കൊറിയകള്‍ക്കിടയില്‍ സംഘര്‍ഷം; അതിര്‍ത്തിയില്‍ വെടിവെപ്പ്

സോള്‍: ഉത്തര കൊറിയക്കും ദക്ഷിണ കൊറിയക്കുമിടയിലെ സംഘര്‍ഷങ്ങള്‍ക്ക് ആക്കംകൂട്ടി അതിര്‍ത്തിയില്‍ വീണ്ടും വെടിവെപ്പ്. വ്യാഴാഴ്ച വൈകീട്ട് പ്രാദേശിക സമയം 3.55നാണ് ദക്ഷിണ കൊറിയയിലെ യോഞ്ചിയോന്‍ പ്രദേശത്തെ സൈനികകേന്ദ്രം ലക്ഷ്യമാക്കി ഉത്തര കൊറിയ റോക്കറ്റ് ആക്രമണം നടത്തിയത്. ഇതേതുടര്‍ന്ന് നിരവധിതവണ ദക്ഷിണ കൊറിയ തിരിച്ചും ആക്രമണം നടത്തുകയായിരുന്നു. ഇരുഭാഗത്തും നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഉത്തര കൊറിയയുടെ നീക്കങ്ങള്‍ നിരീക്ഷിച്ചുവരുകയാണെന്നും തുടര്‍നടപടികളെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ ഉടന്‍ യോഗം ചേരുമെന്നും ദക്ഷിണ കൊറിയന്‍ പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു. ആക്രമണം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്നവരോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ ദക്ഷിണ കൊറിയന്‍ ഭരണകൂടം നിര്‍ദേശം നല്‍കി. 80ഓളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

അതിര്‍ത്തിയില്‍ ഉത്തര കൊറിയക്കെതിരായ പ്രചാരണങ്ങള്‍ക്ക് ദക്ഷിണ കൊറിയ സ്ഥാപിച്ചിരുന്ന ലൗഡ് സ്പീക്കറുകള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈമാസം നാലിനുണ്ടായ കുഴിബോംബ് സ്ഫോടനത്തില്‍ രണ്ട് ദക്ഷിണ കൊറിയന്‍ സൈനികര്‍ക്ക് പരിക്കേറ്റിരുന്നു. ഉത്തര കൊറിയയുടെ ഭാഗത്തുനിന്നുള്ള എല്ലാത്തരം പ്രകോപനങ്ങള്‍ക്കും ശക്തമായ തിരിച്ചടി നല്‍കുമെന്നും  ദക്ഷിണ കൊറിയന്‍ സൈനിക മേധാവി അടുത്തിടെ വ്യക്തമാക്കിയതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്.

അതിര്‍ത്തിയില്‍നിന്ന് ലൗഡ് സ്പീക്കറുകളുപയോഗിച്ച് ഇരു രാജ്യങ്ങളും പരസ്പരം നടത്തിയിരുന്ന പ്രചാരണം 2004ല്‍ അവസാനിപ്പിച്ചശേഷം അടുത്തിടെയാണ് പുനരാരംഭിച്ചത്. അമേരിക്കയുമായി സഹകരിച്ച് ദക്ഷിണ കൊറിയ തിങ്കളാഴ്ച സംയുക്ത സൈനികാഭ്യാസം നടത്തിയിരുന്നു. പ്രതിരോധ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു അഭ്യാസമെന്ന് ദക്ഷിണ കൊറിയ വിവരിക്കുമ്പോഴും അധിനിവേശത്തിന് കളമൊരുക്കാനുള്ള നീക്കമായാണ് ഇതിനെ ഉത്തര കൊറിയ കണക്കാക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.