ഇടമലക്കുടിയിലെ അധ്യാപകരുടെ ദുരവസ്ഥ: ഡി.പി.ഐയോട് മന്ത്രി റിപ്പോര്‍ട്ട് തേടി

തൊടുപുഴ: ഇടമലക്കുടി സര്‍ക്കാര്‍ സ്കൂളിലെ അധ്യാപകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി പൊതുവിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ആദ്യ ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയിലെ ഏകസര്‍ക്കാര്‍ വിദ്യാലയമായ ഗവ. ട്രൈബല്‍ എല്‍.പി സ്കൂളിലെ അധ്യാപകരുടെ ദുരവസ്ഥ ‘മാധ്യമം’ കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അടിസ്ഥാന സൗകര്യം പോലുമില്ലാത്തതിനാല്‍ അധ്യാപകര്‍ ഭക്ഷണം പാകം ചെയ്യുന്നതും ഉറങ്ങുന്നതുമെല്ലാം ക്ളാസ്മുറിയിലാണ്. വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് വിശദ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അനുകൂല നടപടിയുണ്ടാകുമെന്നും വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ‘മാധ്യമ’ത്തോട് പറഞ്ഞു.
വിഷയത്തില്‍ അധികൃതരുടെ ഭാഗത്തുനിന്ന് മറ്റ് ഇടപെടലുകളും ഉണ്ടായിത്തുടങ്ങിയിട്ടുണ്ട്. വിഷയം ഗൗരവത്തോടെ പരിഗണിക്കുമെന്നും സാധ്യമായ നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ ഡോ. എ. കൗശിഗന്‍ അറിയിച്ചു. ഇടമലക്കുടിയിലേക്ക് ഗതാഗതയോഗ്യമായ റോഡില്ലാത്തതാണ് അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍ നടപ്പാക്കാന്‍ പ്രധാന തടസ്സമെന്ന് ജില്ലാ ഐ.ടി.ഡി.പി ഓഫിസര്‍ പറഞ്ഞു.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്വാര്‍ട്ടേഴ്സ് പണിയുന്നതിനടക്കമുള്ള പദ്ധതികള്‍ തയാറാക്കിയെങ്കിലും ടെന്‍ഡര്‍ എടുക്കാന്‍ ആളില്ല. നിര്‍മാണ സാമഗ്രികള്‍ ഇടമലക്കുടിയില്‍ എത്തിക്കാന്‍ വാഹന സൗകര്യമില്ലാത്തതിനാല്‍ നിര്‍മാണച്ചെലവ് എസ്റ്റിമേറ്റ് തുകയെക്കാള്‍ ഉയരുമെന്നതാണ് ഇതിനു കാരണം.
റോഡ് ഉണ്ടാകണമെങ്കില്‍ വനംവകുപ്പിന്‍െറ അനുമതികൂടി ആവശ്യമാണ്. ഇടമലക്കുടിയിലേക്കുള്ള റോഡിന്‍െറ വികസനമടക്കം ശിപാര്‍ശകള്‍ ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് തയാറാക്കി വരികയാണ്. ഈ മാസം 10ന് ജഡ്ജിമാരുടെ നേതൃത്വത്തില്‍ ദേവികുളത്ത് നടക്കുന്ന അദാലത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
ഇടമലക്കുടിയിലെ നിര്‍മാണ ജോലികള്‍ക്ക് എസ്റ്റിമേറ്റ് തയാറാക്കുമ്പോള്‍ ഉയര്‍ന്ന തുക വകയിരുത്തുക, ഇവിടെ ജോലി ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇന്‍സെന്‍റീവ് ഉള്‍പ്പെടെ ആനുകൂല്യങ്ങള്‍ അനുവദിക്കുക തുടങ്ങിയ ശിപാര്‍ശകള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുമെന്നും ഐ.ടി.ഡി.പി ഓഫിസര്‍ അറിയിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.