വേദി ഒന്നിൽ നടന്ന മോഹനിയാട്ടം (ഫോട്ടോ: ബിമൽ തമ്പി)

കൊട്ടിക്കേറി കലോത്സവമേളം; പോരാട്ടത്തിൽ കണ്ണൂർ മുന്നിൽ; തൊട്ടുപിന്നിൽ കോഴിക്കോടും

കോഴിക്കോട്: കോവിഡ് മഹാമാരി മൂലം രണ്ടു വർഷം ഇല്ലാതിരുന്ന കലോത്സവം കോഴിക്കോടിന്റെ മുറ്റത്ത് വീണ്ടും വരുമ്പോൾ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ കണ്ണൂർ മുന്നിൽ. 83 പോയിന്റുകളാണ് കണ്ണൂർ നേടിയത്. ഒരു പോയിന്റിന്റെ മാത്രം വ്യത്യാസത്തിൽ തൊട്ടുപിന്നിലുള്ള കോഴിക്കോട്ടുകാർ സ്വർണക്കപ്പിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല.ഓരോ പോയിന്റ് വ്യത്യാസത്തിൽ കൊല്ലവും തൃശൂരും പിറകെ വരുന്നു. കഴിഞ്ഞ കലോത്സവത്തിൽ കോഴിക്കോടിനൊപ്പം കപ്പ് നേടിയ പാലക്കാട് 78 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്.

61ാം സ്കൂൾ കലോത്സവത്തിൽ വാശിയേറിയ പോരാട്ടങ്ങളാണെങ്കിലും ഇത്തവണ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളില്ല. ഗ്രേഡുകൾ മാത്രമാണുള്ളത്. കലോത്സവം കുട്ടികളിൽ ഉത്കണ്ഠയും വിഷാദവുമുൾപ്പെടെ പ്രശ്നങ്ങൾക്കിടയാക്കാതിരിക്കാനാണ് സ്ഥാനങ്ങൾ ഒഴിവാക്കിയത്. കലാ മാമങ്കം ഉത്സവമാണെന്നും മത്സരമാകരുതെന്നുമാണ് മന്ത്രിമാരും കോടതിയുമടക്കം അഭിപ്രായപ്പെട്ടത്.

ചൊവ്വാഴ്ച രാവിലെ പ്രധാന വേദിയായ അതിരാണിപ്പാടത്ത് ഏഴുതിരിയിട്ട വിളക്ക് തെളിയിച്ച് കലോത്സവത്തിന് തുടക്കം കുറച്ച് മുഖ്യമന്ത്രി ഓർമിപ്പിച്ചതും കലോത്സവമാണ്, ആസ്വദിക്കണമെന്നും മത്സരിക്കേണ്ടതില്ലെന്നുമാണ്. കുട്ടികളെ അനാവശ്യ ഉത്കണ്ഠയിലേക്ക് തള്ളിവിടാതിരിക്കാൻ രക്ഷിതാക്കൾ അടക്കം ശ്രദ്ധിക്കണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞിരുന്നു.

വിജയിക്കുകയല്ല, പ​ങ്കെടുക്കുകയാണ് കാര്യമെന്നും ഈവേദിയിൽ എത്തി എന്നതു തന്നെ വിജയമാണെന്നും നടിയും നർത്തകിയുമായ ആശാ ശരത്തും ആശംസാ പ്രസംഗത്തിൽ പറഞ്ഞിരുന്നു.

Tags:    
News Summary - kerala state school kalolsavam point

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.