തിരുവനന്തപുരം: പ്രതിസന്ധികൾ മറികടക്കാനുള്ള ആത്മവിശ്വാസമാണ് അടൂർ പ്രകാശിന്റെ കരുത്ത്. തെരഞ്ഞെ ടുപ്പുകളിൽ അത് വിജയമാകും, സംഘടനാതലങ്ങളിൽ യോജിപ്പിന്റെ പ്രകാശം പരക്കും. സംഘാടനത്തിലെ മികവും തെരഞ്ഞെടുപ്പുകളിൽ എന്നും വിജയക്കൊടി പാറിച്ച പാരമ്പര്യവുമുള്ള നേതാവിന് ഇനി കേരളത്തിൽ ഐക്യജനാധിപത്യമുന്നണിയെ നയിക്കാനുള്ള നിയോഗം.
സി.പി.എമ്മിന്റെ ശക്തി കേന്ദ്രമായിരുന്ന ആറ്റിങ്ങലിൽ നിന്ന് രണ്ടുവട്ടം തുടർച്ചയായി പാർലമെന്റിലെത്തിയ മികവുമായാണ് മുന്നണി കൺവീനറെന്ന പ്രധാന ചുമതലയിലേക്ക് അടൂർ പ്രകാശ് എത്തുന്നത്. കെ. സുധാകരനെ കെ.പി.സി.സി അധ്യക്ഷ പദവിയിൽനിന്ന് മാറ്റുന്ന ഘട്ടത്തിൽ പകരക്കാരായി പരിഗണിക്കുന്നവരുടെ പട്ടികയിൽ ഇടം നേടിയിരുന്ന അടൂർ പ്രകാശ് അപ്രതീക്ഷിതമായി യു.ഡി.എഫ് കൺവീനറുടെ ചുമതലയിലേക്ക് നിയോഗിക്കപ്പെടുകയായിരുന്നു.
എതിർചേരിയിലുള്ളവർ പോലും അംഗീകരിക്കുന്ന ‘മാനേജ്മെന്റ്’ മികവാണ് അടൂർ പ്രകാശിനെ എപ്പോഴും പ്രധാന പദവികളിലേക്ക് എത്തിച്ചിട്ടുള്ളത്. ദീർഘകാലം എം.എൽ.എആയും പിന്നീട് മന്ത്രിയായുമൊക്കെ പ്രവർത്തന മികവ് കാട്ടിയ നേതാവിനെ നിർണയാകമായ രാഷ്ടീയ കാലാവസ്ഥയിൽ മുന്നണിയുടെ അമരത്തേക്ക് എ.ഐ.സി.സി നിയോഗിച്ചതും വ്യക്തമായ ലക്ഷ്യങ്ങളോടെയാണ്.
തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകൾ യു.ഡി.എഫിനെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണ്. തെരഞ്ഞെടുപ്പ് തന്ത്രങ്ങളിൽ പ്രാവീണ്യമുള്ള അടൂർ പ്രകാശിന് മുന്നണി കൺവീനറെന്നന്ന നിലയിൽ കാര്യക്ഷമമായി പ്രവർത്തിക്കാനാവുമെന്ന് പാർട്ടി നേതൃത്വം കണക്കുകൂട്ടുന്നു.
ആറ്റിങ്ങലിൽ ആദ്യം എ. സമ്പത്തിനേയും പിന്നീട് സി.പി.എം ജില്ല സെക്രട്ടറിയും എം.എൽ.എയുമായിരിക്കെ മത്സരിക്കാനെത്തിയ വി.ജോയിയേയും പരാജയപ്പെടുത്തിയത് അടൂർ പ്രകാശിന് പാർട്ടിയുടെ നേതൃതതലത്തിൽ സ്വീകാര്യത കൂട്ടി. ഏറെക്കാലം എം.എൽ.എയായും തുടർന്ന് എം.പിയായും നിയമനിർമാണസഭയിലും ജനങ്ങൾക്കിടയിലും പുറത്തും അനുഭവ സമ്പത്തുള്ള നേതാവെന്ന പരിഗണനയും അടൂർ പ്രകാശിന് ലഭിച്ചു. ഇതിനെല്ലാം പുറമേ മുഖ്യ ചുമതകളിലേക്ക് പരിഗണിക്കപ്പെടുന്ന ജാതിസമവാക്യവും ഈഴവ സമുദായംഗമായ പ്രകാശിന്റെ പുതിയ പദവിക്ക് വഴിതുറന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.