ബ്രേക്കിട്ട് 'ബ്രേക്ത്രു'; 'എ​റ​ണാ ​കു​ള​മാ​കു​ന്ന വ​ഴി​ക​ൾ'

കൊച്ചി: ഓപറേഷൻ വിജയിച്ചു, പക്ഷേ രോഗി മരിച്ചു എന്നു പറയുന്ന അവസ്ഥയാണ് കാണാനാകുന്നത്. 2019 മുതൽ നഗരത്തിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ വിവിധ പദ്ധതികൾ തയാറാക്കിയിട്ടുണ്ട്. ഇവ നടപ്പാക്കുന്നതിൽ വരുത്തിയ വീഴ്ചകളാണ് വീണ്ടും കൊച്ചിയെ മുക്കുന്നത് എന്ന് എല്ലാവർക്കുമറിയാം.

2019ലെ വെള്ളക്കെട്ടിനെ തുടർന്ന് സർക്കാർ നിർദേശ പ്രകാരം ജില്ല ദുരന്ത നിവാരണ അതോറിറ്റി ആവിഷ്കരിച്ചതാണ് 'ഓപറേഷൻ ബ്രേക്ത്രു'. വിവിധ സർക്കാർ ഏജൻസികളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയായിരുന്നു പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത്.

മൂന്നുഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കാൻ ലക്ഷ്യമിട്ടത്. 90 ദിവസംകൊണ്ട് പൂർത്തീകരിക്കുമെന്നായിരുന്നു പറച്ചിൽ. പക്ഷേ, കോവിഡ്ബാധ ബ്രേക്ത്രൂവിന് ബ്രേക്കിട്ടു. ഒടുവിൽ 2020 മേയ് 31നുള്ളിൽ ആദ്യഘട്ട പ്രവൃത്തികൾ പൂർത്തിയാക്കാൻ തീരുമാനിച്ചിരുന്നു.

അതിനു മുമ്പുതന്നെ രണ്ടാം ഘട്ടത്തിലെ പദ്ധതികൾക്കുള്ള പ്രവർത്തനങ്ങളും ആരംഭിച്ചിരുന്നു. ആദ്യഘട്ടത്തിൽ 35 പ്രവൃത്തികളാണ് ആവിഷ്കരിച്ചത്. അവയെല്ലാം പൂർത്തീകരിച്ചിട്ടുണ്ടെന്നാണ് ജില്ല ഭരണകൂടം പറയുന്നത്. രണ്ടംഘട്ടവും പൂർത്തീകരിച്ചു. മൂന്നാംഘട്ടം നടന്നുവരുകയുമാണത്രേ. പദ്ധതികൾ നടപ്പാക്കുന്നതിൽ പഞ്ഞമില്ലെന്നാണ് ഇത് തെളിയിക്കുന്നത്.

എന്നിട്ടും വെള്ളക്കെട്ട് ഒഴിയുന്നില്ല. നിരത്തുകളിലെ വെള്ളം ഒഴുകി ഓടയിലേക്ക് പോകൽ, അവിടെ നിന്ന് കനാലുകളിലേക്കുള്ള ഒഴുക്ക് സുഗമമാക്കൽ എന്നിവ നടന്നു. എന്നിട്ടും മഴപെയ്താൽ റോഡുകളിലടക്കം പലയിടത്തും വെള്ളം കെട്ടിനിൽകുന്നു.

മൂന്നാംഘട്ടം മുടന്തുന്നു

വാട്ടർ അതോറിറ്റിയുടെ പ്രവൃത്തികളാണ് മൂന്നാംഘട്ടം തുടങ്ങാൻ വിലങ്ങുതടിയായി നിൽക്കുന്നത്. പൈപ്പ് ലൈനുകൾ മാറ്റാതെ ബ്രേക്ത്രൂ ജോലികൾ ചെയ്യാനാകില്ല. വാട്ടർ അതോറിറ്റിയിൽ സർക്കാർ കാര്യം മുറപോലെ എന്ന രീതിയിലാണ് പൈപ്പ് ലൈനുകളുടെ മാറ്റിസ്ഥാപിക്കൽ നീങ്ങുന്നത്.

തിരുവനന്തപുരം നഗരത്തില്‍ വെള്ളക്കെട്ട് നിവാരണത്തിനായി നടപ്പാക്കിയ 'ഓപറേഷന്‍ അനന്ത'യുടെ മാതൃകയില്‍ സമഗ്ര പദ്ധതിയായിരുന്നു ഓപറേഷന്‍ ബ്രേക്ത്രൂ. വെള്ളക്കെട്ടിന് കാരണമാകുന്ന കാനകൾ, ചെറുതോടുകൾ എന്നിവയിലെ തടസ്സം മാറ്റി പ്രധാന തോടുകളിലേക്ക് മഴവെള്ളം എത്തിക്കാനുള്ള വിവിധ പ്രവൃത്തികളാണ് ഒന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തിയത്. നഗരത്തിലെ പ്രധാന തോടുകള്‍ കേന്ദ്രീകരിച്ചാണ് രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ തയാറാക്കിയത്.

നഗരത്തിലെ വെള്ളം പ്രധാന തോടുകളിലൂടെ കായലിലേക്ക് തടസ്സമില്ലാതെ ഒഴുക്കാനായിരുന്നു ഈ ഘട്ടത്തില്‍ ഊന്നല്‍. രണ്ടാംഘട്ടത്തെ പിന്നീട് വിഭജിച്ച് മൂന്നാമതൊരു ഘട്ടം കൂടിയാക്കി. പദ്ധതിയുടെ നടത്തിപ്പിനായി കലക്ടറുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ വിവിധ വകുപ്പുകളിലെ എക്‌സിക്യൂട്ടിവ് എൻജിനീയര്‍മാരെ ഉള്‍പ്പെടുത്തി സാങ്കേതിക സമിതി രൂപവത്കരിച്ചിട്ടുണ്ട്.

ജില്ല ദുരന്ത നിവാരണ വിഭാഗം, കോര്‍പറേഷന്‍, റവന്യൂ, സര്‍വേ, പൊലീസ് വകുപ്പുകള്‍ ഉള്‍പ്പെട്ട സ്‌പെഷല്‍ സെല്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കൽ, വെള്ളക്കെട്ട് നിവാരണ പ്രവര്‍ത്തനങ്ങളുടെ ഗുണനിലവാരം വിലയിരുത്താൻ തേഡ് പാര്‍ട്ടി ക്വാളിറ്റി ഓഡിറ്ററായി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന് ചുമതല, എന്നൊക്കെയാണ് അന്ന് പറയപ്പെട്ടത്. പക്ഷേ, ഇപ്പോൾ പദ്ധതിയുടെ മൂന്നാംഘട്ടം മുടങ്ങിയ നിലയിലാണ്.  

(തുടരും)

Tags:    
News Summary - breakthrough ernakulam waterlogging

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.