ബോർഡ്/ കോർപറേഷൻ വീതംവെപ്പ് ചർച്ച അവസാന ലാപ്പിലേക്ക്: തർക്കങ്ങൾ ഒഴിയുന്നില്ല; ലീഗിന് 22 ചെയർമാൻ ഉൾപ്പെടെ 33 പദവികൾക്ക് ധാരണ
തിരുവനന്തപുരം: ബോർഡ്/ കോർപറേഷൻ വീതംവെപ്പ് യു.ഡി.എഫിൽ അവസാന ഘട്ടത്തിലേക്ക്. ഘടകകക്ഷികളുമായുള്ള ചർച്ച പൂർത്തിയാക്കി ധാരണയാകുന്നതിന് പിന്നാലെ കോൺഗ്രസിനുള്ള പദവികളിലേക്കുള്ള ആളുകളുടെ കാര്യത്തിൽ തീരുമാനമെടുക്കും.
ആർ.എസ്.പിക്ക് കഴിഞ്ഞ യു.ഡി.എഫ് സർക്കാർ കാലത്ത് ഒമ്പത് പദവികളുണ്ടായിരുന്നത് നാലായി ചുരുങ്ങിയെന്ന പരാതി ഉയർന്നിട്ടുണ്ട്. പാർട്ടിയുടെ മന്ത്രി കൈകാര്യം ചെയ്യുന്ന വകുപ്പിന് കീഴിലുള്ള വനം വികസന കോർപറേഷൻ പോലും ആർ.എസ്.പിക്ക് ലഭിച്ചില്ലെന്നും പരാതിയുണ്ട്. വിഷയത്തിൽ കടുത്ത അതൃപ്തിയിലാണ് ആർ.എസ്.പി. അനുകൂല നിലപാട് ഉണ്ടായ ശേഷം നിലവിൽ വീതം വെച്ച് കിട്ടിയ ചുമതലകൾ ഏറ്റെടുത്താൽ മതിയെന്ന് നിലപാടിൽ പാർട്ടി നേതൃത്വം.
മുസ്ലിം ലീഗിന് 22 ചെയർമാൻ ഉൾപ്പെടെ 33 പദവികൾക്കാണ് ധാരണയായത്. ഇതിൽ മൂന്ന് പേരെ നിയമിച്ച് വ്യവസായ വകുപ്പ് ഉത്തരവിറക്കി. കേരള മിനറൽ ഡെവലപ്മെന്റ് കോർപ്പറേഷൻ (കെംഡെൽ) ചെയർമാൻ സ്ഥാനത്തേക്ക് ശ്യാം സുന്ദർ, കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എഞ്ചനീയറിങ് കമ്പനി ലിമിറ്റഡ് (കെ.ഇൽ.എൽ) ചെയർമാൻ സ്ഥാനത്തേക്ക് ടി.എം. സലീം, ട്രാക്കോ കേബിൾ കമ്പനി ലിമിറ്റഡ് ചെയർമാനായി സി.എച്ച്. റഷീദ് എന്നിവരെയാണ് നിയമിച്ചത്.
പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡ് (സിൽക്) ചെയർമാനാകുമെന്നാണ് സൂചന. യൂത്ത്ലീഗ് നേതാവ് സി.കെ സുബൈർ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡ് (കെ.എസ്.ഐ.ഇ) ചെയർമാനായേക്കും. കേരള സ്മാൾ ഇൻഡസ്ട്രീസ് ഡെവലപ്മെന്റ് കോർപറേഷൻ (സിഡ്കോ) ചെയർമാൻ സ്ഥാനത്തേക്ക് ടി. മുഹമ്മദ് വയനാട്, കേരള റൂറൽ എംേപ്ലായ്മെന്റ് ആൻഡ് വെൽഫെയർ സൊസൈറ്റി (ക്രൂസ്) ചെയർമാൻ സ്ഥാനത്തേക്ക് യഹ്യാ ഖാൻ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്.
അതെസമയം, പി.ജെ ജോസഫിന്റെ കാബിനറ്റ് പദവി നീളുന്നതിൽ കേരള കോൺഗ്രസിന് അതൃപ്തിയുണ്ട്. നിലവിൽ എട്ട് പദവികളാണ് കേരള കോൺഗ്രസിന് വാഗ്ദാനം ചെയ്തിട്ടുള്ളത്. കാബിനറ്റ് റാങ്കോടെയുള്ള നോർക്ക വൈസ് ചെയർമാൻ സ്ഥാനമാണ് മാണി സി കാപ്പൻ പ്രതീക്ഷിക്കുന്നത്. മന്ത്രിസഭയിൽ പ്രാതിനിധ്യം നൽകിയ സി.എം.പിക്കും കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിനും ബോർഡ് കോർപറേഷൻ പദവി നൽകിയാൽ സമാനമായ നിലയിൽ തങ്ങൾക്കും വേണമെന്ന അവകാശവാദം മറ്റ് ചെറു ഘടക കക്ഷികൾ ഉന്നയിക്കുന്നുണ്ട്. തർക്കമുള്ള വിഷയങ്ങളിൽ ഉഭയകക്ഷി ചർച്ച നടത്തി പ്രശ്നം പരിഹരിക്കാനാണ് നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.