വിമാനത്താവളങ്ങളുടെ സുരക്ഷ ഇനി സ്വകാര്യ ഏജൻസികൾക്ക്; സിഐഎസ്എഫ് വിന്യാസം കുറക്കുന്നു

ന്യൂഡൽഹി: രാജ്യത്തെ വിമാനത്താവളങ്ങളിലെ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സി.ഐ.എസ്.എഫ്) ഉദ്യോഗസ്ഥരുടെ വിന്യാസം കുറക്കാൻ കേന്ദ്ര സർക്കാർ നീക്കം. ആയുധങ്ങൾ ആവശ്യമില്ലാത്ത ചുമതലകളിലേക്ക് സ്വകാര്യ സുരക്ഷാ ജീവനക്കാരെ നിയോഗിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബി.സി.എ.എസ്) പുറത്തിറക്കിയ പുതുക്കിയ വിമാനത്താവള സുരക്ഷാ മാർഗനിർദേശങ്ങൾ പ്രകാരമാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ എണ്ണം കുറക്കുകയെന്ന് വ്യോമയാന മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ദൈനംദിന സുരക്ഷാ പരിശോധനകൾ ഉൾപ്പെടെയുള്ള ആയുധരഹിത ചുമതലകൾ സ്വകാര്യ സുരക്ഷാ ഏജൻസികൾ ഘട്ടംഘട്ടമായി ഏറ്റെടുക്കും.

അതേസമയം, വിമാനത്താവളങ്ങളിലെ പ്രധാന സുരക്ഷാ ചുമതലകൾ സിഐഎസ്എഫ് തന്നെ തുടർന്നും നിർവഹിക്കുമെന്ന് ഉദ്യോഗസ്ഥർ അടിവരയിട്ടു. ആയുധധാരികളായുള്ള സുരക്ഷ, വിമാനത്താവളത്തിന്റെ ചുറ്റുമതിൽ സംരക്ഷണം, മൊബൈൽ പട്രോളിങ്, നിരീക്ഷണം, ഇന്റലിജൻസ് പ്രവർത്തനങ്ങൾ, ദ്രുതകർമ സേന (ക്വിക്ക് റെസ്പോൺസ് ടീം) എന്നിവയുടെ ചുമതല സിഐഎസ്എഫിനായിരിക്കും. ആയുധം ആവശ്യമില്ലാത്ത ജോലികൾക്ക് മാത്രമാണ് സ്വകാര്യ സുരക്ഷാ ജീവനക്കാരെ നിയോഗിക്കുന്നത്.

നിലവിൽ രാജ്യത്തെ 119 വിമാനത്താവളങ്ങളിൽ 74 എണ്ണത്തിന്റെയും സുരക്ഷാ ചുമതല സിഐഎസ്എഫിനാണ്. ശേഷിക്കുന്ന 45 വിമാനത്താവളങ്ങളിൽ സംസ്ഥാന പൊലീസിനെയാണ് വിന്യസിച്ചിരിക്കുന്നത്.

1999 ഡിസംബറിൽ കാഠ്മണ്ഡുവിൽനിന്ന് ഇന്ത്യൻ എയർലൈൻസ് വിമാനം ജയ്‌ഷെ മുഹമ്മദ് ഭീകരർ റാഞ്ചിയതിനെ തുടർന്നാണ് വിമാനത്താവളങ്ങളുടെ സുരക്ഷാ ചുമതല സിഐഎസ്എഫിന് കൈമാറിയത്. ബന്ദികളെ മോചിപ്പിക്കുന്നതിന് പകരമായി ഭീകരൻ മസൂദ് അസ്ഹറിനെ കാണ്ഡഹാറിൽ വിട്ടയക്കേണ്ടി വന്ന ഈ സംഭവത്തിന് മുമ്പ് സംസ്ഥാന പൊലീസായിരുന്നു വിമാനത്താവളങ്ങളുടെ സുരക്ഷ നോക്കിയിരുന്നത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്ര സായുധ പൊലീസ് സേനയായ സി.ഐ.എസ്.എഫാണ് രാജ്യത്തെ പ്രധാന വ്യവസായ സ്ഥാപനങ്ങൾ, അടിസ്ഥാന സൗകര്യ കേന്ദ്രങ്ങൾ, വ്യോമയാന മേഖല എന്നിവക്ക് സുരക്ഷയൊരുക്കുന്നത്.

Tags:    
News Summary - private agencies to handle non-armed airport security

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.