അ​നൂ​പ് ശ​ർ​മ

ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിനെ എങ്ങനെ വിലയിരുത്തുന്നു?

ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം അത്ഭുതങ്ങൾ നിറഞ്ഞതായിരിക്കും. ഒരു സംശയവും വേണ്ട. കഴിഞ്ഞ 10-12 വർഷമായി വളരെ അടുത്തുനിന്ന് ഗുജറാത്ത് രാഷ്ട്രീയം നോക്കിക്കാണുന്ന ആളെന്ന നിലക്കാണ് ഞാനിത് പറയുന്നത്. അതിനുമുമ്പ് ആറു വർഷം ഗുജറാത്തിൽ മാധ്യമപ്രവർത്തകനായിരുന്നു.

ഇത്തവണത്തെ ഫലം നിങ്ങളെ അത്ഭുതപ്പെടുത്തും. കഴിഞ്ഞ തവണ വോട്ടർമാർ വളരെ ആവേശത്തിലായിരുന്നുവെങ്കിൽ ഇക്കുറി വളരെ നിശ്ശബ്ദരാണ്. സാധാരണ ഗതിയിൽ തെരഞ്ഞെടുപ്പ് അടുക്കുമ്പോഴെങ്കിലും വോട്ടർമാരുടെ മനോഭാവം മനസ്സിലാകും. എന്നാൽ, ഇത്തവണ ആർക്ക് അനുകൂലമായും ഒരു തരംഗവുമില്ല.

അതിനാൽ ഈ ഫലം പ്രവചിക്കുക പ്രയാസമാണ്. എന്നാൽ, വോട്ടിങ് ശതമാനം വളരെ കുറഞ്ഞാൽ ഭരണവിരുദ്ധ വികാരം വോട്ടായില്ലെന്ന് മനസ്സിലാക്കേണ്ടിവരും. സ്വാഭാവികമായും 150ഉം കടന്ന് ബി.ജെ.പി ഗുജറാത്ത് തൂത്തുവാരും. ബി.ജെ.പി വോട്ടുകൾ ഏതു നിലക്കും ബൂത്തിലെത്തും. മറിച്ചാണെങ്കിൽ ഫലം നേർവിപരീതവുമാകും. ഏതായാലും ഇത്രയുമൊരു നിശ്ശബ്ദത ഗുജറാത്തിൽ മുമ്പൊരിക്കലും കണ്ടിട്ടില്ല.

കോൺഗ്രസ് നിശ്ശബ്ദ പ്രചാരണത്തിലാണെന്നാണല്ലോ പറയുന്നത്?

കോൺഗ്രസ് എന്തുകൊണ്ടാണ് ഇത്രയും ശാന്തമായ പ്രചാരണം നടത്തിയത് എന്ന് മനസ്സിലാകുന്നില്ല. അരവിന്ദ് കെജ്രിവാൾ പ്രകടിപ്പിക്കുന്നതുപോലൊരു ആത്മവിശ്വാസം കോൺഗ്രസിനില്ല.

കോൺഗ്രസ് പരസ്യപ്രചാരണം നടത്താത്തത് തന്ത്രമായി കരുതുന്നുണ്ടോ? രാഹുലും പ്രിയങ്കയും കൂടുതൽ പ്രചാരണത്തിന് വന്നില്ലല്ലോ?

വന്നാലും അവർ പലപ്പോഴും വിവാദങ്ങളിൽ വീണുപോകാറാണുള്ളത്. കോൺഗ്രസ് നേതാക്കൾ ഗുജറാത്തിൽ വന്ന് വല്ലതുമൊക്കെ പറയും. ബി.ജെ.പി അതിൽപിടിച്ച് തങ്ങളുടെ തെരഞ്ഞെടുപ്പ് പ്രചാരണം മുന്നോട്ടുകൊണ്ടുപോകും. 'ചൗക്കീദാർ ചോർ ഹെ' അത്തരത്തിലുള്ള ഒന്നായിരുന്നു. ഇത്തവണ ആ തരത്തിൽ വലുതൊന്നും ബി.ജെ.പിക്ക് ലഭിച്ചില്ല.

ജനങ്ങളുടെ നിശ്ശബ്ദതക്ക് ഇതും ഒരു കാരണമാണ്. നിശ്ശബ്ദത ഭഞ്ജിക്കപ്പെടണമെങ്കിൽ എല്ലാ ഭാഗത്തുനിന്നും പ്രചാരണ ശബ്ദമുയരേണ്ടതുണ്ട്. ബി.ജെ.പിക്കെതിരെ എതിരാളികൾ വല്ല അവസരമൊരുക്കിയാലല്ലേ കുറെക്കൂടി ശക്തമായി പോകാൻ ബി.ജെ.പിക്ക് സാധിക്കുകയുള്ളൂ. എതിരാളികൾ ശബ്ദമുയർത്തിയില്ലെങ്കിൽ ഒരു ഭാഗം മാത്രം ശബ്ദമുയർത്തിയാലും ജനം ശ്രദ്ധിക്കില്ലല്ലോ.

പക്ഷേ, 2002 ഓർമിപ്പിക്കാൻ ബി.ജെ.പി ശ്രമിച്ചല്ലോ?

അമിത് ഷാ 2002 പറഞ്ഞെങ്കിലും ആരും അത് ഏറ്റു പിടിച്ചില്ലല്ലോ. ഉവൈസി മാത്രമാണ് ബിൽക്കീസ് ബാനു വിഷയം ഉന്നയിച്ച് അതിന് മറുപടി നൽകിയത്. അതു മാത്രമല്ല, അതുപോലെ പല ശ്രമങ്ങളും ബി.ജെ.പി നടത്തി. ശ്രദ്ധയെ നിഷ്ഠുരമായി കൊലപ്പെടുത്തിയതും പ്രചാരണമാക്കാൻ നോക്കിയെങ്കിലും ജനം അതും ചർച്ചചെയ്തില്ല.

ഇത്രയും ഒരു നിശ്ശബ്ദ തെരഞ്ഞെടുപ്പ് ഞാൻ കണ്ടിട്ടില്ല. ഒരുപക്ഷേ ബി.ജെ.പി തൂത്തുവാരാം. അതല്ലെങ്കിൽ ആർക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യവുമാകാം.

ഉവൈസി ഘടകം ബി.ജെ.പിക്ക് ഗുണം ചെയ്യുമെന്ന വാദമുണ്ടല്ലോ?

ഉവൈസി ഗുജറാത്തിൽ ഇക്കുറി ഒരു ഘടകമല്ല. 50 സ്ഥാനാർഥികളെ നിർത്തുമെന്നാണ് ഉവൈസി ആദ്യം പറഞ്ഞിരുന്നത്. അതിനുള്ള സ്ഥാനാർഥികളെപ്പോലും ഉവൈസിക്ക് കിട്ടിയില്ല. ഒടുവിൽ 20 സീറ്റുകളിൽപോലും സ്ഥാനാർഥികളെ നിർത്താനായില്ല.

ഗുജറാത്തിലെ മുസ്‍ലിം വോട്ടർമാർതന്നെ ഉവൈസിയെ വേണ്ടെന്നു പറയുന്നുണ്ട്. ജമാൽപുരിൽ മാത്രമാണ് ഉവൈസി ഇളക്കമുണ്ടാക്കിയത്. ആ ഇളക്കം ബി.ജെ.പി സ്ഥാനാർഥിയുടെ വിജയത്തിന് സഹായകരമാകുകയും ചെയ്യും.

മുസ്‍ലിംകൾ ഇക്കുറി കോൺഗ്രസിനെ വിട്ട് ആം ആദ്മി പാർട്ടിക്ക് വോട്ട് ചെയ്യുമെന്ന് കരുതുന്നുണ്ടോ?

അതിലെനിക്ക് സംശയമുണ്ട്. മുസ്‍ലിം വോട്ടുകളുടെ കാര്യത്തിൽ പഴയതുപോലെ മുൻകൂട്ടി പ്രവചനം സാധ്യമല്ല. മുസ്‍ലിംസമുദായം ഏകോപിച്ച് ബി.ജെ.പിക്കെതിരെ ജയസാധ്യതയുള്ള സ്ഥാനാർഥിക്ക് വോട്ടുചെയ്യുന്ന രീതിയാണിപ്പോൾ പിന്തുടരുന്നത്. ഏതു സ്ഥാനാർഥിക്ക് വോട്ടുചെയ്യണമെന്ന് അവർ വോട്ടിന് തലേന്ന് തീരുമാനിക്കും.

അതിനാൽതന്നെ ഈ തെരഞ്ഞെടുപ്പിൽ അവർ കോൺഗ്രസിനെ പൂർണമായി വിട്ടുപോകുമെന്ന് തോന്നുന്നില്ല. കോൺഗ്രസിന് സംസ്ഥാനതലത്തിൽ ഉയർത്തിക്കാണിക്കാൻ ഒരു ജനകീയ നേതാവില്ലെന്നേയുള്ളൂ. ജില്ലതലത്തിൽ വളരെ ശക്തരായ നേതാക്കൾ ഇപ്പോഴും കോൺഗ്രസിനുണ്ട്.

വോട്ടുചോർച്ചയുടെ കാര്യത്തിൽ ആം ആദ്മി പാർട്ടി കാരണം കൂടുതൽ നഷ്ടം കോൺഗ്രസിനോ? അതോ ബി.ജെ.പിക്കോ?

അതും പറയാനാകില്ല. ആപ്പിന്റെ വോട്ട് ഓരോ സീറ്റിലും ഫലത്തെ ബാധിക്കും. ആപ് ഘടകത്തെ ആർക്കും തള്ളാനാകില്ല.

ആപ് സാന്നിധ്യം നഗരങ്ങളിൽ ബി.ജെ.പിക്കും ഗ്രാമങ്ങളിൽ കോൺഗ്രസിനും നഷ്ടമുണ്ടാക്കും എന്ന് പറയുന്നുണ്ടല്ലോ?

ഈ പറയുന്നതിൽ കാര്യമില്ല. നഗരങ്ങളിൽ ബി.ജെ.പി വോട്ട് ആപ് പിടിക്കുമെങ്കിൽ എന്തുകൊണ്ട് ഗ്രാമങ്ങളിൽ പിടിക്കില്ല. ആപ് പിടിക്കുന്ന വോട്ടുകൾ രണ്ടു കൂട്ടരുടേതുമാകാം.

ആർ.എസ്.എസ് പ്രവർത്തകരും ബി.ജെ.പി വോട്ടുകൾ ബൂത്തുകളിലെത്തിക്കാനുണ്ടാവില്ലേ?

ഇക്കുറി ആർ.എസ്.എസ് പ്രവർത്തകർ അവർക്കൊപ്പം അത്ര സജീവമാണെന്നു തോന്നുന്നില്ല.

Tags:    
News Summary - gujarat assembly election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.