‘വിവേചന സ്വഭാവമുള്ളത്’; പൗരത്വ നിയമത്തിൽ ആശങ്ക പ്രകടിപ്പിച്ച് യു.എന്നും അമേരിക്കയും

ന്യൂഡൽഹി: മുസ്‍ലിംകളെ മാത്രം ഒഴിവാക്കി മതാടിസ്ഥാനത്തിൽ പൗരത്വം നൽകുന്ന ഇന്ത്യയുടെ പുതിയ പൗരത്വ ഭേദഗതി ചട്ടങ്ങൾക്കെതിരെ ഐക്യരാഷ്ട്ര സഭയും അമേരിക്കയും രംഗത്തുവന്നു.

വിവാദ നിയമം മൗലികമായി വിവേചനപരമായ സ്വഭാവമുള്ളതാണെന്നും ഇന്ത്യയുടെ അന്താരാഷ്ട്ര മനുഷ്യാവകാശ കരാറുകളുടെ ലംഘനമാണെന്നും മനുഷ്യാവകാശങ്ങൾക്കുള്ള യു.എൻ ഹൈകമീഷണറുടെ വക്താവ് കുറ്റപ്പെടുത്തി. 2019ൽ തങ്ങൾ പറഞ്ഞതുപോലെ അടിസ്ഥാനപരമായി വിവേചന സ്വഭാവമുള്ളതാണ് പൗരത്വ നിയമ ഭേദഗതി. നിയമത്തിന്റെ ചട്ടങ്ങൾ അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുമായി ചേർന്നുനിൽക്കുമോ എന്ന കാര്യം പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് വക്താവ് ‘റോയിട്ടേഴ്സി’നോട് പറഞ്ഞു.

സി.എ.എ ചട്ടങ്ങളുടെ വിജ്ഞാപനത്തിൽ തങ്ങൾക്ക് ആശങ്കയുണ്ടെന്ന് അമേരിക്ക വ്യക്തമാക്കി. നിയമം നടപ്പാക്കുന്നതെങ്ങനെയെന്ന് തങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് വക്താവ് റോയിട്ടേഴ്സിനോട് പറഞ്ഞു. നിയമത്തിൽ എല്ലാ സമുദായങ്ങൾക്കുമുള്ള മതസ്വാതന്ത്ര്യവും തുല്യപരിഗണനയും മാനിക്കേണ്ടത് ജനാധിപത്യ തത്ത്വങ്ങളുടെ അടിസ്ഥാനമാണെന്നും വക്താവ് കൂട്ടിച്ചേർത്തു. ഇരുകൂട്ടരുടെയും അഭിപ്രായത്തോട് വാഷിങ്ടണിലെ ഇന്ത്യൻ എംബസി പ്രതികരിച്ചില്ലെന്നും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

അതേസമയം, വിജ്ഞാപനം ചെയ്ത സി.എ.എ ചട്ടങ്ങൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കൂടുതൽ ഹരജിക്കാർ സുപ്രീംകോടതിയിലെത്തി. കേരളത്തിൽനിന്ന് മുൻ പ്രതിപക്ഷ നേതാവ് കൂടിയായ രമേശ് ചെന്നിത്തലയും അസം പ്രതിപക്ഷ നേതാവ് ദേബബ്രത സൈകിയയും കോൺഗ്രസ് എം.പി അബ്ദുൽ ഖലീഖും ഓൾ അസം സ്റ്റുഡന്റ്സ് യൂനിയനുമാണ് സുപ്രീംകോടതിയിലെത്തിയത്. എന്നാൽ, സ്റ്റേ ചെയ്യാൻ, അപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യത്തോട് സുപ്രീംകോടതി വ്യാഴാഴ്ച പ്രതികരിച്ചിട്ടില്ല.

മതാടിസ്ഥാനത്തിൽ പൗരത്വം നൽകുന്നതിലൂടെ അസമിൽ ദേശീയ പൗരത്വ പട്ടികയിൽനിന്ന് (എൻ.ആർ.സി) പുറത്തായ ചില മതക്കാർക്ക് മാത്രം പൗരത്വ പരിരക്ഷ നൽകുകയും മുസ്‍ലിംകളെ വിദേശി ട്രൈബ്യൂണലുകൾ പീഡിപ്പിക്കുകയും ചെയ്യുമെന്ന് സി.എ.എക്കെതിരെ പ്രതിഷേധം വ്യാപകമായ അസമിലെ കോൺഗ്രസ് നേതാക്കൾ സുപ്രീംകോടതിയിൽ ബോധിപ്പിച്ചു.

പൗരത്വ നിയമ ഭേദഗതി ചട്ടങ്ങൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഇവർ സമർപ്പിച്ച ഹരജിയിൽ, കേന്ദ്ര ചട്ടങ്ങൾ അസം ഉടമ്പടിക്ക് എതിരാണെന്നും പറഞ്ഞു.

പ്രതിപക്ഷ നേതാവായിരിക്കെ സമർപ്പിച്ച ഹരജിയുടെ തുടർച്ചയായാണ്, ചട്ടങ്ങൾ സ്റ്റേ ചെയ്യാനുള്ള പുതിയ അപേക്ഷ സുപ്രീംകോടതി അഭിഭാഷകൻ രമേശ് ബാബു മുഖേന രമേശ് ചെന്നിത്തല സമർപ്പിച്ചത്. പൗരത്വ നിയമ ഭേദഗതിക്കായി കേന്ദ്രസർക്കാർ കൊണ്ടുവന്ന ചട്ടങ്ങൾ മരവിപ്പിക്കണമെന്ന് അപേക്ഷയിലുണ്ട്. ഭരണഘടന ഉറപ്പുനൽകുന്ന മതേതരത്വത്തിന് കടകവിരുദ്ധമാണ് നിയമവും ചട്ടവും. മുസ്‌ലിംകളിൽ അരക്ഷിത ബോധം വളർത്താനും ജനങ്ങൾക്കിടയിൽ അസ്വസ്ഥത പടർത്താനും മാത്രമേ നിയമം ഉപകരിക്കൂ. 2019ൽ സമർപ്പിച്ച ഹരജികളിൽ സ്റ്റേ ഇല്ലാത്തത് വിഭജന നടപടികളുമായി മുന്നോട്ടുപോകാനുള്ള ലൈസൻസ് അല്ല. അടിയന്തരമായി പരിഗണിച്ച് ഈ കരിനിയമം റദ്ദാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Tags:    
News Summary - US and UN express concern about CAA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.