വാടക ഗര്‍ഭധാരണ ബില്‍ മൗലികാവകാശങ്ങള്‍ ലംഘിക്കുന്നത് –നിയമവിദഗ്ധര്‍

ന്യൂഡല്‍ഹി: മൂന്നു മാസം മുമ്പ് കേന്ദ്ര മന്ത്രിസഭ പാസാക്കിയ വാടക ഗര്‍ഭധാരണ (നിയന്ത്രിക്കല്‍) ബില്‍ ഭരണഘടനാ അവകാശങ്ങള്‍ ലംഘിക്കുന്നതാണെന്ന് നിയമവിദഗ്ധര്‍. സ്വകാര്യതക്കുള്ള അടിസ്ഥാന അവകാശങ്ങളും മൗലികാവകാശങ്ങളും ലംഘിക്കുന്ന നിയന്ത്രണങ്ങള്‍ ബില്ലില്‍ അടിച്ചേല്‍പിക്കുന്നുണ്ടെന്ന് മുന്‍ അറ്റോണി ജനറല്‍ സോളി സൊറാബ്ജി പറഞ്ഞു. ബില്ലിനെക്കുറിച്ച് സംഘടിപ്പിച്ച പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിസഭ പാസാക്കിയ ബില്‍ ഇനിയും പാര്‍ലമെന്‍റില്‍ എത്തിയിട്ടില്ല. ബില്ലിന്‍െറ അന്തിമ രൂപം പൊതുജനങ്ങള്‍ക്കും ലഭ്യമായിട്ടില്ല. അതേസമയം, മാതാപിതാക്കളെയും വാടക അമ്മമാരെയും സംബന്ധിച്ച് ബില്ലില്‍ അവതരിപ്പിച്ചിരിക്കുന്ന അഞ്ച് നിയന്ത്രണങ്ങളെക്കുറിച്ച് ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

വാണിജ്യാടിസ്ഥാനത്തിലുള്ള വാടക ഗര്‍ഭധാരണം പൂര്‍ണമായി നിരോധിക്കുന്നതാണ് പുതിയ ബില്‍. നിയമപരമായി വിവാഹിതരായി അഞ്ചു വര്‍ഷം കഴിഞ്ഞ, കുട്ടികളുണ്ടാകാന്‍ സാധ്യതയില്ലാത്ത ദമ്പതികള്‍ക്കാണ് വാടക ഗര്‍ഭധാരണത്തിന് അവകാശം. മാത്രമല്ല, ഭര്‍ത്താവിന് 26നും 55നും ഭാര്യക്ക് 23നും 50നും ഇടയിലായിരിക്കണം പ്രായം. പ്രവാസി ഇന്ത്യക്കാര്‍, വിദേശികള്‍, അവിവാഹിതരായ ദമ്പതികള്‍, ഏക മാതാപിതാക്കള്‍, വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കുന്നവര്‍, സ്വവര്‍ഗ ദമ്പതികള്‍ എന്നിവര്‍ക്ക് വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞുങ്ങളുണ്ടാകുന്നത് വിലക്കിയതാണ് ബില്ലിലെ ഏറ്റവും വിവാദ വ്യവസ്ഥയെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

വാടക അമ്മയാകുന്നതിനുള്ള യോഗ്യതയും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. വാണിജ്യാടിസ്ഥാനത്തില്‍ വാടക ഗര്‍ഭധാരണം നടത്തുന്നവര്‍ക്ക് ചുരുങ്ങിയത് 10 വര്‍ഷം തടവും 10 ലക്ഷം രൂപ വരെ പിഴയും വ്യവസ്ഥ ചെയ്യുന്നു. പാര്‍ലമെന്‍റില്‍ അവതരിപ്പിക്കുന്നതിനുമുമ്പ് ബില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്നും  ജനങ്ങളുടെ അഭിലാഷങ്ങള്‍ക്കുമേല്‍ സര്‍ക്കാറിന്‍െറ കാഴ്ചപ്പാടുകള്‍ അധീശത്വം നടത്താന്‍ പാടില്ളെന്നും അഭിഭാഷകനായ അനില്‍ മല്‍ഹോത്ര പറഞ്ഞു.

Tags:    
News Summary - uterus for rent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.