ജനങ്ങളെ വലച്ച് എസ്.എഫ്.ഐയുടെ ഓണാഘോഷം

തിരുവനന്തപുരം: തലസ്ഥാനത്ത് ജനത്തെ വലച്ച് എസ്.എഫ്.ഐയുടെ ഓണാഘോഷം. ആഘോഷത്തിമിര്‍പ്പില്‍ ആംബുലന്‍സും കെ.എസ്.ആര്‍.ടി.സി ബസുകളുമടക്കം കുടുങ്ങിയത് മണിക്കൂറുകള്‍. വ്യാഴാഴ്ച ഉച്ചയോടെയാണ് യൂനിവേഴ്സിറ്റി കോളജില്‍നിന്ന് വിദ്യാര്‍ഥികള്‍ വാദ്യമേളങ്ങളും ഡാന്‍സുമായി റോഡിലിറങ്ങിയത്. എസ.എഫ്.ഐയുടെ കൊടി പിടിച്ച് ഇറങ്ങിയ വിദ്യാര്‍ഥികളോട് ഗതാഗതം തടയരുതെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല.

ഇതോടെ ആംബുലന്‍സുകളുള്‍പ്പെടെയുള്ള ഗതാഗതം തടസ്സപ്പെടുത്തിയ വിദ്യാര്‍ഥികള്‍ക്കെതിരെ കന്‍േറാണ്‍മെന്‍റ് പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 1000 പേര്‍ക്കെതിരെയാണ് കേസ്. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയില്‍ ഓണാഘോഷപരിപാടികള്‍ നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കെയാണ് എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ നഗരത്തെ കുരുക്കിയുള്ള ഓണാഘോഷം.

രാവിലെ കോളജ് കാമ്പസില്‍ തുടങ്ങിയ ആഘാഷം ഉച്ചക്ക് 12ഓടെയാണ് റോഡിലേക്ക് ഇറങ്ങിയത്. പെണ്‍കുട്ടികളടക്കമുള്ളവര്‍ റോഡില്‍ ഡാന്‍സും പാട്ടും ആരംഭിച്ചതോടെ എം.ജി റോഡില്‍ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. ഘോഷയാത്രക്ക് അനുമതി വാങ്ങുകയോ പൊലീസിനെ അറിയിക്കുകയോ ചെയ്തിരുന്നില്ല.ചൊവ്വാഴ്ച കേരള യൂനിവേഴ്സിറ്റി യൂനിയന്‍െറ നേതൃത്വത്തില്‍ കനകക്കുന്നില്‍ നടന്ന പരിപാടിയിലും അനുമതിയില്ലാതെയാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഘോഷയാത്ര നടത്തിയത്. രണ്ടുമണിക്കൂര്‍ കഴിഞ്ഞാണ് ഗതാഗതം പുന$സ്ഥാപിക്കാന്‍ കഴിഞ്ഞത്. ബുധനാഴ്ച സംസ്കൃത കോളജിലും ഒരുമണിക്കൂറോളം വിദ്യാര്‍ഥികള്‍ റോഡ് കൈയേറി ഓണപ്പരിപാടികള്‍ നടത്തിയിരുന്നു. ഈ രണ്ട് സംഭവത്തിലും ആര്‍ക്കെതിരെയും കേസെടുത്തിരുന്നില്ല.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.