ഏറ്റുമുട്ടി ജയരാജന്മാർ; ഉന്നയിച്ചത് ഗുരുതര ആരോപണങ്ങൾ, അന്വേഷണ കമീഷനുമായി സി.പി.എം
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ കണ്ണൂരിലേറ്റ കനത്ത തിരിച്ചടിക്കുശേഷം, തിരിച്ചുവരവിന് വഴിതേടുന്നതിനിടെ സി.പി.എമ്മിൽ ജയരാജൻമാരുടെ പോര്. കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജനും സംസ്ഥാന സെക്രട്ടേറിയറ്റംഗം പി. ജയരാജനും തമ്മിലാണ് വീണ്ടും കൊമ്പുകോർത്തത്.
ഗുരുതര ആരോപണങ്ങൾ പാർട്ടിക്കുമുന്നിൽ പരസ്പരം ഉന്നയിച്ച് ഇരുവരും പരാതി എഴുതി നൽകി. ഈ സാഹചര്യത്തിൽ അന്വേഷണ കമീഷനെ നിയോഗിച്ചിരിക്കുകയാണ് സി.പി.എം. ശനിയാഴ്ച ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം.
വൈദേഹം റിസോർട്ട് വിവാദത്തിലടക്കം അന്വേഷണം വേണമെന്ന് പി. ജയരാജൻ സെക്രട്ടേറിയറ്റ് യോഗത്തിൽ ആവർത്തിച്ചതിന് പിന്നാലെ, പി. ജയരാജനെതിരെ ഗുരുതര ആരോപണങ്ങളടങ്ങിയ പരാതി ഇ.പി. ജയരാജൻ എഴുതി നൽകി.
ഇതോടെ സാഹചര്യങ്ങൾ ഏറ്റുമുട്ടലിലേക്ക് വഴിമാറിയതിനാൽ രണ്ടു പരാതികളും അന്വേഷിക്കാൻ പാർട്ടി തീരുമാനിക്കുകയായിരുന്നു. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ.എൻ. ബാലഗോപാൽ, ടി.പി. രാമകൃഷ്ണൻ എന്നിവരാണ് കമീഷൻ അംഗങ്ങൾ.
കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജനെതിരെ വൈദേഹം റിസോർട്ടുമായി ബന്ധപ്പെട്ട് 2022ലാണ് പി. ജയരാജൻ സംസ്ഥാന കമ്മിറ്റിയിൽ ആദ്യമായി ആരോപണം ഉന്നയിച്ചത്. പാർട്ടി ഇടപെടലുണ്ടാകാത്തതിനാൽ 2025ൽ സംസ്ഥാന കമ്മിറ്റിയിൽ വീണ്ടും ഉന്നയിച്ചു.
ഇ.പി. ജയരാജൻ അനധികൃതമായി സ്വത്ത് സമ്പാദിക്കുകയോ വഴിവിട്ട ഇടപെടൽ നടത്തുകയോ ചെയ്തിട്ടുണ്ടെങ്കിൽ നടപടി വേണമെന്നായിരുന്നു ആവശ്യം. പിന്നീട് നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ ആരോപണങ്ങൾ ഇ.പി. ജയരാജൻ തള്ളി.
ഭാര്യ വിരമിച്ചപ്പോൾ ലഭിച്ച പണം നിക്ഷേപിച്ച് ഭാര്യയും മകനും റിസോർട്ടിന്റെ ഭാഗമായെന്നും വിവാദമുയർന്നതോടെ പിന്മാറിയെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
ശനിയാഴ്ച ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ, തന്റെ പരാതിയിൽ അന്വേഷണം എന്തായെന്ന ചോദ്യത്തോടെ പി. ജയരാജൻ ആരോപണങ്ങൾ ആവർത്തിച്ചു. പിന്നാലെ, രേഖാമൂലം വീണ്ടും എഴുതി നൽകുകയും ചെയ്തു. എന്നാൽ, അതിനേക്കാൾ രൂക്ഷമായ ആരോപണങ്ങളാണ് പി. ജയരാജനെതിരെ ഇ.പി. ഉന്നയിച്ചത്. ഇതും രേഖാമൂലം പാർട്ടിക്ക് എഴുതിനൽകി.
പി. ജയരാജന് ഇടുക്കിയിലെ റിസോർട്ടിൽ ഓഹരി പങ്കാളിത്തമുണ്ടെന്നതാണ് ഇ.പിയുടെ ആരോപണങ്ങളിലൊന്ന്. ദുബൈയിൽ ചേർന്ന റിസോർട്ടിന്റെ ബോർഡ് യോഗത്തിൽ പി. ജയരാജനായിരുന്നു അധ്യക്ഷൻ. പി. ശശിക്കെതിരെ ഉയർന്ന പരാതിയുടെ പിന്നിലും പി. ജയരാജനാണ്.
നവമാധ്യമങ്ങൾ ഉപയോഗിച്ച് പാർട്ടിയിലെ മറ്റു നേതാക്കളെ ആക്ഷേപിക്കുന്നതിന് പിന്നിലും പി. ജയരാജനാണ്. കോടിയേരി ബാലകൃഷ്ണനെതിരെ നടന്ന അപവാദ പ്രചാരണത്തിന് പിന്നിലും അദ്ദേഹമാണ്.
പിണറായിയുടെ മകൾക്കെതിരെ ആരോപണം ഉയർന്നപ്പോൾ പിണറായിക്കും മകൾക്കുമെതിരെ തെളിവ് ശേഖരിക്കാൻ പി. ജയരാജൻ ശ്രമിച്ചു. പല ജില്ലകളിലും ക്വട്ടേഷൻ സംഘങ്ങളുമായും സ്വർണം പൊട്ടിക്കൽ സംഘവുമായും പി. ജയരാജന് ബന്ധമുണ്ടെന്നും ഇ.പിയുടെ ആരോപണങ്ങളിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.