മുംബൈ: പത്തുദിവസം നീണ്ട നാടകങ്ങൾക്കൊടുവിലാണ് ബി.ജെ.പിയുടെ ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്രയിൽ മുഖ്യമന്ത്രിക്കസേര ഉറപ്പിച്ചത്. മുഖ്യമന്ത്രി പദത്തിനായി അവകാശവാദമുന്നയിച്ച ഏക്നാഥ് ഷിൻഡെ പിന്നീട് പിന്മാറിയെങ്കിലും സസ്പെൻസ് തുടരുകയായിരുന്നു. അധികാരമേൽക്കുന്നതോടെ മഹാരാഷ്ട്രയുടെ 21ാമത്തെ മുഖ്യമന്ത്രിയാകും ഫഡ്നാവിസ്. മുഖ്യമന്ത്രി പദത്തിൽ ഇത് മൂന്നാമൂഴം. പാർട്ടിയിൽ പിൻനിരയിലായിരുന്ന ഫഡ്നാവിസ് 2014ലാണ് ആദ്യം മുഖ്യമന്ത്രിയാകുന്നത്.
2019ൽ ബി.ജെ.പി-ശിവസേന സഖ്യത്തിന് ഭൂരിപക്ഷം കിട്ടിയിട്ടും ശിവസേന ഉടക്കിയതോടെ മുഖ്യമന്ത്രിയായി തിരിച്ചെത്താനുള്ള സാധ്യത മങ്ങി. എന്നാൽ, അജിത് പവാറിനെ ഒപ്പംകൂട്ടി പുലർകാല സത്യപ്രതിജ്ഞയിലൂടെ 76 മണിക്കൂറോളം മുഖ്യനായി. അജിത് പിന്മാറിയതോടെയാണ് സർക്കാർ വീണത്.
ഇത്തവണ ബി.ജെ.പിക്ക് 132 സീറ്റിന്റെ ‘ചരിത്രജയ’ത്തിനുപിന്നിൽ ഫഡ്നാവിസാണെന്നാണ് പാർട്ടി വാദം. ആർ.എസ്.എസ് നിശ്ശബ്ദ പ്രചാരണത്തിന് ഇറങ്ങിയതിലും ശിവസേന, എൻ.സി.പി പിളർപ്പിനും പിന്നിലെ സൂത്രധാരനും ഫഡ്നാവിസാണ്. 2022ൽ ബി.ജെ.പി അധികാരം തിരിച്ചുപിടിച്ചെങ്കിലും ശിവസേനയെ പിളർത്തിയ ഏക്നാഥ് ഷിൻഡെയെ ആണ് മുഖ്യനാക്കിയത്. ഫഡ്നാവിസ് ഉപമുഖ്യമന്ത്രിയായി.
ആർ.എസ്.എസിലൂടെ വളർന്ന ഫഡ്നാവിസ് 1992ൽ നാഗ്പുരിൽ കോർപറേറ്ററായാണ് രാഷ്ട്രീയ ജീവിതത്തിന് തുടക്കമിട്ടത്. 27ാം വയസ്സിൽ രാജ്യത്തെ രണ്ടാമത്തെ പ്രായം കുറഞ്ഞ മേയറായി. 1999ലാണ് നിയമസഭയിലെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.