പ്രിൻസിപ്പൽമാരില്ലാതെ 194 ഹയർ സെക്കൻഡറി സ്കൂളുകൾ

തിരുവനന്തപുരം: കേരളത്തിലെ 194 ഹയർ സെക്കൻഡറി സ്കൂളുകളിൽ പ്രിൻസിപ്പൽമാരില്ലെന്ന് സർക്കാർ കണക്കുകൾ. പ്രിൻസിപ്പൽ പ്രമോഷൻ ഇതുവരെ നടന്നിട്ടില്ല. കെ.ഇ.ആർ ഭേദഗതിയിലൂടെ പ്രിൻസിപ്പൽ സ്കൂളിന്‍റെ പൊതു മേലധികാരിയായെങ്കിലും പ്രിൻസിപ്പൽ നിയമനവും ട്രാൻസ്ഫറും സമയബന്ധിതമായി നടത്തുന്നതിൽ വിദ്യാഭ്യാസവകുപ്പ് അനാസ്ഥ കാട്ടുകയാണ്.

മാർച്ച് -മേയ് മാസങ്ങളിൽ നടന്ന റിട്ടയർമെന്‍റിലെ ഒഴിവുകൾ ഒക്ടോബറിലും നികത്തിയിട്ടില്ല. ഡിപ്പാർട്ട്മെന്‍റൽ പ്രമോഷൻ കമ്മിറ്റി ജൂലൈ 26ന് കൂടി രണ്ടുമാസം കഴിയുമ്പോഴും നിയമനം നടക്കുന്നില്ല. പൊതു വിദ്യാഭ്യാസ വകുപ്പിലെ എൽ.പി, യു.പി എച്ച്.എം, ഹൈസ്കൂൾ എച്ച്.എം, എ.ഇ.ഒ, ഡി.ഇ.ഒ, ഡി.ഡി ഒഴിവുകളും ട്രാൻസ്ഫറുമെല്ലാം ജൂണിൽതന്നെ പൂർത്തിയായിരുന്നു. എന്നാൽ, സ്കൂൾ നടത്തിപ്പിന്‍റെ പ്രധാന ചുമതല വഹിക്കുന്ന പ്രിൻസിപ്പൽ നിയമനം നടത്താത്തത് അക്കാദമിക-ഭരണ പ്രതിസന്ധിക്ക് കാരണമാകുന്നുണ്ട്. ഖാദർ കമ്മിറ്റി റിപ്പോർട്ടിലും കോടതി ഉത്തരവുകളിലും വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട എല്ലാ ട്രാൻസ്ഫറുകളും പ്രമോഷനുകളും വെക്കേഷൻ കാലത്തുതന്നെ നടത്തണമെന്ന് നിർദേശിച്ചിരുന്നെങ്കിലും പാലിക്കപ്പെടുന്നില്ല.

പ്ലസ് വൺ ഇംപ്രൂവ്മെന്‍റ് പരീക്ഷ, ശാസ്ത്രമേളകൾ, കലോത്സവങ്ങൾ, കായിക മേളകൾ എന്നിങ്ങനെ പ്രിൻസിപ്പലിന്‍റെ നേതൃത്വത്തിൽ ഈ മാസവും അടുത്ത മാസവുമായി നടക്കേണ്ട വിവിധ പ്രവർത്തനങ്ങളുണ്ട്. ഒപ്പം അക്കാദമികവും ഭരണപരവുമായ ദൈനംദിന പ്രവർത്തനങ്ങളും. സീനിയർ അധ്യാപകരിലാർക്കെങ്കിലും ചാർജ് നൽകി മുന്നോട്ടു പോകുന്ന സംവിധാനം ആശാസ്യമല്ലെന്നും സ്ഥിരം പ്രിൻസിപ്പൽ നിയമനം അടിയന്തരമായി നടത്തണമെന്നും അധ്യാപക സംഘടനകൾ ആവശ്യപ്പെടുന്നു. നിയമനം വൈകുന്നത് കോടതി നിർദേശപ്രകാരമുള്ള അധ്യാപകരുടെ അഡ്ജസ്റ്റ്മെന്‍റ് ട്രാൻസ്ഫറിനെയും ബാധിച്ചേക്കാം.

Tags:    
News Summary - 194 higher secondary schools without principals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.