കാലിക്കറ്റില്‍ ഹെല്‍ത്ത് സയന്‍സ് വിദ്യാര്‍ഥികള്‍ നിരാഹാര സമരം തുടങ്ങി

തേഞ്ഞിപ്പലം: വിവിധ ആവശ്യങ്ങളുന്നയിച്ച് കാലിക്കറ്റ് സര്‍വകലാശാലയിലെ ഹെല്‍ത്ത് സയന്‍സ് വിദ്യാര്‍ഥികള്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാത്തതില്‍ പ്രതിഷേധിച്ചും പരീക്ഷകള്‍ കൃത്യസമയത്ത് നടത്തണമെന്നാവശ്യപ്പെട്ടുമാണ് നിരാഹാര സമരം.
ചൊവ്വാഴ്ച രാവിലെ ഓഫിസ് പൂട്ടിയിട്ടാണ് പ്രതിഷേധം ആരംഭിച്ചത്. ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അകത്തു കയറാനായില്ല. ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടും ഓഫിസിന്‍െറ പൂട്ട് തുറന്നുനല്‍കാന്‍ വിദ്യാര്‍ഥികള്‍ തയാറായില്ല. പിന്നീട് പ്രൊ വൈസ് ചാന്‍സലര്‍ ഡോ. പി. മോഹനന്‍ ചര്‍ച്ചക്ക് വിളിച്ചതോടെ ഓഫിസ് തുറന്നുനല്‍കി.
ചൊവ്വാഴ്ചക്കകം വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം ഒരുക്കാമെന്ന കാര്യത്തില്‍ മാത്രമാണ് ചര്‍ച്ചയില്‍ ധാരണയായത്. മറ്റുകാര്യങ്ങളിലൊന്നും തീരുമാനമാവാത്തതിനാലാണ് നിരാഹാര സമരം തുടരാന്‍ വിദ്യാര്‍ഥികള്‍ തീരുമാനിച്ചത്. എസ്. അജയ്, മുഹമ്മദ് ഫവാസ്, എന്‍.കെ. സച്ചിന്‍ ദേവ് എന്നിവരാണ് നിരാഹാരം കിടക്കുന്നത്. പി.വി.സിയെ കൂടാതെ ഡയറക്ടര്‍ ഡോ. സി.ഡി. സെബാസ്റ്റ്യനും ചര്‍ച്ചക്ക് നേതൃത്വം നല്‍കി. സമരത്തെ തുടര്‍ന്ന് ഹെല്‍ത്ത് സയന്‍സ് ഡിപ്പാര്‍ട്മെന്‍റ് അനിശ്ചിതകാലത്തേക്ക് അടച്ചിട്ടതായി അധികൃതര്‍ അറിയിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.