മാണിയും നാണവും

കെ എം മാണിക്ക് നാണം   ഉണ്ടോ  എന്ന് ഗവേഷണം നടത്തി കണ്ടുപിടിക്കേണ്ട കാര്യമില്ല. ഉണ്ടെങ്കിൽ മാണി വളരെ മുൻപേ രാജി വെച്ചേനെ. എന്നു വെച്ചാൽ മന്ത്രി ആയിരിക്കെ വിജിലൻസ് അദ്ദേഹത്തിനെതിരായ കോഴ ആരോപണം അന്വേഷിക്കാൻ തീരുമാനിച്ചപ്പോൾ തന്നെ നാണവും മാനവും ഉണ്ടെങ്കിൽ മാണി  രാജി വെക്കുമായിരുന്നു. പക്ഷേ ഉമ്മൻ‌ചാണ്ടിക്ക് ഇല്ലാത്ത നാണം തനിക്കെന്തിന് എന്ന് മാണി ധരിച്ചു പോയാൽ അതൊരു  കുറ്റമായി കാണാനാവില്ല.

പാമോയിൽ  കേസിൽ  വിധി വന്നപ്പോൾ താൻ രാജി വെക്കാതിരുന്നത് മഹത്തായ കാര്യമായാണ് മാണിക്ക് പിന്തുണ പ്രഖ്യാപിക്കവേ  ഉമ്മൻ‌ചാണ്ടി വ്യാഴാഴ്ച പറഞ്ഞത്. ഇന്ന് ഉമ്മൻ‌ചാണ്ടിക്കും മാണിക്കും എതിരെ ഭള്ളു പറഞ്ഞു നടക്കുന്ന പി.സി ജോർജ് അന്ന് ജഡ്ജിയെ പുലഭ്യം പറഞ്ഞ് കേസിൽ നിന്ന് പിൻമാറ്റുകയും പകരക്കാരനായി വന്നയാൾ ചാണ്ടിക്ക് ഗുഡ് സർട്ടിഫിക്കറ്റ് നൽകുകയുമായിരുന്നു. പി.സി ജോർജ് യു.ഡി.എഫ് വിട്ടപ്പോൾ വന്ന ഒഴിവിൽ ഈ ജോലി പിന്നീടു കെ.സി ജോസഫ്  ഏറ്റെടുത്തത് പിൽക്കാല ചരിത്രം.

ഇങ്ങിനെ ഒക്കെയാണെങ്കിലും ധാർമികതയുടെ പേരിൽ തന്റെ മന്ത്രിസഭയിലെ കോണ്‍ഗ്രസ്‌ മന്ത്രിമാരെ സമ്മർദ്ദം ചെലുത്തി രാജി വെപ്പിച്ചിട്ടുണ്ട് ഉമ്മൻ‌ചാണ്ടി. കെ.പി വിശ്വനാഥനെയും കെ.കെ രാമചന്ദ്രനെയും രാജി വെപ്പിച്ചത് ഇപ്പോഴത്തെ സംഭവങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നിസ്സാര കാരണങ്ങളുടെ പേരിലായിരുന്നു. കുഞ്ഞാലിക്കുട്ടി മുമ്പ് വ്യവസായ മന്ത്രിപദം രാജി വെച്ചതും ഉമ്മൻചാണ്ടിയുടെ പ്രേരണയിലാണ്. അന്നൊക്കെ ധാർമികത ഉയർത്തി പിടിച്ചിരുന്ന ആദരണീയനായ കോണ്‍ഗ്രസ്‌ നേതാവായിരുന്നു അദ്ദേഹം. പിന്നീടെപ്പോഴോ ഈ പദം ഉമ്മൻചാണ്ടിയുടെ നിഘണ്ടുവിൽ നിന്ന് അപ്രത്യക്ഷമായി. കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു മുഖ്യമന്ത്രിയുടെ ഓഫിസ് അപവാദങ്ങളുടെ ചളിക്കുണ്ടിൽ വീണു.

ഉമ്മൻചാണ്ടിയുടെ പതാകവാഹകനായി വി.എം സുധീരൻ  മാറി എന്നതാണ് കേരള രാഷ്ട്രീയത്തിലെ സമകാലീന ദുരന്തം. ധീരനും വീരനും ആദർശശാലിയുമായ സുധീരന് പറയാൻ കഴിയുന്നില്ല , മാണി ഒന്ന് മാറി നിൽക്കണമെന്ന്. മാണിയെ പേറുന്നതിന്റെ പേരിൽ കോണ്‍ഗ്രസ്‌ പാർട്ടി കൊടുക്കേണ്ടി വരുന്ന  വിലയെ പറ്റി സുധീരന് അറിയാഞ്ഞിട്ടല്ല.  

പണ്ടു കാലത്തെ എ.കെ ആന്റണി ആയിരുന്നെങ്കിൽ മാണി രാജി വെച്ച് മാറി നിൽക്കുന്നതാണ് നല്ലതെന്ന് വെട്ടിത്തുറന്നു  പറഞ്ഞേനേ. എന്നാൽ ധാർമികത വ്യക്തിപരമാണെന്ന്  പറഞ്ഞു അദ്ദേഹവും ഒഴിഞ്ഞു മാറി. മാണിക്ക് ധാർമികത ഇല്ലെന്നു വരികൾക്കിടയിൽ വായിച്ചെടുക്കാമെങ്കിലും ആന്റണിക്ക് ചേർന്നതല്ല ഈ ഒളിച്ചുകളി.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.