താരിഫുകളും വിസ നിയന്ത്രണങ്ങളും ഇന്ത്യയെ ശിക്ഷിക്കാനുള്ളതല്ല; വ്യാപാരക്കരാർ ആഴ്ചകൾക്കുള്ളിൽ പൂർത്തിയാകു​മെന്ന് റൂബിയോ

ന്യൂഡൽഹി: ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താനും അമേരിക്കയുടെ നടപടികളെക്കുറിച്ച് ഉയർന്നു വരുന്ന ആശങ്കകൾ കുറക്കാനും ലക്ഷ്യമിട്ടുള്ള നിർണായക പ്രസ്താവനകളുമായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയ. അമേരിക്ക ഏർപ്പെടുത്തിയ താരിഫുകൾ ഇന്ത്യയെ ‘ശിക്ഷിക്കുക’ എന്ന ലക്ഷ്യത്തോടെയുള്ളതല്ലെന്നും, അമേരിക്കയുടെ വിസ നിയന്ത്രണങ്ങൾ ഇന്ത്യയെ മാത്രം ലക്ഷ്യമിട്ടുള്ള നടപടികളല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ദി ഇന്ത്യൻ എക്സ്പ്രസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് റൂബിയോ ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാർ അന്തിമമാക്കുന്നതിലേക്ക് ഇരുരാജ്യങ്ങളും വളരെ അടുത്തെത്തിയതായും അദ്ദേഹം പറഞ്ഞു. ഒന്നര വർഷത്തിലേറെയായി തുടരുന്ന വ്യാപാര ചർച്ചകൾ നിർണായക ഘട്ടത്തിലെത്തിയിരിക്കുകയാണെന്നാണ് റൂബിയോയുടെ വാക്കുകൾ സൂചിപ്പിക്കുന്നത്. കരാർ പൂർത്തിയാക്കാൻ ഇനി അധികം സമയമെടുക്കില്ലെന്ന ശുഭാപ്തിവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.

‘ഈ കരാർ പൂർത്തിയാക്കുന്നതിലേക്ക് നമ്മൾ വളരെ അടുത്തെത്തിയിരിക്കുകയാണ്. മാസങ്ങളല്ല, ഏതാനും ആഴ്ചകൾക്കുള്ളിൽ കരാർ അന്തിമമാക്കാൻ കഴിയുമെന്നാണ് ഞാൻ കരുതുന്നത്. ഏകദേശം 99 ശതമാനം ജോലികളും പൂർത്തിയായിക്കഴിഞ്ഞു. എന്നാൽ, ഒരു കരാർ പൂർണമാകണമെങ്കിൽ ബാക്കിയുള്ള ഒരു ശതമാനം കാര്യങ്ങളും പൂർത്തിയാക്കേണ്ടതുണ്ട്. എന്നിരുന്നാലും, ഇപ്പോൾ മുന്നോട്ടുപോകുന്ന രീതിയിൽ എനിക്ക് വളരെ പ്രതീക്ഷയുണ്ട്,’ റൂബിയോ പറഞ്ഞു.

അതേസമയം വ്യാപാര കരാറുമായി ബന്ധപ്പെട്ട് ഇപ്പോഴും പരിഹരിക്കപ്പെടാത്ത വിഷയങ്ങൾ എന്തൊക്കെയാണെന്ന് വെളിപ്പെടുത്താൻ റൂബിയോ തയാറായില്ല. “പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് വിശദമായി പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അവയെ വെറും സാങ്കേതിക പ്രശ്നങ്ങളെന്ന് വിളിക്കാനും കഴിയില്ല. ചില വാക്കുകൾക്ക് എന്താണ് അർഥം, ചില പ്രയോഗങ്ങൾ എങ്ങനെയാണ് മനസ്സിലാക്കേണ്ടത് തുടങ്ങിയ ഭാഷാപരമായ കാര്യങ്ങളിലാണ് ഇപ്പോൾ ചർച്ചകൾ എത്തിനിൽക്കുന്നത്,” അദ്ദേഹം കൂട്ടിച്ചേർത്തു.

റഷ്യയിൽനിന്ന് എണ്ണയും പ്രകൃതിവാതകവും ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്കെതിരെ 100 ശതമാനം വരെ അധിക താരിഫുകൾ ഏർപ്പെടുത്താനുള്ള അമേരിക്കയുടെ മുൻ തീരുമാനത്തെക്കുറിച്ചും റൂബിയോ പ്രതികരിച്ചു. താരിഫ് നടപടികൾ ഇന്ത്യ-അമേരിക്ക സാമ്പത്തിക ബന്ധത്തെ ബാധിക്കുമോ എന്ന ചോദ്യത്തിന്, അങ്ങനെ സംഭവിക്കാനുള്ള സാധ്യതയുണ്ടെന്ന് റൂബിയോ സമ്മതിച്ചു. അതുകൊണ്ടുതന്നെ ഇത്തരം വിഷയങ്ങൾ വളരെ ശ്രദ്ധാപൂർവം കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

റഷ്യൻ എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ നേരിട്ടേക്കാവുന്ന സാമ്പത്തിക സമ്മർദങ്ങളെക്കുറിച്ചുള്ള ആശങ്കകൾക്കിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. കഴിഞ്ഞ ആഴ്ച യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇക്കാര്യത്തിൽ ഇളവ് പ്രഖ്യാപിച്ചിരുന്നു.

അമേരിക്കയുടെ വിസ നിയന്ത്രണങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരണം നൽകി. കുടിയേറ്റ സംവിധാനത്തിലെ ദീർഘകാലമായുള്ള വീഴ്ചകൾ പരിഹരിക്കുകയാണ് നിലവിലെ ഭരണകൂടത്തിന്റെ ലക്ഷ്യമെന്നും, കഴിഞ്ഞ 20 വർഷമായി വേണ്ടത്ര ശ്രദ്ധ ലഭിക്കാത്തതും നിയമങ്ങൾ കൃത്യമായി നടപ്പാക്കപ്പെടാത്തതുമായ കുടിയേറ്റ സംവിധാനത്തെ പരിഷ്കരിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ നടപടികൾ ഇന്ത്യയെ മാത്രം ലക്ഷ്യമിട്ടുള്ളതല്ലെന്നും റൂബിയോ ഊന്നിപ്പറഞ്ഞു.

അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയായി ചുമതലയേറ്റതിന് ശേഷമുള്ള കാലയളവിൽ ഇന്ത്യ-അമേരിക്ക ബന്ധം പൊതുവെ അനുകൂലമായ ദിശയിലാണ് മുന്നോട്ടുപോയതെന്നും റൂബിയോ വിലയിരുത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ പ്രധാന ഉദാഹരണമായി അദ്ദേഹം ‘ക്വാഡ്’ കൂട്ടായ്മയെ ചൂണ്ടിക്കാട്ടി. ഇന്ത്യ, അമേരിക്ക, ജപ്പാൻ, ആസ്ട്രേലിയ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന ക്വാഡ് കൂട്ടായ്മയിലൂടെ സഹകരണം കൂടുതൽ പ്രായോഗികമായ നടപടികളിലേക്ക് നീങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.

ചൈനയുമായുള്ള ബന്ധത്തിൽ ട്രംപ് ഭരണകൂടം മൃദുസമീപനമാണ് സ്വീകരിക്കുന്നതെന്ന വിമർശനവും റൂബിയോ തള്ളി. ചൈനയുമായുള്ള ബന്ധത്തിൽ തന്ത്രപരമായ സ്ഥിരത കൈവരിക്കാനാണ് നിലവിലെ ഭരണകൂടം ശ്രമിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. അമേരിക്കൻ ഭരണകൂടം പാകിസ്താനിലെ സൈനിക നേതൃത്വവുമായി അടുപ്പം പുലർത്തുന്നതിനെക്കുറിച്ച ആശങ്കകൾക്കും റൂബിയോ മറുപടി നൽകി. ലോകത്തിലെ മറ്റേതെങ്കിലും രാജ്യവുമായുള്ള ബന്ധവും ഇന്ത്യയുമായുള്ള അമേരിക്കയുടെ ബന്ധത്തിന് ചെലവാകുന്ന തരത്തിൽ മുന്നോട്ടുകൊണ്ടുപോകില്ലെന്നും അദ്ദേഹം ഉറപ്പുനൽകി. 

Tags:    
News Summary - US Trade Secretary Marco Rubio Says Tariffs and Visas Are Not Meant to Punish Indiaus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.