കാക്കനാട്: ലോക്സഭ തെരഞ്ഞെടുപ്പിൽ തൃക്കാക്കര നിയോജക മണ്ഡലത്തിൽനിന്ന് 30,000 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇത്തവണ യു.ഡി.എഫ് പ്രതീക്ഷിക്കുന്നത്. 2019ൽ ഹൈബി ഈഡന് മണ്ഡലത്തിൽ 32,000 വോട്ടിന്റെ ലീഡുണ്ടായിരുന്നു. 2021ൽ പി.ടി. തോമസ് നിയമസഭയിലേക്ക് മത്സരിച്ചപ്പോൾ ഇത് 14,000 ആയി കുറഞ്ഞു. പിന്നീട് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഉമ തോമസ് 25,000 വോട്ടിനാണ് വിജയിച്ചത്.
തൃക്കാക്കര മണ്ഡലത്തിലെ ഏതാണ്ട് എല്ലാ പ്രദേശങ്ങളും യു.ഡി.എഫ് അനുകൂല മേഖലകളായാണ് കണക്കാക്കപ്പെടുന്നത്. ജില്ലയിൽ പൂർണമായി നഗരസ്വഭാവമുള്ള ഏക നിയമസഭ മണ്ഡലമാണ് തൃക്കാക്കര. മറ്റ് 13 മണ്ഡലത്തിലും പഞ്ചായത്തുകൾ ഉൾപ്പെടുമ്പോൾ തൃക്കാക്കരയിൽ നഗരസഭകൾ മാത്രമേയുള്ളു. തൃക്കാക്കര നഗരസഭ പൂർണമായും കൊച്ചി നഗരസഭയുടെ 22 ഡിവിഷനുകളുമാണ് മണ്ഡലത്തിൽ ഉൾപ്പെടുന്നത്.
തൃക്കാക്കര, വെണ്ണല, ഇടപ്പള്ളി, തമ്മനം, കടവന്ത്ര, വൈറ്റില, പനമ്പിള്ളി നഗൾ, ഗാന്ധിനഗർ, കറുകപ്പിള്ളി മേഖലകളാണ് പ്രധാന പ്രദേശങ്ങൾ. ഇവിടങ്ങളിലെല്ലാം മുൻ തെരഞ്ഞെടുപ്പുകളിൽ യു.ഡി.എഫ് മേധാവിത്വം പുലർത്തിയിരുന്നു.
2011ലെ നിയമസഭ, 2014ലെ ലോക്സഭ തെരഞ്ഞെടുപ്പുകളിൽ വൻ ഭൂരിപക്ഷം കിട്ടിയതോടെ തൃക്കാക്കര മണ്ഡലത്തെയും യു.ഡി.എഫ് സ്വന്തം കോട്ടകളുടെ പട്ടികയിലാണ് ഉൾപെടുത്തിയിരിക്കുന്നത്. 2016ൽ പി.ടി. തോമസിനെയാണ് മണ്ഡലം നിലനിർത്താൻ കോൺഗ്രസ് നിയോഗിച്ചത്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിലും മണ്ഡലം യു.ഡി.എഫിനൊപ്പം ഉറച്ചുനിന്നു.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ തൃക്കാക്കര നഗരസഭ ഭരണവും യു.ഡി.എഫ് നേടി. 2021ൽ എൽ.ഡി.എഫ് സ്വതന്ത്രൻ സ്ഥാനാർഥി ഡോ. ജെ. ജേക്കബിനെ 14,329 വോട്ടിന് പരാജയപ്പെടുത്തിയാണ് പി.ടി. തോമസ് വിജയിച്ചത്.
കുടിവെള്ളമാണ് മണ്ഡലത്തിലെ അടിസ്ഥാന പ്രശ്നം. തൃക്കാക്കര നഗരസഭ പ്രദേശത്തും കൊച്ചി നഗരസഭയിൽ ഉൾപ്പെടുന്ന പ്രദേശത്തും കുടിവെള്ളം പല മേഖലകളിലും കിട്ടാക്കനിയാണ്. പൈപ്പ് വെള്ളത്തെ ആശ്രയിച്ച് ജീവിക്കുന്ന കുടുംബങ്ങളാണ് ഈ മേഖലകളിൽ കൂടുതലും. വേനൽ കടുത്തതോടെ പമ്പിങ് കുറഞ്ഞു. രാഷ്ട്രീയമായി എൽ.ഡി.എഫിനും യു.ഡി.എഫിനും ഇത് തിരിച്ചടിയാണ്.
തൃക്കാക്കര നിയമസഭ മണ്ഡലത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും ഉൾപ്പെടുന്ന കൊച്ചിൻ കോർപറേഷൻ ഭരിക്കുന്നത് എൽ.ഡി.എഫാണ്. അവരുടെ പിടിപ്പുകേടാണ് ജലക്ഷാമത്തിന് കാരണമെന്ന് യു.ഡി.എഫ് ആരോപിക്കുന്നു. ഉമ തോമസ് എം.എൽ.എ ശ്രദ്ധ ചെലുത്താത്തതാണ് കുടിവെള്ള ക്ഷാമത്തിന് കാരണമെന്നാണ് എൽ.ഡി.എഫ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.