അഫ്ഗാനിസ്താനില്‍ വീണ്ടും സ്ഫോടനം; മരണം 50 കടന്നു

കാബൂള്‍: 24 മണിക്കൂറിനിടെ അഫ്ഗാനിസ്താനില്‍ വീണ്ടും ചാവേര്‍ ബോംബ് സ്ഫോടന പരമ്പര. കാബൂള്‍ പൊലീസ് അക്കാദമിക്കു സമീപവും കാബുള്‍ വിമാനത്താവളത്തിനടുത്തുള്ള നാറ്റോ താവള (ക്യാമ്പ് ഇന്‍റഗ്രിറ്റി)ത്തിന് പുറത്തുമാണ് ആക്രമണങ്ങളുണ്ടായത്. പൊലീസ് അക്കാദമിക്കടുത്തുണ്ടായ ആക്രമണത്തില്‍ 20 പൊലീസുകാര്‍ കൊല്ലപ്പെട്ടു. 27 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ എണ്ണം ഉയരാന്‍ സാധ്യതയുണ്ട്. അക്കാദമിയിലേക്ക് പ്രവേശിക്കുന്നതിന് ക്യൂ നില്‍ക്കുകയായിരുന്ന പൊലീസ് ട്രെയ്നികളുടെ ഇടയിലാണ് ചാവേര്‍ പൊട്ടിത്തെറിച്ചതെന്ന് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. ചാവേറുകള്‍ പൊലീസ് വേഷത്തിലാണ് എത്തിയതെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
എല്ലാ വര്‍ഷവും കാബൂള്‍ അക്കാദമിയില്‍നിന്ന് 2000 മുതല്‍ 3000 വരെ പുതിയ പൊലീസുകാര്‍ പുറത്തിറങ്ങുന്നുണ്ട്. വെള്ളിയാഴ്ച രാവിലെ സൈനിക താവളത്തിന് സമീപമുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടതിന്‍െറ നടുക്കം മാറുന്നതിനു മുമ്പാണ് മറ്റൊരു സ്ഫോടനം ഉണ്ടാകുന്നത്. 400ലധികം പേര്‍ക്കാണ് ശക്തിയേറിയ സ്ഫോടനത്തില്‍ പരിക്കേറ്റത്. ഏറെ ജനസാന്ദ്രതയുള്ള കച്ചവട കേന്ദ്രത്തിലേക്ക് സ്ഫോടന വസ്തുക്കളുമായി എത്തിയ വാന്‍ പൊട്ടിത്തെറിക്കുകയായിരുന്നു.ഒന്നാമത്തെ ആക്രമണത്തിന്‍െറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. രണ്ടാമത്തെ സ്ഫോടനത്തിന്‍െറ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്.
അതേസമയം, അഫ്ഗാന്‍ വിമാനത്താവളത്തിനടുത്ത് മറ്റൊരു സ്ഫോടനത്തില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടതായി അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ക്യാമ്പ് ഇന്‍റഗ്രിറ്റി എന്ന് വിളിക്കുന്ന നാറ്റോ സഖ്യസേന ഉപയോഗിക്കുന്ന താവളത്തിനടുത്താണ് ആക്രമണം നടന്നത്. ഈ ആക്രമണത്തില്‍ ഒരു അന്താരാഷ്ട്ര സേവന സംഘത്തിലെ അംഗമടക്കം എട്ട് പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. സ്ഫോടനത്തിന് പുറമെ വെടിവെപ്പുകള്‍ നടന്നതായും നാറ്റോ സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
താലിബാന്‍െറ ആക്രമണത്തെ അഫ്ഗാന്‍ പ്രസിഡന്‍റ് അശ്റഫ് ഗനി അപലപിച്ചു. സംഘടനയുടെ നേതൃസ്ഥാനങ്ങളില്‍ ഉണ്ടായിട്ടുള്ള അസ്വാരസ്യങ്ങള്‍ പൊതുജനങ്ങളില്‍നിന്ന് മറച്ചുവെക്കുന്നതിനു വേണ്ടിയാണ് ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.