ബഫർസോൺ: ഇളവ് വേണമെന്ന കേരളത്തിന്‍റെ ആവശ്യം പരിഗണിക്കാമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: വനാതിർത്തിയിൽ ബഫർസോൺ നിശ്ചയിച്ചതിൽ ഇളവ് വേണമെന്ന കേരളത്തിന്‍റെ ആവശ്യം പരിഗണിക്കാമെന്ന് സുപ്രീംകോടതി. ബഫർസോൺ നിർണയം ചോദ്യം ചെയ്തും വ്യക്തത തേടിയും സമർപ്പിച്ച മുഴുവൻ ഹരജികളും ഒരുമിച്ച് പരിഗണിക്കാനാണ് കോടതി ആലോചിക്കുന്നത്. ഹരജികളിൽ തിങ്കളാഴ്ച വാദം കേൾക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ബഫർസോൺ വിഷയത്തിൽ കേന്ദ്രസർക്കാർ സമർപ്പിച്ച അപേക്ഷയാണ് സുപ്രീംകോടതി പ്രധാനമായും പരിഗണിച്ചത്. 2003ൽ തന്നെ മറ്റ് സംസ്ഥാനങ്ങളുമായി ചേർന്ന് ബഫർസോൺ നിശ്ചയിക്കുന്ന കാര്യത്തിൽ മൂന്നു തരത്തിലുള്ള പട്ടിക തയാറാക്കി വരികയാണ്. അതിനാൽ, കടുത്ത നിയന്ത്രണം ഏർപ്പെടുത്തുന്ന സുപ്രീംകോടതി വിധിയിൽ നിന്ന് മൂന്നു പട്ടികകളിൽ ഉൾപ്പെട്ട സ്ഥലങ്ങളെ ഒഴിവാക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിരുന്നു.

വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങള്‍ക്കും ചുറ്റും ഒരു കിലോമീറ്റര്‍ ബഫർസോൺ നിര്‍ബന്ധമാക്കി 2022 ജൂൺ മൂന്നിനാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. ഇതിന് പിന്നാലെ വിജ്ഞാപനം ഇറങ്ങിയ മേഖലകളില്‍ വിധി നടപ്പാക്കുന്നതില്‍ നിന്ന് ഇളവ് അനുവദിക്കണമെന്ന കേന്ദ്രത്തിന്‍റെ ആവശ്യത്തെ പിന്തുണച്ച് കേരളം അപേക്ഷ സമർപ്പിക്കുകയായിരുന്നു.

ജനവാസ കേന്ദ്രങ്ങൾ, സർക്കാർ-അർധ സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾ എന്നിവക്ക് ബഫർസോൺ സംബന്ധിച്ച വിധിയിൽ ഇളവ് നൽകണമെന്നാണ് കേരളത്തിന്‍റെ ആവശ്യം. കരുതൽ മേഖലകളില്‍ നിരവധി ചെറുകിട, ഇടത്തരം നഗരങ്ങള്‍ രൂപപ്പെട്ട ശേഷമാണ് കോടതി വിധി പുറപ്പെടുവിച്ചത്. ഇവിടെ സ്ഥിരനിര്‍മാണങ്ങള്‍ പൂര്‍ണമായും നിരോധിക്കണമെന്നത് ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുമെന്നും ഈ മേഖലകളിലുള്ളവരെ പുനരധിവസിപ്പിക്കുക പ്രായോഗികമല്ലെന്നും കേരളം ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - Buffer Zone: Supreme Court may consider Kerala's request for exemption

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.