ജനസേവനം വൈകിക്കുന്ന ഉദ്യോഗസ്ഥ സമീപനം മാറണം –കെ.ടി. ജലീല്‍

തിരുവനന്തപുരം: ഒരുദിവസംകൊണ്ട് നടത്തിക്കൊടുക്കേണ്ട കാര്യം ഒരാഴ്ചകൊണ്ട് ചെയ്താല്‍ മതിയെന്ന ചിന്ത ഉദ്യോഗസ്ഥരില്‍ ഉണ്ടാകാന്‍ പാടില്ളെന്ന് തദ്ദേശഭരണ മന്ത്രി കെ.ടി. ജലീല്‍. അത് ഉദ്യോഗസ്ഥരെക്കുറിച്ചുള്ള ജനങ്ങളുടെ മതിപ്പ് ഇല്ലാക്കും. ഇന്ന് കേരളത്തിലിത്  സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ജനങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്ന ഉദ്യോഗസ്ഥരെമാത്രമേ സമൂഹം അംഗീകരിക്കുകയുള്ളൂ. സാങ്കേതിക സംവിധാനങ്ങളുടെ പ്രയോജനം ജനങ്ങള്‍ക്ക് ലഭ്യമായില്ളെങ്കില്‍ അതിനുവേണ്ടി ചെലവിട്ട തുകയും അധ്വാനവും നഷ്ടക്കണക്കിന്‍െറ പട്ടികയില്‍ രേഖപ്പെടുത്തേണ്ടി വരും. തദ്ദേശഭരണ വകുപ്പിന്‍െറ പദ്ധതി പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന്‍െറ ഭാഗമായി എന്‍.ഐ.സി തയാറാക്കി എന്‍ജിനീയറിങ് വിഭാഗത്തില്‍ ഏര്‍പ്പെടുത്തിയ ‘പ്രൈസ് സോഫ്റ്റ്വെയര്‍’ സംവിധനത്തിന്‍െറ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

സര്‍ക്കാര്‍ തുടര്‍ച്ചയാണ്. അതില്‍ സംവിധാനങ്ങളും ആളുകളുമാണ് മാറിവരുന്നത്. കഴിഞ്ഞ സര്‍ക്കാര്‍ ആരംഭിച്ച കാര്യങ്ങള്‍ ഈ സര്‍ക്കാര്‍ പ്രയോഗവത്കരിക്കുകയാണ്. അതില്‍ അദ്ഭുതപ്പെടാനൊന്നുമില്ല. ഈ സംവിധാനവും അതിന്‍െറ ഭാഗമാണ്. അധികാരവികേന്ദ്രീകരണം ജനാധിപത്യത്തെ കുടുതല്‍ ശക്തിപ്പെടുത്തി. രണ്ടാം ജനകീയാസൂത്രണത്തിന്‍െറ മുഖത്താണ് നാമിപ്പോള്‍ നില്‍ക്കുന്നത്.

വി.എസ്. ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. തലസ്ഥാന നഗരത്തിലെ മാലിന്യവിഷയത്തില്‍ അടിയന്തരമായി തീരുമാനം കൈക്കൊള്ളണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തദ്ദേശഭരണ സെക്രട്ടറി വി.കെ. ബേബി, ചീഫ് എന്‍ജിനീയര്‍ പി.ആര്‍. സജികുമാര്‍, സൂപ്രണ്ടിങ് എന്‍ജിനീയര്‍ സുലൈമാന്‍, എന്‍.ഐ.സി ഡയറക്ടര്‍ ടി. മോഹനദാസ് തുടങ്ങിയവര്‍ സംസാരിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.