തിരുപ്പറകുൺറം വിധി: തമിഴ്നാട് പുനഃപരിശോധന ഹരജി നൽകിയേക്കും
ചെന്നൈ: തിരുപ്പറകുൺറം കുന്നിലെ തർക്കത്തിലുള്ള കൽത്തൂണിൽ കാർത്തിക ദീപം തെളിക്കാൻ അനുമതി നൽകിയ സുപ്രീംകോടതി ഇടക്കാല ഉത്തരവിനെതിരെ പുനഃപരിശോധനാ ഹരജി നൽകുന്നത് തമിഴ്നാട് സർക്കാർ പരിഗണിക്കുന്നു. നിയമ വിദഗ്ധരുമായി കൂടിയാലോചന നടത്തിയശേഷം ഇക്കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്ന് നിയമ മന്ത്രി സി.ടി.ആർ. നിർമൽ കുമാർ അറിയിച്ചു. അതേസമയം, സുപ്രീംകോടതി ഉത്തരവിനുശേഷം സർക്കാർ സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നിയമനടപടികൾ മുഖ്യമന്ത്രി സി. ജോസഫ് വിജയ് വ്യക്തമാക്കണമെന്ന് ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ ആവശ്യപ്പെട്ടു.
തിരുപ്പറകുൺറം വിഷയത്തിൽ മുൻ ഡി.എം.കെ സർക്കാർ ശക്തമായ നിയമപോരാട്ടം നടത്തി സംസ്ഥാനത്തെ സമാധാനവും മതസൗഹാർദവും സംരക്ഷിച്ചെന്നും തുടർനടപടികൾ മുഖ്യമന്ത്രി വിശദീകരിക്കണമെന്നും സ്റ്റാലിൻ പറഞ്ഞു. വി.സി.കെ, സി.പി.ഐ, സി.പി.എം, മനിതനേയ മക്കൾ കക്ഷി തുടങ്ങിയ പാർട്ടികളും കോടതി വിധിയിൽ ആശങ്ക രേഖപ്പെടുത്തി. നവംബർ 24ന് നടക്കുന്ന കാർത്തിക ദീപത്തോടനുബന്ധിച്ച് കൽത്തൂണിൽ ദീപം തെളിക്കാൻ ഒറ്റത്തവണത്തേക്ക് മാത്രമാണ് സുപ്രീംകോടതി അനുമതി നൽകിയത്. ഇത് ഭാവിയിൽ സ്ഥിരമായ അവകാശമോ കീഴ്വഴക്കമോ ആകില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ക്ഷേത്ര ഭരണസമിതിയുടെ അംഗീകൃത പ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും മാത്രമാണ് ചടങ്ങിൽ പങ്കെടുക്കാൻ അനുമതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.