ലക്ഷ്യം കാണാതെ ആഗോള വിദ്യാഭ്യാസ സംഗമം

തിരുവനന്തപുരം: ദ്വിദിന ആഗോള വിദ്യാഭ്യാസ സംഗമം കഴിഞ്ഞിട്ടും സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിട്ട അക്കാദമിക് സിറ്റിയും പ്രത്യേക ഉന്നത വിദ്യാഭ്യാസ മേഖലയും സംബന്ധിച്ച് പ്രാഥമിക രൂപം പോലുമായില്ല.  സംഗമത്തില്‍ നടന്ന ചര്‍ച്ചകളും നിര്‍ദേശങ്ങളുമെല്ലാം കേരളം പുറംതിരിഞ്ഞ് നില്‍ക്കുന്ന വിദേശ, സ്വകാര്യ സര്‍വകലാശാലകളുടെ അനുമതി പ്രശ്നത്തിലാണ് എത്തിപ്പെട്ടത്.
 വിദേശ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കാതെ എങ്ങനെ ദുബൈ മാതൃകയിലെ അക്കാദമിക് സിറ്റി യാഥാര്‍ഥ്യമാകുമെന്ന വിദേശ പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ സംഘാടകര്‍ക്ക് മറുപടിയില്ലായിരുന്നു. ഇക്കാര്യത്തില്‍ നയപരമായ തീരുമാനം പറയേണ്ട മുഖ്യമന്ത്രിയോ വിദ്യാഭ്യാസമന്ത്രിയോ സംഗമത്തിനത്തെിയില്ളെന്നതും തിരിച്ചടിയായി. നിലവില്‍ വിദേശ സര്‍വകലാശാലകള്‍ക്ക് രാജ്യത്ത് പ്രവര്‍ത്തനാനുമതി നല്‍കിയിട്ടില്ല. ഇത് സംബന്ധിച്ച ഉന്നത വിദ്യാഭ്യാസ ബില്‍ കേന്ദ്രത്തിന്‍െറ പരിഗണനയിലാണ്. ഇതര സംസ്ഥാനങ്ങളിലെല്ലാം സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കിയപ്പോള്‍ കേരളത്തില്‍ അതുണ്ടായില്ല. അനുമതി നല്‍കാന്‍ ശിപാര്‍ശ ചെയ്യുന്ന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്‍െറ റിപ്പോര്‍ട്ടില്‍  സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുമില്ല. ഇതത്തേുടര്‍ന്ന് അക്കാദമിക് സിറ്റി, പ്രത്യേക ഉന്നത വിദ്യാഭ്യാസമേഖല എന്നിവ തുടങ്ങുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നിയമനിര്‍മാണ, ഭേദഗതികളുടെ ആവശ്യകത ഉയര്‍ത്തിയ പ്രഖ്യാപനത്തോടെയാണ് സമാപിച്ചത്.
അക്കാദമിക് സിറ്റിയില്‍ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത് ലോകത്തെ മുന്‍നിര സര്‍വകലാശാലകളുടെയും സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കാമ്പസുകളാണ്. ഇവക്ക് കടന്നുവരാന്‍ നിലവിലെ നിയമം തടസ്സമാണ്. പ്രത്യേക ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ കേരളത്തില്‍നിന്ന് തന്നെ ഒമ്പത് ഏജന്‍സികള്‍ രംഗത്തുവന്നിട്ടുണ്ട്. എന്നാല്‍, ഈ സ്ഥാപനങ്ങള്‍ക്ക് ആര് അംഗീകാരം നല്‍കും, ഇവിടെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഏത് സര്‍വകലാശാല ബിരുദം നല്‍കും തുടങ്ങിയ അടിസ്ഥാനപരമായ ചോദ്യങ്ങളാണ് രണ്ട് ദിവസവും ഉയര്‍ന്നത്. ഫീസ് നിര്‍ണയം ഉള്‍പ്പെടെ പ്രത്യേക അവകാശങ്ങളോടെ ഉന്നത വിദ്യാഭ്യാസമേഖലയില്‍ വരുന്ന സ്ഥാപനങ്ങള്‍ക്ക് സംസ്ഥാനത്ത് നിലവിലെ സര്‍വകലാശാലകള്‍ ഒന്നുപോലും അംഗീകാരം നല്‍കാന്‍ തയാറല്ളെന്ന് അനൗദ്യോഗികമായി വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇത്തരം സ്ഥാപനങ്ങള്‍ക്ക് സ്വകാര്യ സര്‍വകലാശാലകളുടെ പദവി നല്‍കുകയാണ് മറ്റൊരും പോംവഴി. സ്വകാര്യ സര്‍വകലാശാലകള്‍ അനുവദിക്കുന്നതിന് വ്യക്തിപരമായുള്ള എതിര്‍പ്പ് വിദ്യാഭ്യാസമന്ത്രി നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെയാണ് ഇതുസംബന്ധിച്ച ശിപാര്‍ശയില്‍ നടപടിയില്ലാതെ പോയത്.
അക്കാദമിക് സിറ്റി, പ്രത്യേക ഉന്നത വിദ്യാഭ്യാസമേഖല എന്നീ രണ്ട് ആശയങ്ങള്‍ ചര്‍ച്ചക്ക് വന്നപ്പോള്‍തന്നെ ഇതിനുള്ള തടസ്സങ്ങള്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ അംഗങ്ങളടക്കം ചൂണ്ടിക്കാട്ടിയിരുന്നു. വിദേശ, സ്വകാര്യ സര്‍വകലാശാലകളുടെ കാര്യത്തില്‍ നയപരമായ തീരുമാനമെടുക്കാതെ ആഗോള വിദ്യാഭ്യാസ സംഗമം അധരവ്യായാമമാണെന്ന് വരെ വിമര്‍ശമുയര്‍ന്നു.
വിവാദങ്ങളില്‍ അകപ്പെട്ട സംഗമം സമാപിച്ചപ്പോള്‍ വ്യക്തമായതും ഇക്കാര്യം തന്നെയാണ്. സര്‍ക്കാറിനെ പ്രതിനിധീകരിച്ച് സംഗമത്തില്‍ പങ്കെടുത്ത ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ബി. ശ്രീനിവാസും സ്വകാര്യ, വിദേശ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കിയാല്‍ നടപടികള്‍ കൂടുതല്‍ എളുപ്പമാകുമെന്ന് അഭിപ്രായപ്പെട്ടു. വിദേശ, സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതിയില്ലാതെ അക്കാദമിക് സിറ്റിയും ഉന്നത വിദ്യാഭ്യാസമേഖലയും യാഥാര്‍ഥ്യമാക്കാനാവില്ളെന്ന് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ടി.പി. ശ്രീനിവാസനും സംഗമത്തില്‍ അഭിപ്രായപ്പെട്ടു. സംഗമത്തിലൂടെ ഒട്ടേറെ നിക്ഷേപകരെയും അതുവഴി ധാരണാപത്രങ്ങളും ഒപ്പിടാനാകുമെന്ന സംഘാടകരുടെ പ്രതീക്ഷയും അസ്ഥാനത്താവുകയായിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.