നാളികേര വിലത്തകര്‍ച്ച: പിന്നില്‍ ഉത്തരേന്ത്യന്‍ ലോബിയെന്ന്

വടകര: നാളികേരത്തിന് നാളിതുവരെ കാണാത്ത വിലത്തകര്‍ച്ച. ഇതോടെ, നാളികേര കര്‍ഷകരുടെയും അനുബന്ധ തൊഴിലാളികളുടെയും ജീവിതം ദുരിതത്തിലായി. ഇത്തരമൊരു അവസ്ഥക്ക് വിവിധകാരണങ്ങളാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. ഉത്തരേന്ത്യന്‍ ലോബിയുടെ ഇടപെടലാണ് കേരള മാര്‍ക്കറ്റില്‍ ഇടിവുണ്ടാക്കിയതെന്നാണ് പ്രധാന ആക്ഷേപം. ഒരാഴ്ചമുമ്പ് ക്വിന്‍റലിന് 8500 രൂപ വിലയുണ്ടായിരുന്ന ഉണ്ടത്തേങ്ങക്കിപ്പോള്‍ 6500 രൂപയാണ് വില. ഇതിനെക്കാള്‍ നിലവാരം കുറഞ്ഞ ഉണ്ടത്തേങ്ങയുള്ള കര്‍ണാടകയില്‍ 7500 ആണ് വില. സംസ്ഥാനത്തെ കയറ്റുമതിക്കാരും ഉന്തരേന്ത്യയിലെ വന്‍കിട കച്ചവടക്കാരുമായുള്ള ഒത്തുകളിയാണ് പ്രതിസന്ധി സൃഷ്ടിക്കുന്നതെന്ന് പറയുന്നു.
ഉല്‍പാദനത്തില്‍ കുറവുണ്ടെങ്കിലും ഗുണനിലവാരത്തിന്‍െറ കാര്യത്തിന്‍െറ സംസ്ഥാനത്തെ തേങ്ങയെ അതിജയിക്കാന്‍ മറ്റുള്ളവര്‍ക്ക് കഴിഞ്ഞിട്ടില്ല. എന്നാല്‍, ചില ഒത്തുകളിയിലൂടെ വിലവര്‍ധിപ്പിച്ച് നിലവാരം സൃഷ്ടിക്കുകയാണെന്നാണ് പരാതി. 24,000 രൂപവരെയുണ്ടായിരുന്ന കൊപ്ര രാജാപൂറിന് 7750 ആണിപ്പോള്‍ വില. 35 രൂപയുണ്ടായിരുന്ന പച്ചത്തേങ്ങക്കിപ്പോള്‍ കിലോക്ക് 15 രൂപ മാത്രം.
മോദി അധികാരത്തില്‍ വന്നശേഷം ഇന്തോനേഷ്യയില്‍നിന്ന് വന്‍തോതില്‍ വെളിച്ചെണ്ണ ഇറക്കുമതി നടക്കുകയാണ്. ഇതോടെ, ഉത്തരേന്ത്യന്‍ വിപണിയില്‍ കേരള വെളിച്ചെണ്ണക്കും മില്‍കൊപ്രക്കും ആവശ്യക്കാര്‍ കുറഞ്ഞു. കയറ്റിയയക്കുന്ന ഭക്ഷണാവശ്യത്തിന് ഉപയോഗിക്കുന്ന തേങ്ങക്കും വിപണിയില്ലാതായി. 15 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഇത്തരം തേങ്ങക്ക് ഇതരസംസ്ഥാന വിപണിയില്‍ ഇടമില്ലാതാകുന്നത്. വലിയതോതിലുള്ള ഉല്‍പാദനമാണ് തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നടക്കുന്നത്. കേരളത്തില്‍ രണ്ടു സ്വകാര്യ കമ്പനികളും സര്‍ക്കാറിന്‍െറ കേരഫെഡുമാണ് തേങ്ങ പ്രാദേശികമായി വാങ്ങിക്കൂട്ടിയിരുന്നത്. ഇത്തരം സ്ഥാപനങ്ങള്‍ കേരളത്തിലെ കര്‍ഷകരില്‍നിന്ന് തേങ്ങ വാങ്ങുന്നത് വളരെ കുറച്ചിരിക്കയാണ്.
ഇവരും വെളിച്ചെണ്ണക്കും മറ്റുമായി ഇതരസംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നതത്രെ. ഇതിനുപുറമെ കേരള വെളിച്ചെണ്ണയില്‍ മായം കണ്ടത്തെലും തിരിച്ചടിയായി. കേരളത്തിലെ നാളികേര ഉല്‍പാദനത്തിന്‍െറ 75 ശതമാനവും എണ്ണ ഉല്‍പാദിപ്പിക്കാനാണ് ഉപയോഗിക്കുന്നത്. നീരയും മറ്റ് അസംസ്കൃത വസ്തുക്കളുടെ ഉല്‍പാദനത്തിനും അനുമതിനല്‍കിയ പുതിയ സാഹചര്യത്തില്‍ തേങ്ങയുടെ വില വര്‍ധിക്കേണ്ടതാണ്്. എന്നാല്‍, സര്‍ക്കാര്‍നയം കാരണം ഇത്തരം ഉല്‍പന്നങ്ങള്‍ക്ക് ഇടം ലഭിക്കുന്നില്ല. ഈസാഹചര്യത്തില്‍ കര്‍ഷകര്‍ തേങ്ങവില്‍പന കുറക്കണമെന്നാണാവശ്യം. ആവശ്യത്തിന് തേങ്ങ കിട്ടാതാവുന്നതോടെ വിലവര്‍ധിപ്പിക്കാന്‍ സ്വാഭാവികമായി തയാറാവുമെന്നാണ് ഇക്കൂട്ടര്‍ പറയുന്നത്. കേരഫെഡ് നിശ്ചിത വിലവെച്ച് വാങ്ങാന്‍ തയാറായാല്‍ മറ്റു സ്വകാര്യകമ്പനികള്‍കൂടി വില വര്‍ധിപ്പിക്കേണ്ടിവരുമെന്നും അല്ലാത്തപക്ഷം കുത്തകകള്‍ സൃഷ്ടിക്കുന്ന കൃത്രിമ വിലയിടിവിന് വിപണി ഇരയാവുമെന്നും പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.