ഭൂരിപക്ഷത്തിന്‍െറ ഓര്‍മക്ക് ജയിംസ് മാത്യു 40,617 വൃക്ഷത്തൈകള്‍ നടുന്നു

തളിപ്പറമ്പ് (കണ്ണൂര്‍): വന്‍ഭൂരിപക്ഷത്തിന്‍െറ ഓര്‍മക്കായി തളിപ്പറമ്പ് മണ്ഡലം ഹരിതാഭമാക്കുമെന്ന് നിയുക്ത എം.എല്‍.എ ജയിംസ് മാത്യു. പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് 40,617 വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചതിന്‍െറയും 40,617 വോട്ടിന്‍െറ ഭൂരിപക്ഷത്തിന്‍െറയും ഓര്‍മക്കായാണ് ഇത്രയും വൃക്ഷത്തെകള്‍ നടുന്നത്. സോഷ്യല്‍ ഫോറസ്ട്രി വിഭാഗവുമായി സഹകരിച്ച്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേനയാണ് ഇത് നടപ്പാക്കുക.
തളിപ്പറമ്പില്‍ കഴിഞ്ഞ അഞ്ചുവര്‍ഷം ഭരണ-പ്രതിപക്ഷ കക്ഷികളുടെ സഹകരണത്തോടെ നടപ്പാക്കിയ വികസന പ്രവര്‍ത്തനവും ജനകീയ കൂട്ടായ്മയും തുടരും. യു.ഡി.എഫിലെ നേതാക്കളടക്കം ഈ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെ സഹായിച്ചിട്ടുണ്ട്. ‘ആശ്രയ’ പദ്ധതിയില്‍ ഉള്‍പ്പെട്ട കുടുംബങ്ങളിലെ രോഗികളായ അംഗങ്ങള്‍ക്ക് മരുന്ന് പ്രത്യേകമായി ലഭ്യമാക്കുന്ന പരിപാടിക്ക് പ്രഥമ പരിഗണന നല്‍കും.
തളിപ്പറമ്പ് താലൂക്ക് ഓഫിസ്, റജിസ്ട്രാര്‍ ഓഫിസ് എന്നിവക്ക് പുതിയ കെട്ടിടം നിര്‍മിക്കാന്‍ മുന്‍കൈയെടുക്കും. നിലവിലെ ഈ കെട്ടിടങ്ങള്‍ സംരക്ഷിച്ച് ജനോപകാരപ്രദമാക്കുമെന്നും ജയിംസ് മാത്യു കൂട്ടിച്ചേര്‍ത്തു.
 സി.പി.എം നേതാവ് ടി.കെ. ഗോവിന്ദന്‍, സി.പി.ഐ നേതാവ് വേലിക്കാത്ത് രാഘവന്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.