അധ്യാപക പാക്കേജ് വിധിക്കെതിരെ അപ്പീല്‍ നല്‍കും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ അധ്യാപക-വിദ്യാര്‍ഥി അനുപാതം ഇക്കൊല്ലം കൂടി 1:30, 1:35 ആയി തുടരും. അധ്യാപകപാക്കേജിലെ പ്രധാന വ്യവസ്ഥകള്‍ റദ്ദാക്കിയ ഹൈകോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
അനുപാതം നിലനിര്‍ത്തിയതോടെ നിയമനാംഗീകാരം കാക്കുന്ന 4000ലധികം അധ്യാപകര്‍ക്ക് ഗുണം ലഭിക്കും. 2011-12 അധ്യയനവര്‍ഷം മുതല്‍ നിയമനം ലഭിച്ചവരാണ് ഇവര്‍. അതേസമയം അടുത്തവര്‍ഷം മുതല്‍ അനുപാതം 1: 45 ആയി ക്രമപ്പെടുത്തുമെന്നും കോടതി വിധി അതിന് തടസ്സമല്ളെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മന്ത്രിസഭായോഗത്തിനുശേഷം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അപ്പീലിലെ വിധിപ്രകാരമായിരിക്കും തുടര്‍നടപടികള്‍.  

ഹൈകോടതി വിധി 2014-15 അധ്യയനവര്‍ഷം വരെയാണ് ബാധകമാവുക. അത് ഇക്കൊല്ലം കൂടി ബാധകമാക്കാന്‍ മന്ത്രിസഭ തീരുമാനിക്കുകയായിരുന്നു. അപ്പീല്‍ നല്‍കുന്നതിന്‍െറ പേരില്‍ അധ്യാപകര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനുള്ള നടപടികളാണ് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അനുപാതം 1: 30 ആയി തുടര്‍ന്നാല്‍ സര്‍ക്കാറിന് കടുത്ത സാമ്പത്തിക ബാധ്യതവരുമെന്നതിനാലാണ് വീണ്ടും കോടതിയെ സമീപിക്കുന്നത്. കോടതിവിധിക്കുശേഷം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ ഇക്കാര്യം മാനേജ്മെന്‍റുകളെ ബോധ്യപ്പെടുത്തിയിരുന്നു. നിലവിലെ നിയമനങ്ങള്‍ക്ക് അംഗീകാരം ലഭിക്കുമെന്നതിനാല്‍ മാനേജ്മെന്‍റുകളും സര്‍ക്കാര്‍ തീരുമാനത്തോട് തത്ത്വത്തില്‍ യോജിപ്പ് പ്രകടിപ്പിച്ചിരുന്നു.
വിരമിക്കല്‍, സ്ഥലംമാറ്റം, മരണം, രാജി തുടങ്ങിയ കാരണങ്ങളാല്‍ 2011-12 മുതലുണ്ടായ ഒഴിവുകളില്‍ നിയമനം നടത്താന്‍ അനുപാതം എല്‍.പിയില്‍ 1:30 യും യു.പിയില്‍ 1:35 ഉം ആകണമെന്ന് ഉത്തരവുണ്ടായിരുന്നു. 2011ല്‍ പ്രഖ്യാപിച്ച അധ്യാപക പാക്കേജ് നിയമക്കുരുക്കില്‍പെട്ടതോടെ ഈ നിയമനങ്ങള്‍ക്ക് അംഗീകാരം ലഭിച്ചിരുന്നില്ല. മന്ത്രിസഭാതീരുമാനത്തോടെ ഈ നിയമനങ്ങള്‍ക്കെല്ലാം അംഗീകാരമാകും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.