കോഴിക്കോട് ബീച്ചിലെ സംഗീതപരിപാടിക്കി​ടെ സംഘർഷം; പൊലീസ്​ ലാത്തി വീശി, 63 പേർക്ക്​ പരിക്ക്

കോഴിക്കോട്​: ബീച്ചിലെ സംഗീത പരിപാടിക്കി​ടെയുണ്ടായ സംഘർഷത്തിൽ 63 പേർക്ക്​ പരിക്കേറ്റു. വിദ്യാർഥികളും അധ്യാപകരും ഉൾപ്പെടെ 58 പേർക്കും അഞ്ച്​ പൊലീസുകാർക്കുമാണ് പരിക്ക്​​. ഇവരെ ബീച്ച്​ ആശുപത്രിയിലും മറ്റു സമീപ ആശുപത്രികളിലും പ്രവേശിപ്പിച്ചു.


ഞായറാഴ്ച രാത്രി ഏഴ്​ മണിയോടെയാണ്​ സംഭവം. ജെ.ഡി.ടി ഇസ്​ലാം കോളജ് ഓഫ് ആർട്സ് ആൻഡ്‌ സയൻസ് സ്റ്റുഡന്‍റ്​സ് പാലിയേറ്റിവ് കെയർ കോഴിക്കോട്‌ ബീച്ചിൽ സംഘടിപ്പിച്ച സംഗീത പരിപാടിക്കിടെയാണ്​ സംഘർഷമുണ്ടായത്​. പ്രതീക്ഷിച്ചതിലേറെ ജനക്കൂട്ടമാണ്​ പരിപാടിക്കെത്തിയത്​. പ്രവേശനം കിട്ടാത്തതിനെ തുടർന്ന്​ പ്രകോപിതരായ ആൾക്കൂട്ടമാണ്​ അക്രമം അഴിച്ചുവിട്ടത്​. ആൾക്കൂട്ടം പൊലീസിന്​​ നേരെയും ആക്രമണം നടത്തിയതോടെ പൊലീസ്‌ ലാത്തി വീശി. ബാരിക്കേട്​ തകർന്നുവീണും ചിലർക്ക്​ പരിക്കേറ്റു.


ബീച്ചിൽ പ്രത്യേകം വേദി സജ്ജമാക്കിയായിരുന്നു പരിപാടി. വൈകീട്ട്‌ ആറോടെ തന്നെ വേദി നിറഞ്ഞു. തുടർന്ന്‌ സംഘാടകർ പ്രവേശന കവാടം അടച്ചു. ഇതോടെ പ്രതിഷേധം തുടങ്ങി. ജനക്കൂട്ടം വേദിയിലേക്ക്‌ പൂഴിയും കാലിക്കുപ്പികളും വലിച്ചെറിഞ്ഞു. വിവരമറിഞ്ഞ്‌ പൊലീസ്‌ എത്തിയെങ്കിലും പ്രതിഷേധക്കാർ മടങ്ങിയില്ല. പൊലീസിനു നേരെയും അതിക്രമമുണ്ടായി. പൊലീസ്‌ ലാത്തി വീശിയതോടെ ആൾക്കൂട്ടം ചിതറിയോടി. ഇതോടെ തിക്കിലും തിരക്കിലും നിരവധി പേർക്ക്‌ പരിക്കേറ്റു.

നിർധന രോഗികൾക്ക് ആധുനിക സൗകര്യങ്ങളുള്ള മെഡിക്കൽ ക്യാരവന്‌ ഫണ്ട് സ്വരൂപിക്കാൻ ലക്ഷ്യമിട്ടായിരുന്നു പരിപാടി. എല്ലാ ദിവസവും വൈകീട്ട്‌ സംഗീത പരിപാടി അരങ്ങേറിയിരുന്നു. വിദ്യാർഥികൾ വഴി മുൻകൂട്ടി ടിക്കറ്റ്‌ വിറ്റഴിച്ചിരുന്നു. മൂന്ന്​ ദിവസം നീണ്ട പരിപാടിയുടെ സമാപനമായിരുന്നു ഞായറാഴ്ച.

Tags:    
News Summary - Accident during concert at Kozhikode beach; Around 30 people were injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.