കോൺഗ്രസ് പുറത്താക്കിയ ഡി. ചന്ദ്രഗൗഡ, ആർ.എസ്.എസ് നേതാവ് ഡോ. കല്ലട്ക്ക പ്രഭാകർ ഭട്ട്
മംഗളൂരു: ആർ.എസ്.എസ് നേതാവിന്റെ കേസ് വാദിച്ച അഭിഭാഷകനെ കോൺഗ്രസ് പുറത്താക്കി. മംഗളൂരു കല്ലട്ക്കയിലെ മുതിർന്ന ആർ.എസ്.എസ് നേതാവ് ഡോ. കല്ലട്ക്ക പ്രഭാകർ ഭട്ടിന് വേണ്ടി ശ്രീരംഗപട്ടണം അഡീഷനൽ ജില്ല സെഷൻസ് കോടതിയിൽ ഹാജരായ കോൺഗ്രസ് ലീഗൽ സെൽ ശ്രീരംഗപട്ടണം ടൗൺ പ്രസിഡന്റ് ഡി. ചന്ദ്രഗൗഡക്കെതിരെയാണ് നടപടി.
ഡിസംബർ 24ന് ഭട്ട് നടത്തിയ പ്രസംഗത്തിലെ മുസ്‌ലിം സ്ത്രീകൾക്കെതിരായ, വിദ്വേഷ പരാമർശങ്ങൾ ചൂണ്ടിക്കാട്ടി ലഭിച്ച പരാതിയിൽ മാണ്ഡ്യ പൊലീസ് ജാമ്യമില്ല വകുപ്പുകൾ ചുമത്തി കേസെടുത്തിരുന്നു. ഹനുമാൻ ജയന്തി ആഘോഷ ഭാഗമായി സംഘടിപ്പിച്ച സങ്കീർത്തന യാത്ര ഉദ്ഘാടനം നിർവഹിച്ച് ചെയ്ത പ്രസംഗത്തിനെതിരെ സാമൂഹിക പ്രവർത്തക നജ്മ നസീർ നൽകിയ പരാതിയിലായിരുന്നു കേസ്.
മുത്തലാഖ് എന്ന കുറ്റകൃത്യം 2019ൽ പാർലമെന്റ് പാസാക്കിയ ബില്ലിലൂടെ നരേന്ദ്ര മോദി ഇല്ലാതാക്കിയതോടെയാണ് മുസ്‌ലിം സ്ത്രീകൾക്ക് സ്ഥിരം ഭർത്താവ് ലഭിച്ചത് എന്ന് ഭട്ട് പറഞ്ഞിരുന്നു. ഹിജാബ് വിലക്ക് നീങ്ങിയാൽ കോളജ് പഠനം തുടരുമെന്ന് പറഞ്ഞ വിദ്യാർഥിനി മസ്കൻ ഖാനെ വെല്ലുവിളിക്കുകയും ചെയ്തു.
ബുധനാഴ്ച കോടതി രണ്ട് ആൾജാമ്യത്തിലും രണ്ട് ലക്ഷം രൂപയുടെ ബോണ്ടിലും ജാമ്യം അനുവദിച്ചിരുന്നു. ആർ.എസ്.എസ് നേതാവിന് വേണ്ടി ഹാജരാവരുതെന്ന് പ്രാദേശിക കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടെങ്കിലും ഗൗഡ വഴങ്ങിയിരുന്നില്ല. തുടർന്ന് വെള്ളിയാഴ്ച കോൺഗ്രസ് ലീഗൽ സെൽ മാണ്ഡ്യ ജില്ല പ്രസിഡന്റ് എ.എസ്. ഗൗരിശങ്കർ പുറത്താക്കൽ നടപടിയെടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.