പൊലീസില്‍ രാഷ്ട്രീയ അതിപ്രസരം അനുവദിക്കില്ല –പിണറായി

തിരുവനന്തപുരം: കേരള പൊലീസില്‍ രാഷ്ട്രീയ അതിപ്രസരം അനുവദിക്കില്ളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ ഉദ്യോഗസ്ഥര്‍ക്കും മനസ്സില്‍ രാഷ്ട്രീയമുണ്ടാകും. പക്ഷേ, അതവരുടെ പ്രവര്‍ത്തനത്തില്‍ നിഴലിക്കരുത്. കക്ഷിരാഷ്ട്രീയത്തിനതീതമായ പ്രവര്‍ത്തനമാണ് സര്‍ക്കാറും ജനങ്ങളും പൊലീസില്‍നിന്ന് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷന്‍ സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. പൊലീസിന് സംഘടനാസ്വാതന്ത്ര്യം അനുവദിച്ചത് തൊഴില്‍ അവകാശങ്ങള്‍ സംരക്ഷിക്കാനും മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെക്കാനുമാണ്. എന്നാല്‍, ഇതിനുവിരുദ്ധമായ പലസംഭവങ്ങളും സേനയില്‍ നടന്നിട്ടുണ്ട്. അതുശരിയല്ളെന്ന പക്ഷക്കാരനാണ് താന്‍.

പൊലീസ് സംഘടനാപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് പ്രത്യേകസംരക്ഷണം ലഭിക്കുമെന്ന ധാരണയാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നിദാനം. ഇത്തരം ചിന്താഗതിയോട് സര്‍ക്കാര്‍ യോജിക്കില്ല. സംഘടനാപ്രവര്‍ത്തനം മാതൃകാപരമല്ളെങ്കില്‍ പ്രവര്‍ത്തനസ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന സാഹചര്യമാകും വന്നുചേരുക.


സ്ത്രീശാക്തീകരണത്തിന് വാദിക്കുമ്പോഴും സേനയില്‍ മതിയായ സ്ത്രീപ്രാതിനിധ്യം ഇല്ല. ഇക്കാര്യം സര്‍ക്കാര്‍ സജീവമായി പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍വീസില്‍നിന്ന് വിരമിച്ച അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. മണികണ്ഠന്‍നായരെ മുഖ്യമന്ത്രി ആദരിച്ചു.
അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് ടി.പി. സുമേഷ് അധ്യക്ഷത വഹിച്ചു. എല്‍.ജി. ഉദയകുമാര്‍ സ്വാഗതം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.