ചെറുശേരി സൈനുദ്ദീൻ മുസ്‌ലിയാർ അന്തരിച്ചു

കോഴിക്കോട്: സമസ്ത കേരള ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറിയും പ്രമുഖ പണ്ഡിതനുമായ ചെറുശേരി സൈനുദ്ദീൻ മുസ്‌ലിയാർ (79) അന്തരിച്ചു. വ്യാഴാഴ്ച പുലർച്ചെ 6.20ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വാർധക്യ സഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് ഒരു മാസമായി ചികിത്സയിലായിരുന്നു. 1996 മുതൽ സമസ്തയുടെ ജനറൽ സെക്രട്ടറിയായ സൈനുദ്ദീൻ മുസ്‌ലിയാർ മലപ്പുറം മൊറയൂർ സ്വദേശിയാണ്.

ഉച്ചക്ക് 12.30 മുതൽ ചെമ്മാട് ദാറുല്‍ ഹുദാ ഇസ് ലാമിക് യൂനിവേഴ്‌സിറ്റിയില്‍ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വെച്ചു. ഖബറടക്കം വൈകീട്ട് 4.30ന് ദാറുൽ ഹുദ അങ്കണത്തിൽ നടന്നു.

ബംഗാളത്ത് കമ്മദാജിയുടെ മകള്‍ മറിയുമ്മയാണ് ഭാര്യ. മക്കള്‍: റഫീഖ് (ഗള്‍ഫ്), മുഹമ്മദ് സാദിഖ്, ഫാത്തിമ, റൈഹാനത്ത്. മരുമക്കള്‍: ഇസ്മാഈല്‍ ഫൈസി, സൈനുല്‍ ആബിദീന്‍.

മലപ്പുറം ജില്ലയിലെ പ്രശസ്ത പണ്ഡിത കുടുംബമായ ഖാസിയാരകം കുടുംബത്തില്‍ ചെറുശ്ശേരി മുഹമ്മദ് മുസ്‌ലിയാര്‍-പാത്തുമ്മുണ്ണി ദമ്പതികളുടെ ഏക മകനായി 1937ലായിരുന്നു ജനനം. വീടിന് സമീപത്തെ ഖാസിയാരകം പള്ളിയില്‍ നിന്നായിരുന്നു പ്രാഥമിക പഠനം. കൊണ്ടോട്ടി സ്‌കൂളില്‍ ഭൗതിക വിദ്യാഭ്യാസത്തിന് ശേഷം മഞ്ചേരി, ചാലിയം എന്നീ ദര്‍സുകളില്‍ മതപഠനം നടത്തി. പിതാവ് ചെറുശ്ശേരി മുഹമ്മദ് മുസ്‌ലിയാർ, ഓവുങ്ങല്‍ അബ്ദുറഹ്മാന്‍ മുസ്‌ ലിയാര്‍, ഓടയ്ക്കല്‍ സൈനുദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ എന്നിവരായിരുന്നു പ്രധാന ഗുരുനാഥന്‍മാര്‍. പള്ളി ദര്‍സുകളിലെ പഠനത്തിനു ശേഷം വളരെ ചെറുപ്രായത്തില്‍ തന്നെ മുദരിസായി.

കൊണ്ടോട്ടി ജുംഅ മസ്ജിദില്‍ 22 വര്‍ഷത്തോളം മുദരിസായിരുന്നു. ശേഷം 18 വര്‍ഷത്തോളം ചെമ്മാട് മുദരിസായി. 1994 മുതല്‍ ചെമ്മാട് ദാറുല്‍ ഹുദയിലായിരുന്നു സേവനം. എം.എം ബശീര്‍ മുസ്‌ലിയാരുടെ നിര്യാണത്തോടെ ദാറുല്‍ ഹുദയുടെ പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിയമിതനായി. ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴിസിറ്റിയായി ഉയര്‍ന്നപ്പോള്‍ പ്രോ ചാന്‍സലറായി നിയമിച്ചു. ഇന്ത്യയിലെ തന്നെ മികച്ച മത-ഭൗതിക വിദ്യാഭ്യാസ സ്ഥാപനമായി ദാറുല്‍ഹുദയെ മാറ്റിയെടുക്കുന്നതില്‍ ചെറുശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ വലിയ പങ്ക് വഹിച്ചു.

1980 മുതൽ സമസ്ത പണ്ഡിത സഭയിൽ അംഗമായ അദ്ദേഹം ഫത്‌വ കമ്മിറ്റി ചെയര്‍മാന്‍ പദവിയും വഹിച്ചിരുന്നു. ജനറല്‍ സെക്രട്ടറിയായിരുന്ന ഇ.കെ അബൂബക്കര്‍ മുസ്‌ലിയാരുടെ നിര്യാണത്തെ തുടര്‍ന്ന് 1996ൽ സമസ്തയുടെ നേതൃപദവി ഏറ്റെടുത്തു. ഇസ്‌ലാമിക കർമ ശാസ്ത്രത്തിൽ ആഴത്തിൽ പഠനം നടത്തിയിട്ടുള്ള ചെറുശേരി സൈനുദ്ദീൻ മുസ് ലിയാർ, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് വൈസ് പ്രസിഡന്‍റ്, പരീക്ഷാ ബോര്‍ഡ് വൈസ് ചെയര്‍മാന്‍, സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്‍റ്, താനൂര്‍ ഇസ്‌ ലാഹുല്‍ ഉലൂം അറബിക് കോളജ് മാനേജര്‍ സ്ഥാനങ്ങളും നിരവധി മഹല്ലുകളിലെ ഖാസിയുമായിരുന്നു.

പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നതിനാൽ ആലപ്പുഴയിൽ നടന്ന സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ 90ാം വാർഷിക സമ്മേളനത്തിൽ ചെറുശേരി സൈനുദ്ദീൻ മുസ് ലിയാർ പങ്കെടുത്തിരുന്നില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.