നിലമ്പൂർ: മുന്നണിയിലെ പാർട്ടികളും നേതാക്കളും മെയ്യും മനസ്സുമൊന്നായി മണ്ഡലത്തിൽ തമ്പടിച്ച് പണിയെടുത്തപ്പോൾ നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ഉജ്ജ്വല വിജയം. അവസാനനിമിഷം അലസിപ്പിരിഞ്ഞ പി.വി.അ൯വർ ഉയർത്തിയ വ൯ വെല്ലുവിളിക്കിടയിലും ഒമ്പതുവർഷം മുമ്പ് കൈവിട്ടുപോയ മണ്ഡലം 11,077 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ആര്യാട൯ ഷൗക്കത്തിലൂടെ കോൺഗ്രസ് തിരിച്ചുപിടിച്ചു. എൽ.ഡി.എഫിലെ എം. സ്വരാജിനെയാണ് ഷൗക്കത്ത് പരാജയപ്പെടുത്തിയത്. ഷൗക്കത്ത് 77,737 വോട്ടും സ്വരാജ് 66,660 വോട്ടും നേടി.
മുഖ്യമന്ത്രിയും മന്ത്രിമാരും പാർട്ടിയും ഒന്നടങ്കം ഇറങ്ങിക്കളിച്ച തെരഞ്ഞെടുപ്പിലെ പരാജയം പിണറായി സർക്കാറിന് ആഘാതമായി. 19,760 വോട്ടുപിടിച്ച് അ൯വർ കരുത്തുകാട്ടിയിടത്താണ് വിജയമെന്നത് 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിലേക്കടക്കം യു.ഡി.എഫിന് ഉൗർജം സമ്മാനിക്കുന്നതായി. ക്രൈസ്തവ സ്ഥാനാർഥിയെ പരീക്ഷിച്ച ബി.ജെ.പിക്ക് 8648 വോട്ടുമായി നാലാം സ്ഥാനമേ ലഭിച്ചുള്ളൂ. എൽ.ഡി.എഫ് വിട്ട പി.വി. അൻവർ, എം.എൽ.എ സ്ഥാനം രാജിവെച്ച ഒഴിവിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലാണ് യു.ഡി.എഫ് തിരിച്ചുവരവ് നടത്തിയത്. ആര്യാടൻ മുഹമ്മദ് ദീർഘകാലം കുത്തകയാക്കിവെച്ച മണ്ഡലമാണ് ഒമ്പതു വർഷത്തെ ഇടവേളക്കുശേഷം അദ്ദേഹത്തിന്റെ മകൻ ഷൗക്കത്തിലൂടെ യു.ഡി.എഫ് തിരിച്ചുപിടിച്ചത്.
പോസ്റ്റൽ വോട്ട് എണ്ണിത്തുടങ്ങിയതുമുതൽ ആര്യാടൻ ഷൗക്കത്ത് വ്യക്തമായ ലീഡ് നിലനിർത്തി. കരുളായി ഒഴികെയുള്ള ആറു പഞ്ചായത്തുകളിലും നിലമ്പൂർ നഗരസഭയിലും ലീഡ് നേടാൻ യു.ഡി.എഫിന് കഴിഞ്ഞു. വോട്ടെണ്ണലിന്റെ രണ്ടു റൗണ്ടിലൊഴികെ ബാക്കിയെല്ലാ സമയങ്ങളിലും ഷൗക്കത്ത് തന്നെയായിരുന്നു മുന്നില്.
പ്രതീക്ഷ പുലർത്തിയ നിലമ്പൂർ നഗരസഭയിലും കരുളായി, അമരമ്പലം പഞ്ചായത്തുകളിലും എൽ.ഡി.എഫ് തിരിച്ചടി നേരിട്ടു. ഇടതിന്റെയും വലതിന്റെയും വോട്ടുകളിലേക്ക് കടന്നുകയറിയ അൻവർ, മണ്ഡലത്തിൽ തനിക്കുള്ള സ്വാധീനം വോട്ടുബലത്തിലൂടെ തെളിയിച്ചു. 19 വർഷത്തിനുശേഷം പാർട്ടിചിഹ്നത്തിൽ സി.പി.എം ശക്തനായ സ്ഥാനാർഥിയെ മത്സരിപ്പിച്ചിട്ടും ഇടതുവോട്ടിൽ വൻ ഇടിവാണ് സംഭവിച്ചത്. അൻവറിന്റെ സാന്നിധ്യം വലതിനേക്കാളേറെ ഇടതിനാണ് നഷ്ടമുണ്ടാക്കിയത്.
2021നേക്കാൾ 14,576 വോട്ടിന്റെ കുറവാണ് എൽ.ഡി.എഫിനുണ്ടായത്. പാർട്ടി വോട്ടുകൾക്കപ്പുറത്ത് നിഷ്പക്ഷ വോട്ടുകൾ സമാഹരിക്കാൻ എൽ.ഡി.എഫിന് കഴിയാതിരുന്നതും സ്വരാജിന്റെ വ്യക്തിപ്രഭാവം വോട്ടാവാതിരുന്നതും പരാജയകാരണങ്ങളായി. ഇടതു-വലതു മുന്നണികൾ തമ്മിൽ വോട്ടുബലത്തിൽ വലിയ അന്തരമില്ലാത്ത മണ്ഡലത്തിൽ, അൻവർ 11 ശതമാനത്തിലേറെ വോട്ട് നേടിയിട്ടും ഷൗക്കത്തിന് ലഭിച്ച മികച്ച ഭൂരിപക്ഷം യു.ഡി.എഫിന് ആത്മവിശ്വാസം പകരുന്നതാണ്. രണ്ടാം പിണറായി സർക്കാറിന്റെ കാലത്ത് ഇതാദ്യമായാണ് എൽ.ഡി.എഫിന് സിറ്റിങ് സീറ്റ് നഷ്ടമാകുന്നത്. ബി.ജെ.പി സ്ഥാനാർഥി അഡ്വ. മോഹൻ ജോർജിന് ക്രിസ്ത്യൻ കുടിയേറ്റ വോട്ടുകളിലേക്ക് കടന്നുകയറാനായില്ല. എസ്.ഡി.പി.ഐക്കും ആയിരത്തിലേറെ വോട്ടുകളുടെ കുറവുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.