കട്ടപ്പന പട്ടയം: സര്‍വേക്ക് ബദല്‍ മാര്‍ഗം സ്വീകരിക്കണമെന്ന് കലക്ടര്‍

തിരുവനന്തപുരം: കട്ടപ്പനയില്‍ പട്ടയം നല്‍കാന്‍ സര്‍വേക്ക് ബദല്‍ മാര്‍ഗം സ്വീകരിക്കണമെന്ന് ഇടുക്കി കലക്ടര്‍. സി.എച്ച്.ആര്‍ ഉള്‍പ്പെടുന്ന കട്ടപ്പന ടൗണ്‍ഷിപ് ഇതുവരെ റീസര്‍വേ ചെയ്തിട്ടില്ളെന്നും റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് എഴുതിയ കത്തില്‍ കലക്ടര്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ വ്യക്തിഗത കൈവശം തിരിച്ചിട്ടുള്ള റീസര്‍വേ ഫെയര്‍ലാന്‍ഡ് രജിസ്റ്റര്‍, കട്ടപ്പന ടൗണ്‍ഷിപ്പിലെ സ്ഥലങ്ങള്‍  സംബന്ധിച്ച് നിലവിലില്ല. കട്ടപ്പന ഒഴികെയുള്ള പട്ടണങ്ങളില്‍ റീസര്‍വേ ഫെയര്‍ലാന്‍ഡ് രജിസ്റ്ററുണ്ട്. ഉടുമ്പന്‍ചോല അടക്കമുള്ള പ്രദേശങ്ങളില്‍ സംയുക്തപരിശോധനക്ക് ആധാരരേഖയായി കണക്കാക്കിയത് ഫെയര്‍ലാന്‍ഡ് രജിസ്റ്ററാണ്. അതിനാല്‍ കേന്ദ്രസര്‍ക്കാര്‍ പട്ടയം നല്‍കാന്‍ അനുമതി നല്‍കിയ 1977 ജനുവരി ഒന്നിന് മുമ്പുള്ള കുടിയേറ്റം തിട്ടപ്പെടുത്താനും മാര്‍ഗമില്ല.

സര്‍വേരേഖകള്‍ പരിശോധിച്ചതില്‍ ടൗണ്‍ഷിപ്പിന്‍െറ ഗണ്യമായ ഭാഗം ആദിവാസി സെറ്റ്ല്‍മെന്‍റ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതും കട്ടപ്പന ടൗണ്‍ഷിപ്പിലെ പട്ടയവിതരണത്തിന് തടസ്സമാണെന്ന് കലക്ടര്‍ വ്യക്തമാക്കി. സി.എച്ച്.ആര്‍ പരിധിയില്‍ പുതിയ പട്ടയം അനുവദിക്കുന്നതിനും മുന്‍കൂര്‍ കേന്ദ്രാനുമതി ആവശ്യമാണ്. കേന്ദ്രാനുമതി ലഭിച്ച 20314 ഹെക്ടര്‍ സ്ഥലത്തിന്‍െറ സര്‍വേ നമ്പര്‍ തിരിച്ചുള്ള ലിസ്റ്റോ മറ്റ് രേഖകളോ ലഭ്യമല്ലാത്തതിനാല്‍ കേന്ദാനുമതി ലഭിച്ചതില്‍ ഈ പ്രദേശം ഉള്‍പ്പെട്ടോ എന്ന് തിട്ടപ്പെടുത്താനും സാധിക്കുന്നില്ല. കട്ടപ്പനയിലെ വലിയൊരു ഭാഗം ഭൂമിക്കും നിലവില്‍ പട്ടയം ഇല്ല. ഇത് ഒൗദ്യോഗിക രേഖകള്‍ പ്രകാരം ഏലം റിസര്‍വ് ആണ്. കര്‍ഷകര്‍ക്ക് പട്ടയം പതിച്ചുനല്‍കുന്നതിനെച്ചൊല്ലി കേരള സര്‍ക്കാര്‍ കക്ഷിയായി പല കേസുകളും നിലവിലുണ്ട്.

1964 ലെ കേരള ഭൂമിപതിവ് ചട്ടങ്ങള്‍,1993ലെ വനഭൂമി കുടിയേറ്റം ക്രമീകരിക്കല്‍ ചട്ടങ്ങള്‍ എന്നിവ അനുസരിച്ചാണ് ഇടുക്കിയില്‍ പ്രധാനമായും പട്ടയം നല്‍കുന്നത്. ഇതിനുപുറമെ ഹൈറെയ്ഞ്ച് കോളനൈസേഷന്‍ സ്കീം പ്രകാരം ഉടുമ്പന്‍ചോല താലൂക്കിലെ കല്ലാര്‍പട്ടം കോളനി പ്രദേശത്തും 1977ലെ കണ്ണന്‍ദേവന്‍ ഭൂമി പതിവ് ചട്ടം പ്രകാരം ദേവികുളം താലൂക്കിലെ കെ.ഡി.എച്ച് വില്ളേജിലും പട്ടയം നല്‍കിയിരുന്നു. എന്നാല്‍, കട്ടപ്പനയില്‍ ഇതൊന്നും ബാധകമല്ല.
ഭൂമി പതിവ് ചട്ടങ്ങളിലൊന്നും വ്യാപാരസ്ഥാപനങ്ങള്‍ക്ക് പട്ടയം അനുവദിപ്പിക്കാമെന്ന് ‘പര്‍പ്പസ് ഓഫ് അസൈന്‍മെന്‍റില്‍’ ചേര്‍ത്തിട്ടില്ല. അതിനാല്‍ വ്യാപാരസ്ഥാപനങ്ങള്‍ക്ക് പട്ടയം അനുവദിക്കാന്‍ നിയമപരമായി സാധിക്കില്ല.

1977 ജനുവരിക്കു മുമ്പ് ഏലം കൃഷിയല്ലാതെ മറ്റു കൃഷികള്‍ക്കായി വിളപരിവര്‍ത്തനം നടത്തി കൈവശം വെച്ച ഭൂമി റീസര്‍വേ ഫെയര്‍ ലാന്‍ഡ് രജിസ്റ്ററില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. കട്ടപ്പന, നെടുങ്കണ്ടം, രാജാക്കാട്, രാജകുമാരി തുടങ്ങിയ പ്രദേശങ്ങള്‍ ഏലം ഹില്‍ റിസര്‍വ് പരിധിയില്‍ വരുന്നതാണ്. ചരിത്രം പരിശോധിച്ചാല്‍ 1950 വരെ കട്ടപ്പന ആദിവാസി മേഖലയായിരുന്നു. മന്നാന്‍, ഊരാളി ഗോത്രങ്ങള്‍ അധിവസിച്ചിരുന്ന മേഖലയായിരുന്നു കട്ടപ്പന.
സമതലങ്ങളില്‍ നിന്ന് കുടിയേറ്റം ആരംഭിച്ചതോടെയാണ് ആദിവാസികള്‍ ഈ മേഖലയില്‍ നിന്ന് ഒഴിഞ്ഞുതുടങ്ങിയത്. ഇന്നും സ്ഥലനാമങ്ങളില്‍ ആദിവാസിസംസ്കൃതിയുടെ അടയാളങ്ങള്‍ മാഞ്ഞുപോയിട്ടില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.