അട്ടപ്പാടിയില്‍ സര്‍ക്കാര്‍പദ്ധതികള്‍ ആദിവാസികളെ രക്ഷിച്ചില്ലെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: അട്ടപ്പാടിയില്‍ സര്‍ക്കാര്‍ നടപ്പാക്കിയ വികസന പദ്ധതികള്‍ ആദിവാസികളെ രക്ഷിച്ചില്ളെന്ന് പ്ളാനിങ് ബോര്‍ഡിന്‍െറ പഠനറിപ്പോര്‍ട്ട്. പദ്ധതികളൊന്നും ആദിവാസികളുടെ ജീവിതത്തെ തെല്ലും മാറ്റിത്തീര്‍ത്തില്ളെന്നാണ് റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍. പദ്ധതികള്‍ നടപ്പാക്കിക്കഴിഞ്ഞപ്പോള്‍ 80 ശതമാനം ആദിവാസികള്‍ ദാരിദ്ര്യരേഖക്ക് താഴെയായി. ആദിവാസികളിലധികവും പരമ്പരാഗത കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നവരാണ്. അവരുടെ വികസനം ലക്ഷ്യമാക്കിയല്ല പദ്ധതികള്‍ ആവിഷ്കരിച്ചത്. സ്വയംപര്യാപ്തതയില്‍ ജീവിച്ചുപോന്ന ആദിവാസിസമൂഹത്തിനുമേല്‍ ആധുനികസമൂഹം അവതരിപ്പിച്ച വികസനമാതൃകകളെല്ലാം പരാജയപ്പെട്ടെന്നാണ് അഗളി ഗ്രാമപഞ്ചായത്തിനെക്കുറിച്ചുള്ള പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്.

പ്ളാനിങ് ബോര്‍ഡ് 1970ലാണ് അട്ടപ്പാടി ബ്ളോക്കിനെ സംസ്ഥാനത്തെ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന പ്രദേശമായി കണ്ടത്തെിയത്. ആദിവാസിസംയോജന വികസനപദ്ധതി നടപ്പാക്കാനുള്ള ആദ്യപ്രദേശമായി അട്ടപ്പാടിയെ തെരഞ്ഞെടുത്തു. തുടര്‍ന്ന് സര്‍ക്കാര്‍ അട്ടപ്പാടിക്കായി നിരവധി പ്രത്യേക പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കി. അട്ടപ്പാടി സഹകരണ കാര്‍ഷിക സഹകരണം സംഘം അതില്‍ ആദ്യത്തേതാണ്. ആദിവാസിക്ഷേമത്തിനായി ചിണ്ടക്കി, വട്ടലക്കി, കരുവാര, വരടിമല തുടങ്ങിയ ഫാമുകള്‍ ആരംഭിച്ചു.

പശ്ചിമഘട്ട വികസനപദ്ധതിയും അട്ടപ്പാടി വാലി ഇറിഗേഷന്‍ പദ്ധതിയും പ്രഖ്യാപിച്ചു. ഇതില്‍ ഇറിഗേഷന്‍ പദ്ധതി എങ്ങുമത്തെിയില്ല. മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖര്‍ ‘ഭാരതയാത്ര’ ആരംഭിച്ചതിന്‍െറ സ്മരണക്ക് അട്ടപ്പാടിയില്‍ ഭാരതരക്ഷാ കേന്ദ്രം നിര്‍മിച്ചു. അവിടെ ഗ്രാമീണസ്ത്രീകള്‍ക്കായി നെയ്ത്ത്, ശില്‍പനിര്‍മാണം, തയ്യല്‍, കൈത്തൊഴിലുകള്‍ എന്നിവ പരിശീലിപ്പിച്ചു. അട്ടപ്പാടിയില്‍ ദ്രുതഗതിയിലുള്ള പാരിസ്ഥിതികസംരക്ഷണവും തരിശുഭൂമി വികസനവും നടപ്പാക്കാന്‍ തീരുമാനിച്ചത് 1995ലാണ്. അതിനായി അഗളിയില്‍ ഹെഡ്ക്വാര്‍ട്ടേഴ്സും തുടങ്ങി.

ജപ്പാന്‍ ബാങ്ക് ഫോര്‍ ഇന്‍റര്‍നാഷനല്‍ കോര്‍പറേഷന്‍െറ (ജെ.ബി.ഐ.സി) 219 കോടിയുടെ സഹായവും ലഭിച്ചു. അട്ടപ്പാടി ഹില്‍ ഏരിയ വികസന ഏജന്‍സി (അഹാഡ്സ്) ആണ് പദ്ധതിയുടെ നടത്തിപ്പ് ഏറ്റെടുത്തത്. ദീര്‍ഘകാലത്തേക്ക് നേട്ടം ലക്ഷ്യമാക്കി പല പദ്ധതികളും ആവിഷ്കരിച്ചു. തൊട്ടുപിന്നാലെ അട്ടപ്പാടി സോഷ്യല്‍ സര്‍വിസ് ഓര്‍ഗനൈസേഷനും (അസോ) വികസനപദ്ധതികളുമായത്തെി. ലോകബാങ്ക് സഹായത്തോടെ ജലനിധി കുടിവെള്ളപദ്ധതിയും നടപ്പാക്കി. എന്നാല്‍, 2011-12 ലും 2012-13ലും ഉല്‍പാദനമേഖലയിലേക്ക് അഗളി ഗ്രാമപഞ്ചായത്ത് നീക്കിവെച്ച ടി.എസ്.പി 14.60 ലക്ഷത്തില്‍ നയാപൈസ ചെലവഴിച്ചിട്ടില്ല. അടിസ്ഥാനസൗകര്യത്തിനുള്ള 49 ലക്ഷത്തില്‍ 99.75 ശതമാനവും ചെലവഴിച്ചു. വയലിലെ കൃഷി 1996-97കാലത്ത് 30 ഹെക്ടറായിരുന്നത് 2011-12ല്‍ 15 ഹെക്ടറായി കുറഞ്ഞു. വിവിധ പദ്ധതികളിലൂടെ പശു, എരുമ, ആട് എന്നിവ വിതരണം ചെയ്തിട്ടും ഗണ്യമായി കുറവുണ്ടായി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.