ബന്ധു നിയമനം: സി.പി.എം തിരുത്തിന്

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ സംഘടനാപരമായും ഭരണപരമായും തിരുത്തല്‍ നടപടിക്ക് ഒരുങ്ങി സി.പി.എമ്മും സര്‍ക്കാറും. വിവാദ നിയമന വിഷയം പരിഗണിക്കാനുള്ള നിര്‍ണായക സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് വെള്ളിയാഴ്ച ചേരും. കര്‍ശന നടപടി ഉണ്ടാവുമെന്ന സൂചന കേന്ദ്ര നേതൃത്വത്തില്‍നിന്നുണ്ടാവുമ്പോഴും കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ മന്ത്രി ഇ.പി. ജയരാജന് എതിരായ തിരുത്തല്‍ നടപടി സംസ്ഥാനത്ത് ഏതറ്റം വരെ പോവുമെന്നതാവും ശ്രദ്ധേയം. മന്ത്രിയുടെ രാജി സാധ്യത സംബന്ധിച്ച് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ സി.പി.എം സംസ്ഥാന നേതൃത്വം തള്ളുമ്പോഴും വിഷയം ഗൗരവമുള്ളതാണെന്ന് അവര്‍ സമ്മതിക്കുന്നു. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടെ കേന്ദ്ര നേതൃത്വത്തിലെ ഒരു വിഭാഗത്തിന്‍െറ നിലപാടിലെ ആര്‍ജവവും കാഠിന്യവുമാവും തിരുത്തല്‍ നടപടി ജയരാജനിലേക്ക് നീളുമോയെന്ന് തീരുമാനിക്കുക. വ്യവസായ വകുപ്പ് ജയരാജനില്‍നിന്ന് എടുത്തുമാറ്റുന്നതാവും പരമാവധി എടുക്കുന്ന നടപടിയെന്നാണ് സൂചന.

വ്യവസായ വകുപ്പിന് കീഴിലെ 17 പൊതുമേഖലാ സ്ഥാപനങ്ങളില്‍ റിയാബ് വഴി തയാറാക്കിയ നിയമനപട്ടിക ജയരാജന്‍ വെള്ളിയാഴ്ചത്തെ സെക്രട്ടേറിയറ്റിന് മുന്നില്‍ വെക്കും. സംസ്ഥാന സെക്രട്ടേറിയറ്റില്‍ രണ്ട് തലത്തിലാവും വിഷയം പരിഗണിക്കുക. ഭരണതലത്തില്‍ വീഴ്ച ഉണ്ടായിട്ടുണ്ടോ, രാഷ്ട്രീയ-സംഘടനാപരമായ ചട്ടലംഘനം ഉണ്ടായിട്ടുണ്ടോ എന്നാവും പരിശോധിക്കുക. ഇതില്‍ ഭരണതലത്തില്‍ വീഴ്ച ഉണ്ടായത് പരിശോധിച്ച് നടപടി എടുക്കാന്‍ സര്‍ക്കാറിനെ ചുമതലപ്പെടുത്തും. രാഷ്ട്രീയ-സംഘടനാപരമായ വീഴ്ചകള്‍ പരിശോധിച്ച് തിരുത്തല്‍ വരുത്തും. സ്വജനപക്ഷപാതിത്വവും നടപടിക്രമം പാലിക്കാത്തതുമായവയില്‍ മാറ്റം ഉണ്ടാവും. ജാഗ്രത ക്കുറവുണ്ടായോ എന്നതടക്കമാവും സംഘടനാപരമായി പരിശോധിക്കുക. 17ന് സഭ വീണ്ടും ചേരാനിരിക്കെ, സെക്രട്ടേറിയറ്റ് യോഗ തീരുമാനങ്ങള്‍ വിശദമാക്കി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളെ കാണാനും സാധ്യതയുണ്ട്. യു.ഡി.എഫ് ഉയര്‍ത്തുന്ന രാഷ്ട്രീയ ആക്രമണങ്ങളെ പ്രതിരോധിക്കണമെന്ന അഭിപ്രായവും നേതൃത്വത്തിനുണ്ട്.

ബുധനാഴ്ച തലസ്ഥാനത്ത് എത്തിയ ജയരാജന്‍ സി.പി.എം അവൈലബ്ള്‍ സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുത്തു. കോടിയേരി, ബേബിജോണ്‍, എം.വി. ഗോവിന്ദന്‍ അടക്കമുള്ള നേതാക്കള്‍ പങ്കെടുത്തു. നിയമന വിവാദം വെള്ളിയാഴ്ച പരിഗണിക്കാനിരിക്കെ കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകം ഉള്‍പ്പെടെയാണ് ചര്‍ച്ച ചെയ്തത്. ജയരാജനെ സംസ്ഥാന സെക്രട്ടറി വിളിച്ച് വരുത്തുകയായിരുന്നു. പിന്നീട് കോടിയേരിയുമായി ജയരാജന്‍ രണ്ട് തവണ കൂടിക്കാഴ്ചയും നടത്തി. മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയാറായില്ല. അതിനിടെ, പി.കെ. ശ്രീമതിയുടെ മകന്‍ സുധീര്‍ നമ്പ്യാരുടെ നിയമനം റദ്ദാക്കിയതിനു പിന്നാലെ ഇ.പി. ജയരാജന്‍െറ സഹോദരന്‍െറ മകന്‍െറ ഭാര്യ ദീപ്തി നിഷാദ് വിവാദ സ്ഥാനം ഒഴിഞ്ഞു. കണ്ണൂര്‍ ക്ളേ ആന്‍ഡ് സെറാമിക്സ് ജനറല്‍ മാനേജര്‍ സ്ഥാനമാണ് രാജിവെച്ചത്. ആനത്തലവട്ടം ആനന്ദന്‍െറ മകന്‍റ നിയമനം, ഹൈകോടതിയില്‍ അടക്കം അഭിഭാഷകരായി നേതാക്കളുടെ ബന്ധുക്കളെ നിയമിച്ചത് ഉള്‍പ്പെടെയാണ് പരാതി നിലനില്‍ക്കുന്നത്. ഇവയില്‍ യോഗ്യതയുള്ള നിയമനങ്ങള്‍ സി.പി.എമ്മുമായി ബന്ധമുള്ളവരുടേതാണെങ്കിലും നടപടി എടുക്കേണ്ടതില്ളെന്നാണ് നേതൃത്വത്തിലെ അഭിപ്രായം.

അതേസമയം, വിജിലന്‍സ് എടുക്കുന്ന നിലപാടും നിര്‍ണായകമാണ്. ത്വരിത പരിശോധനയില്‍ ആരോപണം തെളിയുകയും കേസെടുക്കുകയും ചെയ്താല്‍ ജയരാജന് രാജിയല്ലാതെ മാര്‍ഗം ഉണ്ടാവില്ല. അന്വേഷണം നേരിടുന്ന ആള്‍ മന്ത്രിയായി തുടരുന്നത് അതിനെ പ്രതികൂലമായി ബാധിക്കുമെന്ന നിലപാടാണ് കെ. ബാബുവിന്‍െറയും കെ.എം. മാണിയുടെയും കാര്യത്തില്‍ സി.പി.എം സ്വീകരിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.