പ്രതീകാത്മക ചിത്രം

സീറ്റിനെച്ചൊല്ലി തർക്കം; മക്കളുടെ മുന്നിൽവെച്ച് യുവതിക്ക് റെയിൽവേ പൊലീസിന്റെ മർദനം

മുറാദാബാദ്: സീറ്റിനെ ചൊല്ലിയുള്ള തർക്കത്തിൽ മക്കളുടെ മുന്നിൽ വെച്ച് യുവതിയ മർദിച്ച് റെയിൽവേ പൊലീസ്. ഉത്തർപ്രദേശിൽ ദർഭംഗ–അമൃത്സർ ജൻനായക് എക്സ്പ്രസിലാണ് സംഭവം. ബിഹാർ സ്വദേശിനിയായ റൂബി എന്ന യുവതിക്കാണ് മർദനമേറ്റത്. പൊലീസുകാരൻ യുവതിയുടെ മുഖത്തടിക്കുന്നതും പെൺമക്കൾ തടയാൻ ശ്രമിക്കുന്നതുമായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ സംഭവം വിവാദമായി.

തിരക്കേറിയ ജനറൽ കോച്ചിൽ ഒരു സീറ്റ് മുഴുവൻ യുവതി കിടന്നതിനെ തുടർന്ന് മറ്റൊരു യാത്രക്കാരിയുമായി തർക്കമുണ്ടായതാണ് സംഭവങ്ങളുടെ തുടക്കം. പ്രശ്നത്തിൽ ഇടപെട്ട റെയിൽവേ പൊലീസുകാരുമായി യുവതിയും പെൺമക്കളും തർക്കിക്കുകയും കൈയേറ്റം നടത്തുകയും ചെയ്തെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ, പുറത്തുവന്ന ദൃശ്യങ്ങളിൽ പൊലീസുകാരൻ യുവതിയെ തുടർച്ചയായി അടിക്കുന്നതും മക്കൾ അമ്മയെ സംരക്ഷിക്കാൻ ശ്രമിക്കുന്നതും കാണാം. മർദനത്തിൽ യുവതിയുടെ തലക്ക് പരിക്കേറ്റതായും രക്തം വന്നതായും റിപ്പോർട്ടുകളുണ്ട്. പൊലീസുകാരുടെ പരാതിയിൽ ആറുപേർക്കെതിരെ കേസെടുത്തതായാണ് ലഭ്യമായ വിവരം.

സംഭവത്തിൽ റെയിൽവേ അധികൃതർ അന്വേഷണം നടത്തി. സീറ്റിനെച്ചൊല്ലിയുള്ള തർക്കത്തിൽ യാത്രക്കാരിയുടെ ഭാഗത്താണ് ആദ്യം വീഴ്ചയുണ്ടായതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തലെന്ന് റെയിൽവേ ഉദ്യോഗസ്ഥർ വ്യക്തമാക്കി. എന്നാൽ, വനിതാ പൊലീസിന്റെ സഹായം തേടുകയോ കൂടുതൽ സംയമനത്തോടെ ഇടപെടുകയോ ചെയ്യേണ്ടിയിരുന്നുവെന്നും ഉദ്യോഗസ്ഥൻ ശാരീരികമായി നേരിടാൻ പാടില്ലായിരുന്നുവെന്നും അധികൃതർ ചൂണ്ടിക്കാട്ടി. സംഭവത്തിൽ ഇരുവിഭാഗത്തിനും പരിക്കേറ്റതായും അധികൃതർ അറിയിച്ചു.

Tags:    
News Summary - Railway Cop Assaults Woman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.