‘ഇൗ പാർട്ടി കോൺഗ്രസ് ഭാവിക്കുവേണ്ടിയുള്ളതാണ്’ -2015 ഏപ്രിൽ 19ന് ആദ്യമായി സി.പി.എം ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തശേഷം സീതാറാം യെച്ചൂരി പറഞ്ഞു. 62 വയസ്സായിരുന്നു അന്ന് പ്രായം. ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങൾ പലർക്കും അസ്തമിക്കുന്ന കാലം. എന്നാൽ, യെച്ചൂരിക്കത് നിതാന്ത സ്വപ്നങ്ങളുടെ തുടർച്ച മാത്രമായിരുന്നു. ‘അപ്പോൾ, കോൺഗ്രസാണ് മാർക്സിസ്റ്റ് പാർട്ടിയുടെ ഭാവിയെന്ന്’ ചിലർ പരിഹസിച്ചു. അതുകേട്ട് അർഥഗർഭമായി യെച്ചൂരിയും ചിരിച്ചിരിക്കും. കഴിഞ്ഞ സമ്മേളനം മുതൽ ഞായറാഴ്ച വരെയുള്ള ദിനങ്ങളിൽ തെൻറ രാഷ്ട്രീയ നിലപാടിലേക്കുള്ള തടസ്സങ്ങൾ ഒാരോന്നായി അദ്ദേഹം നുള്ളിയെടുക്കുന്നതാണ് പിന്നീട് കാണാനായത്.
സി.ബി.എസ്.ഇ ഹയർ സെക്കൻഡറി അഖിലേന്ത്യ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ യെച്ചൂരി, ഇന്ത്യ ലോകത്തിന് സമ്മാനിച്ച പ്രശസ്തരുടെ കോളജ് സെൻറ് സ്റ്റീഫൻസിൽനിന്നാണ് ബി.എ ഒാണേഴ്സ് പൂർത്തിയാക്കിയത്. തുടർന്ന് ബൗദ്ധികതയും അക്കാദമിക മികവും ഇടതുപക്ഷ അന്തരീക്ഷവും സൂക്ഷ്മമായി ഇഴചേർന്ന ജെ.എൻ.യുവിൽ എം.എ ഇക്കണോമിക്സിന് ചേർന്നു. രാഷ്ട്രമെന്ന നിലയിൽ യൗവനം വിടാത്ത ഇന്ത്യയിൽ സമരങ്ങൾ തിളച്ചുമറിയുന്ന കാലത്ത് യെച്ചൂരി ജെ.എൻ.യു വിദ്യാർഥികളുടെ നേതാവായി. അന്ന് എസ്.എഫ്.െഎയുടെ അഖിലേന്ത്യ നേതൃത്വം പ്രകാശ് കാരാട്ടിെൻറ കൈകളിലായിരുന്നു. കാരാട്ടിെൻറ അനുഗ്രഹാശിസ്സുകളോടെയാണ് ജെ.എൻ.യു വിദ്യാർഥി യൂനിയെൻറ അധ്യക്ഷസ്ഥാനത്തേക്ക് യെച്ചൂരി വരുന്നത്.
പാണ്ഡിത്യം തുളുമ്പുന്ന, ശൈലീ ബദ്ധമായ ഇംഗ്ലീഷിന് പുറമെ, തെലുങ്ക്, തമിഴ്, ബംഗ്ല, ഹിന്ദി ഭാഷകളിൽ യെച്ചൂരിക്ക് നൈപുണ്യമുണ്ട്. പഴയ മദ്രാസിലെ തെലുങ്ക് കുടുംബത്തിൽ 1952 ആഗസ്റ്റ് 12നാണ് യെച്ചൂരിയുടെ ജനനം. പിതാവ് സർവേശ്വര സോമയാജുല യെച്ചൂരി ആന്ധ്ര സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷനിൽ എൻജിനീയറായിരുന്നു. മാതാവ് കൽപകവും സർക്കാർ ഉദ്യോഗസ്ഥ. ഹൈദരാബാദിൽ കുട്ടിക്കാലം ചെലവിട്ട അദ്ദേഹം 10ാം തരംവരെ അവിടത്തെ ഒാൾ സെയിൻറ്സ് ഹൈസ്കൂളിലാണ് പഠിച്ചത്. പി.ജിക്കുശേഷം ജെ.എൻ.യുവിൽതന്നെ പിഎച്ച്.ഡിക്ക് ചേർന്നെങ്കിലും അടിയന്തരാവസ്ഥയിലെ അറസ്റ്റിനെ തുടർന്ന് ഗവേഷണം പാതിവഴിയിൽ മുടങ്ങി.
1974ൽ എസ്.എഫ്.െഎയിൽ ചേർന്ന യെച്ചൂരി തൊട്ടടുത്തവർഷംതന്നെ സി.പി.എമ്മിൽ അംഗമായി. അടിയന്തരാവസ്ഥയിൽ കുറച്ചുകാലം ഒളിവുജീവിതവും നയിച്ചു. യെച്ചൂരിയും കാരാട്ടും ചേർന്നാണ് ജെ.എൻ.യുവിൽ ഇടതു വിദ്യാർഥി സംഘടനയുടെ അടിത്തറ ശക്തമാക്കുന്നത്. ’78ൽ എസ്.എഫ്.െഎ അഖിലേന്ത്യ ജോ. സെക്രട്ടറിയായ യെച്ചൂരി, പിന്നീട് സംഘടനയുടെ അധ്യക്ഷനായി. 1984ൽ സി.പി.എം സെൻട്രൽ കമ്മിറ്റിയിലെത്തി. രണ്ടുവർഷംകൂടി കഴിഞ്ഞാണ് എസ്.എഫ്.െഎ വിടുന്നത്.
1985ൽ പാർട്ടി ഭരണഘടന ഭേദഗതി ചെയ്ത് അഞ്ചംഗ സെൻട്രൽ സെക്രേട്ടറിയറ്റ് രൂപവത്കരിച്ചു. ഇതിൽ പ്രകാശ് കാരാട്ട്, സുനിൽ മൊയ്ത്ര, പി. രാമചന്ദ്രൻ, എസ്. രാമചന്ദ്രൻ പിള്ള എന്നിവരും യെച്ചൂരിയുമാണ് ഉണ്ടായിരുന്നത്. 1992ൽ നടന്ന 14ാം പാർട്ടി കോൺഗ്രസിൽ യെച്ചൂരി പി.ബി അംഗമായി. 22 വർഷം കഴിഞ്ഞ് അഞ്ചാമത് ജന. സെക്രട്ടറിയും.
1996ലെ െഎക്യമുന്നണി സർക്കാറിനുവേണ്ടി പൊതുമിനിമം പരിപാടിയുടെ കരട് തയാറാക്കുന്നത് പി. ചിദംബരവും യെച്ചൂരിയും ചേർന്നാണ്. എഴുത്തുകാരനും കോളമിസ്റ്റുമായ അദ്ദേഹം രണ്ടുപതിറ്റാണ്ടായി പാർട്ടി മുഖപത്രമായ ‘പീപ്പിൾസ് ഡെമോക്രസി’യുടെ എഡിറ്ററാണ്. 2005 മുതൽ 2017 വരെ രാജ്യസഭാംഗവും ആയിരുന്നു.
ബി.ബി.സി ഹിന്ദി സർവിസ് ഡൽഹി മുൻ എഡിറ്ററും നിലവിൽ ഡൽഹി ഇന്ത്യൻ എക്സ്പ്രസ് റെസിഡൻറ് എഡിറ്ററുമായ സീമ ക്രിസ്റ്റിയാണ് ഭാര്യ. വീണ മജുംദാറിെൻറ മകളായിരുന്നു ആദ്യ ഭാര്യ. ഇതിൽ ഒരു മകനും ഒരു മകളുമുണ്ട്. മകൾ അഖില യെച്ചൂരി യു.കെയിലെ എഡിൻബർഗ് യൂനിവേഴ്സിറ്റിയിലും സെൻറ് ആൻഡ്രൂസ് യൂനിവേഴ്സിറ്റിയിലും അധ്യാപികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.