മേലധികാരിയോട് മോശമായ പെരുമാറ്റം: പൊലീസ് അസോ. ജോ.സെക്രട്ടറിക്ക് സസ്പെന്‍ഷന്‍

തിരുവനന്തപുരം: മേലധികാരിയോട് അപമര്യാദയായി പെരുമാറിയ പൊലീസ് അസോസിയേഷന്‍ നേതാവിന് സസ്പെന്‍ഷന്‍. കേരള പൊലീസ് അസോസിയേഷന്‍ സംസ്ഥാന ജോയന്‍റ് സെക്രട്ടറി ബാബു തോമസിനെയാണ്  സസ്പെന്‍ഡ് ചെയ്തത്. വയനാട് സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പിയോട് മോശമായി പെരുമാറിയെന്ന പരാതിയിലാണ് ജില്ലാ പൊലീസ് മേധാവി അജീതാ ബീഗം നടപടിയെടുത്തത്.
ഓഫിസില്‍ അതിക്രമിച്ചുകയറി, അസഭ്യവര്‍ഷം നടത്തി എന്നീ പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. അതേസമയം, ഇതേ കുറ്റം ആരോപിക്കപ്പെട്ട സംഭവത്തില്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിക്കെതിരെ നടപടിയെടുത്തിട്ടില്ല. പൊലീസ് ട്രെയ്നിങ് കോളജ് പ്രിന്‍സിപ്പല്‍ വി. ഗോപാല്‍ കൃഷ്ണനും ജനറല്‍ സെക്രട്ടറി ജി.ആര്‍. അജിത്തും തമ്മിലുണ്ടായ വാക്കേറ്റം കൈയാങ്കളിയുടെ വക്കോളമത്തെിയത് ജൂലൈ 20നാണ്. സംഭവം വിവാദമായപ്പോള്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ച് അധികൃതര്‍ തലയൂരുകയായിരുന്നു.  ഇരുകൂട്ടരും അന്യോന്യം പരാതി നല്‍കിയിട്ടും അച്ചടക്ക നടപടി ഉണ്ടായില്ളെന്ന് സേനയില്‍നിന്നുതന്നെ വിമര്‍ശം ഉയരുന്നു.
 ഐ.പി.എസ് ഉദ്യോഗസ്ഥന്‍െറ ഓഫിസില്‍ അതിക്രമിച്ചുകയറി അസഭ്യം പറഞ്ഞത് ഗുരുതരമായ അച്ചടക്കലംഘനമാണ്. ചട്ടപ്രകാരം ഉന്നത ഐ.പി.എസ് ഉദ്യോഗസ്ഥന്‍ അന്വേഷിക്കേണ്ട കേസ് ഏല്‍പിച്ചത് ഡിവൈ.എസ്.പി റാങ്കിലെ ഉദ്യോഗസ്ഥനെയായിരുന്നു. ഇദ്ദേഹത്തിന്‍െറ നേതൃത്വത്തില്‍ അര ഡസനോളം പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തെന്നല്ലാതെ കാര്യമായ നടപടികള്‍ ഉണ്ടായില്ല. കേസ് മുന്നോട്ടുപോയാല്‍ അസോസിയേഷന്‍  നേതാവിനെതിരെ നടപടിയുണ്ടാകുമെന്ന് ബോധ്യമായ സാഹചര്യത്തില്‍ അന്വേഷണം മരവിപ്പിക്കാനാണ് ഉന്നതങ്ങളില്‍നിന്നുള്ള നിര്‍ദേശം. ഒരേ സംഘടനയിലെ രണ്ടുനേതാക്കന്മാര്‍ക്ക് രണ്ടു തരത്തിലാണ് നീതി ലഭിക്കുന്നതെന്ന ആക്ഷേപം വ്യാപകമാണ്. ഇത് വരുംദിവസങ്ങളില്‍ സംഘടനയില്‍ പൊട്ടിത്തെറിക്ക് കാരണമായേക്കും.


 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.