കെട്ടിട നികുതി എല്ലാ വര്‍ഷവും കൂട്ടുന്നത് പരിഗണനയില്‍ –മന്ത്രി ജലീല്‍

തിരുവനന്തപുരം: കെട്ടിട നികുതി  ഓരോ വര്‍ഷവും രണ്ടര മുതല്‍ അഞ്ചു ശതമാനം വരെ വര്‍ധിപ്പിക്കുന്നത് സര്‍ക്കാറിന്‍െറ പരിഗണനയിലാണെന്ന് തദ്ദേശ മന്ത്രി കെ.ടി. ജലീല്‍. തദ്ദേശസ്ഥാപനങ്ങളുടെ നികുതി വരുമാനം കൂട്ടുന്നതിനാണിത്. കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങള്‍ക്ക് കൂടുതല്‍ ഭാരമുണ്ടാകാതിരിക്കാനാണ് എല്ലാ വര്‍ഷവും നികുതി വര്‍ധിപ്പിക്കാന്‍ ആലോചിക്കുന്നത്. ഇപ്പോഴത്തെ വില വര്‍ധനയുമായി താരതമ്യം ചെയ്യുമ്പോള്‍ വര്‍ഷം തോറുമുള്ള നിശ്ചിത ശതമാനം കെട്ടിട നികുതി വര്‍ധന പരിമിതമാണ്. തദ്ദേശ സ്ഥാപനങ്ങളുടെ വരുമാന വര്‍ധനക്ക് കെട്ടിട (വസ്തു) നികുതി വര്‍ഷം തോറും വര്‍ധിപ്പിക്കണമെന്ന് സംസ്ഥാന ധനകാര്യ കമീഷനും ശിപാര്‍ശ നല്‍കിയിരുന്നു. 20 വര്‍ഷത്തിനുശേഷം കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍  നികുതി വര്‍ധിപ്പിച്ചെങ്കിലും  പ്രതിഷേധത്തിനൊടുവില്‍ അത് മരവിപ്പിക്കുകയായിരുന്നു. നികുതിവര്‍ധന നടപ്പാക്കണമെന്ന് ജനപ്രതിനിധികളുടെ സമ്മര്‍ദമുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ വരുമാനം വര്‍ധിപ്പിച്ചാല്‍ മാത്രമേ അവര്‍ക്ക് വായ്പ അടക്കമുള്ള സാമ്പത്തിക സഹായം നല്‍കാന്‍ വിവിധ ഏജന്‍സികള്‍ തയാറാകുകയുള്ളൂ.  ഗ്രാമ- ബ്ളോക്- ജില്ലാ പഞ്ചായത്തുകളെയും നഗരസഭകളെയും ഏകോപിപ്പിച്ച് തദ്ദേശ സ്ഥാപന കോമണ്‍ സര്‍വിസ് മൂന്നു മാസത്തിനകം ആരംഭിക്കും. തദ്ദേശ സ്ഥാപനങ്ങളെ ഭാവിയില്‍ വെട്ടിമുറിക്കാന്‍ കഴിയാത്ത വിധമാകും ഇത്.
വിവിധ വകുപ്പുകളില്‍നിന്ന് പഞ്ചായത്തുകളിലും നഗരസഭകളിലും പുനര്‍വിന്യസിച്ചവരെ മാതൃവകുപ്പുകളിലേക്ക് തിരിച്ചയക്കില്ല. ജീവനക്കാരുടെ അഭാവം പഞ്ചായത്തുകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. ജീവനക്കാരെ മാറ്റില്ളെന്ന് മുഖ്യമന്ത്രിയും ഉറപ്പുനല്‍കിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങള്‍ 30 ശതമാനം തുകയെങ്കിലും ഉല്‍പാദന മേഖലക്കായി നീക്കിവെക്കണം. നിലവില്‍ 40 ശതമാനം  നീക്കിവെക്കണമെന്നാണ് ചട്ടം.
എന്നാല്‍, ഈ തുക പശ്ചാത്തല മേഖലയിലേക്ക് വകമാറ്റുകയാണ് ചെയ്യുന്നത്.  ജനങ്ങളുടെ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കുന്നതിനൊപ്പം ഉല്‍പാദന മേഖലയിലും കൂടുതല്‍ തുക എത്തേണ്ടതുണ്ട്.
പി.എം.എ.വൈ പദ്ധതി പ്രകാരം 12000 വീടുകള്‍  നിര്‍മിച്ചുനല്‍കും. 25,000 വീടുകള്‍ നിര്‍മിക്കാനാവശ്യമായ തുക വിനിയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.