അന്ത്യോദയ അരി വകമാറ്റാന്‍ ഉത്തരവ് 

തൃശൂര്‍: ഭക്ഷ്യസുരക്ഷ പദ്ധതിയില്‍നിന്ന് പുറത്താവുകയും സൗജന്യ റേഷന്‍ വിതരണത്തിന് തെരഞ്ഞെടുപ്പ് കമീഷന്‍ അനുമതി നിഷേധിക്കുകയും ചെയ്തതോടെ കേരളത്തിലെ റേഷന്‍ വിതരണം അവതാളത്തിലായി. കൂടുതല്‍ അരി നല്‍കാനാവാതെ സര്‍ക്കാര്‍ കുഴയുകയാണ്. 
കുറെ മാസങ്ങളായി 17 കിലോ അരിയാണ് ബി.പി.എല്‍ വിഭാഗത്തിന് നല്‍കുന്നത്. കേന്ദ്രത്തില്‍നിന്ന് കൃത്യ അളവ് ലഭിക്കാത്തതിനാല്‍ ബി.പി.എല്‍ വിഭാഗത്തിനുള്ള 25 കിലോ നല്‍കുന്നതാണ് മാസങ്ങള്‍ക്ക് മുമ്പ് കുറച്ചത്. തെരഞ്ഞെടുപ്പ് സാഹചര്യത്തില്‍ കേന്ദ്രത്തില്‍നിന്ന് കൂടുതല്‍ അരി വാങ്ങുകയാണ് പതിവ്. ഇക്കുറി കേന്ദ്രം കൂടുതല്‍ നല്‍കിയില്ല. അതിനാല്‍ അന്ത്യോദയ വിഭാഗത്തിനായി കേന്ദ്രം നല്‍കിയ അരി ബി.പി.എല്‍ വിഭാഗത്തിന് വകമാറ്റി നല്‍കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇതിനായി താലൂക്ക് സപൈ്ളസ് ഓഫിസുകള്‍ക്ക് ഉത്തരവ് നല്‍കിക്കഴിഞ്ഞു.കേരളം ഭക്ഷ്യസുരക്ഷ പദ്ധതിയില്‍നിന്ന് പുറത്താവുമ്പോള്‍ സൗജന്യ റേഷന്‍ വിതരണം നടത്തുമെന്നാണ് സര്‍ക്കാര്‍ വിശദീകരിച്ചിരുന്നത്. ഭക്ഷ്യസുരക്ഷ പദ്ധതിയില്‍നിന്ന് കേരളം മുഖംതിരിച്ചുനില്‍ക്കുന്നുവെന്ന് പ്രധാനമന്ത്രി ആരോപിച്ചപ്പോള്‍ അതിനേക്കാള്‍ മെച്ചമായ പദ്ധതി ഏപ്രില്‍ മുതല്‍ പ്രാബല്യത്തിലാവുമെന്നായിരുന്നു സംസ്ഥാന സര്‍ക്കാറിന്‍െറ പ്രതികരണം. ഏപ്രില്‍ ഒന്നു മുതല്‍ ബി.പി.എല്‍ വിഭാഗത്തിന് നടപ്പാക്കുന്ന സൗജന്യ അരി വിതരണമാണ് അന്ന് മുഖ്യമന്ത്രി പരാമര്‍ശിച്ചത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഇത് നടപ്പാക്കുന്നത് തെരഞ്ഞെടുപ്പ് കമീഷന്‍ തടഞ്ഞു. അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് കമീഷന് അപേക്ഷ നല്‍കിയിട്ടും അനുകൂല നിലപാടുണ്ടായില്ല. ഇതോടെയാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. ഈ വിഷയത്തില്‍ കോടതി കനിയുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ. 
കഴിഞ്ഞ ഇടതുസര്‍ക്കാറിന്‍െറ അവസാന കാലത്ത് രണ്ടുരൂപക്ക് അരി നല്‍കുന്നത് സംബന്ധിച്ച കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ ഇടപെട്ടിരുന്നു. അന്ന് ഒല്ലൂര്‍ എം.എല്‍.എ ആയിരുന്ന രജാജി മാത്യു തോമസ് ഹൈകോടതിയില്‍ ഇതിനെതിരെ ഹരജി നല്‍കി. ഇത് പരിഗണിച്ച കോടതി അരി വിതരണത്തിന് അനുമതി നല്‍കി. ഇത്തരമൊരു വിധി ലഭിക്കുമെന്നാണ് പ്രതീക്ഷ. 
കാര്യങ്ങള്‍ വിഭിന്നമായതിനാല്‍ എന്ത് സംഭവിക്കുമെന്ന് പറയാനാവില്ളെന്ന ഭീതിയും സര്‍ക്കാറിനുണ്ട്. സൗജന്യ റേഷന്‍ പദ്ധതിക്ക് സമാനം ഭക്ഷ്യസുരക്ഷ പദ്ധതി നടപ്പാക്കേണ്ടതും ഏപ്രില്‍ ഒന്നിനായിരുന്നു. രാജ്യത്ത് ഫെഡറല്‍ സംവിധാനം നിലനില്‍ക്കുന്നതിനാല്‍ കേന്ദ്രസര്‍ക്കാറിന് ഏകപക്ഷീയമായി തീരുമാനമെടുക്കാനാവില്ല. സംസ്ഥാന സര്‍ക്കാര്‍ ശ്രമം തുടര്‍ന്നാല്‍ ഭക്ഷ്യസുരക്ഷ പദ്ധതി നടപ്പാക്കാനാവും. എന്നാല്‍, ഇതിന് സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് കൃത്യമായ ഇടപെടല്‍ ഉണ്ടായിട്ടില്ല. അടുത്ത സര്‍ക്കാര്‍ വന്നശേഷമേ റേഷന്‍കാര്‍ഡ് പോലും പുറത്തിറക്കാനാവൂ എന്നാണ്  വിശദീകരണം. അടുത്ത മന്ത്രിസഭ നിലവില്‍ വരുന്നതോടെ മാത്രമേ ഭക്ഷ്യസുരക്ഷകാര്യങ്ങളിലും വ്യക്തതയുണ്ടാവുകയുള്ളൂ. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.