താപനില പൂജ്യത്തിന് താഴെ; സീസണിലെ ഏറ്റവും തണുപ്പേറിയ രാത്രിയിലേക്ക് ശ്രീനഗർ

ശ്രീനഗർ: ജമ്മു-കശ്മീരിന്റെ വേനൽക്കാല തലസ്ഥാനമായ ശ്രീനഗറിലും താഴ്വരയിലെ മിക്ക പ്രദേശങ്ങളിലും സീസണിലാദ്യമായി രാത്രികാല താപനില പൂജ്യത്തിന് താഴെയെത്തി. ശ്രീനഗറിൽ മൈനസ് 0.1 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. സീസണിലെ ഏറ്റവും തണുപ്പേറിയ രാത്രിയാണിതെന്ന് അധികൃതർ ചൊവ്വാഴ്ച അറിയിച്ചു. ഈ കാലയളവിൽ സാധാരണ രേഖപ്പെടുത്താറുള്ളതിനേക്കാൾ 0.8 ഡിഗ്രി സെൽഷ്യസ് കുറവാണിത്.

ജമ്മു-കശ്മീരിൽ ഏറ്റവും കൂടുതൽ തണുപ്പ് അനുഭവപ്പെട്ടത് ദക്ഷിണ കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലുള്ള വിനോദസഞ്ചാര കേന്ദ്രമായ പഹൽഗാമിലാണ്. മൈനസ് 3.8 ഡിഗ്രി സെൽഷ്യസാണ് ഇവിടുത്തെ കുറഞ്ഞ താപനില. ദക്ഷിണ കശ്മീരിലെ തന്നെ ഷോപ്പിയാനിൽ മൈനസ് 3.6 ഡിഗ്രി സെൽഷ്യസും, താഴ്വരയുടെ പ്രവേശന കവാടമായ ഖാസിഗുണ്ടിൽ മൈനസ് ഒരു ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.

വടക്കൻ കശ്മീരിലെ ബാരാമുള്ള ജില്ലയിലുള്ള പ്രശസ്ത സ്കീ റിസോർട്ടായ ഗുൽമാർഗിൽ താപനില മൈനസ് 3.4 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നു. വടക്കൻ കശ്മീരിലെ കുപ്‌വാരയിൽ മൈനസ് 0.9 ഡിഗ്രി സെൽഷ്യസും കോക്കർനാഗിൽ 1.1 ഡിഗ്രി സെൽഷ്യസുമാണ് രേഖപ്പെടുത്തിയ കുറഞ്ഞ താപനില.

ജമ്മു-കശ്മീരിന്റെ ഉയർന്ന പ്രദേശങ്ങളിലും മലയോര മേഖലകളിലും മഞ്ഞുവീഴ്ച ഉണ്ടായതിനെത്തുടർന്നാണ് താഴ്വരയിൽ തണുപ്പ് ശക്തമായത്. ഈ മാസം അവസാനം വരെ താഴ്വരയിൽ പൊതുവെ വരണ്ട കാലാവസ്ഥ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

Tags:    
News Summary - Srinagar shivers at -0.1°C, season's coldest night

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.