൊരു ആവശ്യം. ഇക്കാര്യത്തില്‍ നിലവിലെ കോടതി വിധികളും കെ.എസ്.ആര്‍.ടി.സിയുടെ നിലപാടും പരിഗണിച്ച് അനുഭാവപൂര്‍ണമായ നടപടി സ്വീകരിക്കാമെന്ന് മന്ത്രി അറിയിച്ചു.

ഇക്കാര്യത്തില്‍ നിയമവകുപ്പുമായും ചര്‍ച്ച നടത്തും.  സൂപ്പര്‍ ക്ളാസ് റൂട്ടുകളിലെ സ്കീമുകള്‍ സംബന്ധിച്ച് ഫെബ്രുവരി ഏഴോടെ അന്തിമവിജ്ഞാപനമുണ്ടാകും. കെ.എസ്.ആര്‍.ടി.സിയെ സംരക്ഷിക്കുന്നതിനൊപ്പം സ്വകാര്യ ബസുടമകളുടെ താല്‍പര്യവും പരിഗണിക്കുമെന്ന് മന്ത്രി യോഗത്തില്‍  പറഞ്ഞു.
സ്റ്റേജ് കാരേജുകള്‍ക്ക് വര്‍ധിപ്പിച്ച ടാക്സ് പിന്‍വലിക്കുക, ഡീസലിന്‍െറ സെയില്‍സ് ടാക്സ് 24ല്‍നിന്ന് അഞ്ച് ശതമാനമാക്കുക തുടങ്ങിയ ആവശ്യങ്ങളായിരുന്നു മറ്റൊന്ന്.

ഈ ആവശ്യം ധനമന്ത്രിയുമായി കൂടിയാലോചിച്ച് ബജറ്റില്‍ ഉള്‍ക്കൊള്ളിക്കുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് ബസുടമകള്‍ പണിമുടക്കില്‍നിന്ന് പിന്മാറിയത്. സമരത്തിന്‍െറ ഭാഗമായി കഴിഞ്ഞ 24ന് സൂചനപണിമുടക്ക് നടത്തിയിരുന്നു.  

 

Tags:    
News Summary - bus strike withdrawn

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.