പരസ്യത്തിനായുള്ള ശ്രമത്തിനിടെ മർദ്ദനമേറ്റു; ഉത്തർപ്രദേശിൽ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു

ഹാപൂർ: ഉത്തർപ്രദേശിലെ ഹാപൂരിൽ ഹിന്ദി ദിനപത്രമായ ‘ദൈനിക് ജൻവാനി’യുടെ മാധ്യമപ്രവർത്തകൻ ഫ്ലോർ മില്ലിൽ വെച്ചേറ്റ ക്രൂരമർദ്ദനത്തെ തുടർന്ന് കൊല്ലപ്പെട്ടു. പരസ്യം ആവശ്യപ്പെട്ട് മില്ലിലെത്തിയ അദ്ദേഹത്തെ വ്യാജ മാധ്യമപ്രവർത്തകനെന്ന് ആക്ഷേപിച്ച് ഒരു സംഘം ആളുകൾ ആക്രമിക്കുകയായിരുന്നു. ഞായറാഴ്ചയായിരുന്നു സംഭവം.

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ഗഡ് റോഡിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും 60കാരനായ നസീം അഹ്മദിന്റെ ജീവൻ രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഹാപൂർ ദേഹത് പൊലീസ് സ്റ്റേഷൻ പരിധിയിൽ പരസ്യം ചോദിക്കുന്നതിനിടെയുണ്ടായ ആക്രമണത്തിലാണ് മാധ്യമപ്രവർത്തകനായ നസീം കൊല്ലപ്പെട്ടതെന്ന് പൊലീസ് പ്രസ്താവനയിൽ വ്യക്തമാക്കി. രണ്ട് പേരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തുവരികയാണെന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ നിയമനടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

സ്ഥലം സന്ദർശിച്ച പൊലീസ് സൂപ്രണ്ട് (എസ്‌.പി) മധുബൻ കുമാർ സിങ്, വസ്തുതകൾ പുറത്തുവരുന്ന മുറക്ക് കർശന നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കി. ബുലന്ദ്ഷഹർ റോഡിലെ ആവാസ് വികാസ് കോളനിവാസിയായ നസീം അഹ്മദ്, ജരോത്തി റോഡിലെ ഫ്ലോർ മില്ലിൽ പരസ്യവുമായി ബന്ധപ്പെട്ട് എത്തിയപ്പോഴാണ് വാക്കേറ്റവും തുടർന്ന് മർദ്ദനവും ഉണ്ടായതെന്ന് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ (പിടിഐ) റിപ്പോർട്ട് ചെയ്തു.

മില്ലിലുണ്ടായിരുന്നവരാണ് അദ്ദേഹത്തെ മർദ്ദിച്ചത്. ആദ്യം നസീം മാധ്യമപ്രവർത്തകനാണെന്ന കുടുംബത്തിന്റെ അവകാശവാദം പൊലീസ് സ്ഥിരീകരിച്ചിരുന്നില്ലെങ്കിലും, പിന്നീട് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ അദ്ദേഹം മാധ്യമപ്രവർത്തകനാണെന്ന് പൊലീസ് വ്യക്തമാക്കുകയുണ്ടായി.

പരസ്യം നൽകാൻ വ്യവസായി വിസമ്മതിച്ചതിനെ തുടർന്നാണ് പ്രശ്നങ്ങളുടെ തുടക്കമെന്ന് ദൃക്സാക്ഷിയായ സലാഹുദ്ദീൻ വെളിപ്പെടുത്തി. പരസ്യം തേടിയാണ് നസീം വ്യവസായിയെ സമീപിച്ചത്. പരസ്യം നൽകാനാവില്ലെന്ന് പറഞ്ഞ് ഇരുവരും മടങ്ങിപ്പോകാൻ ശ്രമിക്കവെ, അവരെ തടഞ്ഞുനിർത്തി വ്യാജ മാധ്യമപ്രവർത്തകരെന്ന് ആക്ഷേപിച്ച് ആക്രമിക്കുകയായിരുന്നു. 

Tags:    
News Summary - UP Journalist Beaten To Death Over Ad Request; Two In Custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.