ചെങ്ങറ സമരക്കാര്‍ ചേരിതിരിഞ്ഞു; ളാഹ ഗോപാലനെ പുറത്താക്കി

പത്തനംതിട്ട: ചെങ്ങറ ഭൂസമരക്കാര്‍ക്കിടയില്‍ ഭിന്നത രൂക്ഷം. സംസ്ഥാനത്തെ ഭൂസമരങ്ങളുടെ ചരിത്രത്തില്‍ മാതൃകയായി മാറിയ ചെങ്ങറ സമരക്കാര്‍ ഇപ്പോള്‍ ചേരിതിരിഞ്ഞു പോരടിക്കുന്ന നിലയിലത്തെി. സമരനായകനായ ളാഹ ഗോപാലനെതിരെ ഒരു വിഭാഗം രംഗത്തത്തെിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്. സമര സംഘടനയായ സാധുജന വിമോചന സംയുക്ത വേദിയുടെ പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് ളാഹ ഗോപാലനെ നീക്കി.

ളാഹ ഗോപാലന്‍െറ ആശയങ്ങളോട് സമരത്തിന്‍െറ തുടക്കം മുതല്‍ ഒരുവിഭാഗം യോജിച്ചിരുന്നില്ല. വിവിധ ദലിത് സംഘടനകളുടെ കൂട്ടായ്മയായിരുന്നു സാധുജന വിമോചന സംയുക്ത വേദി. എല്ലാവരെയും കൂട്ടിയിണക്കി സമരം നയിക്കുന്നതില്‍ ളാഹ ഗോപാലന്‍ പരാജയപ്പെട്ടിരുന്നു. ഇതര സംഘടനക്കാരെ എല്ലാം ഒഴിവാക്കി തന്‍െറ ആജ്ഞാനുവര്‍ത്തികളായവരെ മാത്രം ഉള്‍പ്പെടുത്തിയാണ് ളാഹ ഗോപാലന്‍ സാധുജന വിമോചന സംയുക്ത വേദിയുമായി മുന്നോട്ട് നീങ്ങിയിരുന്നത്. സംഘടന വിടുന്നവരെ ശാരീരികമായി ആക്രമിക്കുന്നതും നിരന്തരം പരാതികള്‍ക്കിടയാക്കിയിരുന്നു. തന്‍െറ ഇംഗിതങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെ എല്ലാം സമരഭൂമിയില്‍നിന്ന് ഇറക്കി വിട്ടിരുന്നു. ഇതിനിടെ ഒരുവര്‍ഷം മുമ്പ് ളാഹ ഗോപാലന്‍ ഹൃദ്രോഗ ബാധിതനായതോടെ സംഘടനാകാര്യങ്ങളില്‍ ശ്രദ്ധിക്കാനായിരുന്നില്ല. ഈ സമയം അവസരമാക്കി സാധുജന വിമോചന സംയുക്ത വേദിയുടെ ഭാരവാഹിത്വം ഗോപാലന്‍ വിരുദ്ധര്‍ കൈയടക്കി.

സംഘടനയുടെ ഭാരവാഹിത്വം പുതുതായി ഏറ്റെടുത്തവര്‍ ളാഹ ഗോപാലന്‍ സമര ഭൂമിയിലത്തെുന്നത് വിലക്കിയതായി പറയപ്പെടുന്നു. ഇതോടെ ഗോപാലന്‍ ചെങ്ങറ സമരത്തില്‍നിന്ന് പുറത്തായ നിലയിലാണ്. താനിനി ചെങ്ങറയിലേക്കില്ളെന്ന് ഗോപാലന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. സമരഭൂമി ഹാരിസണ്‍സ് മലയാളം കമ്പനിയുടെ പിണിയാളുകളായ ഒരുവിഭാഗം കൈയടക്കിയിരിക്കുകയാണ്. സമരസമിതിയില്‍ ഭിന്നിപ്പുണ്ടാക്കുക കമ്പനിയുടെ ആവശ്യമായിരുന്നു. അത് അവര്‍ സാധിച്ചെടുത്തു വെന്നും ഗോപാലന്‍ പറഞ്ഞു.

2007 ആഗസ്റ്റ് നാലിനാണ് രണ്ടായിരത്തിലേറെ കുടുംബങ്ങള്‍ ഹാരിസണ്‍സ് മലയാളം പ്ളാന്‍േറഷന്‍സിന്‍െറ കുമ്പഴ എസ്റ്റേറിലെ ചെങ്ങറ തോട്ടത്തില്‍ കുടില്‍കെട്ടി സമരം തുടങ്ങിയത്. ഗോപാലനോട് പിണങ്ങി വലിയൊരു വിഭാഗം ആള്‍ക്കാര്‍ പലപ്പോഴായി സമരഭൂമിയില്‍നിന്ന് വിട്ടുപോയിരുന്നു. ഇപ്പോള്‍ അഞ്ഞൂറില്‍ താഴെ കുടുംബങ്ങള്‍ മാത്രമാണ് സമരഭൂമിയിലുള്ളത്. 2010ല്‍ സമരഭൂമിയില്‍ സര്‍ക്കാര്‍ നടത്തിയ സര്‍വേയില്‍ 1495 കുടുംബങ്ങള്‍ ഭൂമിക്ക് അര്‍ഹരാണെന്ന് കണ്ടത്തെിയിരുന്നു. ഇവര്‍ക്ക് പട്ടയം നല്‍കിയ സര്‍ക്കാര്‍ നീക്കത്തെയും ഗോപാലന്‍ എതിര്‍ത്തു. പട്ടയം ആരും കൈപ്പറ്റരുതെന്ന് ഗോപാലന്‍ ആവശ്യപ്പെട്ടിരുന്നു. അത് ലംഘിച്ച് പട്ടയം കൈപ്പറ്റിയവരെയെല്ലാം സമരഭൂമിയില്‍നിന്ന് ഇറക്കി വിട്ടു. പട്ടയഭൂമി വാസയോഗ്യമല്ളെന്ന് വന്നതോടെ പട്ടയം കൈപ്പറ്റിയവര്‍ക്ക് സമരഭൂമിയില്‍ തിരികെ പ്രവേശിക്കാനും കഴിഞ്ഞിരുന്നില്ല. 1495 കുടുംബങ്ങള്‍ക്ക് ഒമ്പതു ജില്ലകളിലായി 831 ഏക്കര്‍ ഭൂമി നല്‍കാന്‍ 2010 സെപ്റ്റംബറില്‍ എല്‍.ഡി.എഫ് സര്‍ക്കാറാണ് തീരുമാനിച്ചത്. 27 പട്ടിക വര്‍ഗം കുടുംബങ്ങള്‍ക്ക് ഒരേക്കര്‍, 832 പട്ടിക ജാതിക്കാര്‍ക്ക് അരയേക്കര്‍, ബാക്കി 573 കുടുംബങ്ങള്‍ക്ക് 25 സെന്‍റ് വീതം എന്ന കണക്കിനാണ് ഭൂമി അനുവദിച്ചത്. 2010 ആഗസ്റ്റ് മൂന്നിനാണ് പത്തനംതിട്ടയില്‍ പട്ടയ വിതരണം നടന്നത്. ചടങ്ങില്‍ ളാഹ ഗോപാലന്‍ പങ്കെടുത്തിരുന്നില്ല. പട്ടയം കൈപ്പറ്റിയവരെ പുറത്താക്കിയ ശേഷം  750ഓളം കുടുംബങ്ങള്‍ സമരഭൂമിയില്‍ അവശേഷിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.