അവകാശവാദവുമായി ഇരുപക്ഷവും; എല്ലാ കണ്ണും ഗവര്‍ണറിലേക്ക്

ചെന്നൈ:  തമിഴ്നാട് നിയമസഭയില്‍ ഭൂരിപക്ഷമുണ്ടെന്ന് അണ്ണാ ഡി.എം.കെയിലെ പന്നീര്‍സെല്‍വം, ശശികല വിഭാഗങ്ങള്‍ ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവുവിനെ കണ്ട് അവകാശവാദമുന്നയിച്ചു. ഇതോടെ, എല്ലാ കണ്ണുകളും ഗവര്‍ണറിലേക്കായി. ഭരണപ്രതിസന്ധിക്കിടെ വ്യാഴാഴ്ച ചെന്നൈയിലത്തെിയ ഗവര്‍ണറെ പന്നീര്‍സൈല്‍വവും ശശികലയും  രാജ്ഭവനിലത്തെിയാണ് കണ്ടത്. അരമണിക്കൂര്‍ വീതമായിരുന്നു കൂടിക്കാഴ്ച . രാഷ്ട്രീയ സ്ഥിതിഗതികളെക്കുറിച്ച് ഗവര്‍ണര്‍ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും റിപ്പോര്‍ട്ട് നല്‍കി. ഇവരുടെ പ്രതികരണം കിട്ടിയാലുടന്‍ ഗവര്‍ണറുടെ നിര്‍ണായകതീരുമാനം ഇന്നുണ്ടായേക്കും.
 
രാജി പിന്‍വലിച്ച് മുഖ്യമന്ത്രിയായി തുടരാന്‍ അനുവദിക്കണമെന്ന് പന്നീര്‍സെല്‍വം ഗവര്‍ണറോട് അഭ്യര്‍ഥിച്ചു. ശശികലയും കൂട്ടരും സമ്മര്‍ദം ചെലുത്തി മുഖ്യമന്ത്രി പദവിയില്‍നിന്ന് രാജിവെപ്പിച്ചതാണെന്നും വിശ്വാസവോട്ടിലൂടെ ഭൂരിപക്ഷം തെളിയിക്കാമെന്നും അദ്ദേഹം പറഞ്ഞു.  മുന്‍ സ്പീക്കര്‍ പി.എച്ച്. പാണ്ഡ്യന്‍, മുന്‍ മന്ത്രി കെ.പി. മുനുസാമി എന്നിവരും ഒപ്പമുണ്ടായിരുന്നു.  സത്യം ജയിക്കുമെന്നും ധര്‍മം വാഴുമെന്നും വീട്ടില്‍ തിരിച്ചത്തെിയ പന്നീര്‍സെല്‍വം ആത്മവിശ്വാസത്തോടെ പ്രതികരിച്ചു.
 
വൈകീട്ട് 7.30ന് ഗവര്‍ണറെ കണ്ട ശശികല  പുതിയ മന്ത്രിസഭ രൂപവത്കരിക്കാന്‍ ഭൂരിപക്ഷമുണ്ടെന്ന് അവകാശപ്പെട്ടു. അണ്ണാ ഡി.എം.കെ നിയമസഭാ കക്ഷി നേതാവായി അംഗങ്ങള്‍ ഐകകണ്ഠ്യേന തെരഞ്ഞെടുത്ത പ്രമേയവും  പിന്തുണക്കുന്ന 129 എം.എല്‍.എമാരുടെ പേരും സമര്‍പ്പിച്ചു. പത്ത് മുതിര്‍ന്ന മന്ത്രിമാരും ഒപ്പമുണ്ടായിരുന്നു. ഗവര്‍ണറെ കാണുന്നതിനുമുമ്പ് ശശികല, ജയലളിതയുടെ ശവകുടീരത്തില്‍ പ്രാര്‍ഥനക്കത്തെി.
ശശികലക്കൊപ്പമുള്ള 129 എം.എല്‍.എല്‍മാരില്‍നിന്നാരും പന്നീര്‍സെല്‍വത്തിന്‍െറ പക്ഷത്തേക്ക് എത്തിയിട്ടില്ല. കഴിഞ്ഞ ദിവസം പിന്തുണ അറിയിച്ച അഞ്ച് പേര്‍ മാത്രമാണ് ഇപ്പോഴുമുള്ളത്.
 
പന്നീർശെൽവം അനുയായികൾക്ക്​ ഹസ്​തദാനം ​ചെയ്യുന്നു
 

പന്നീര്‍സെല്‍വത്തിനായി കേന്ദ്രവും ബി.ജെ.പിയും
പന്നീര്‍സെല്‍വത്തിന്‍െറ രാജി പിന്‍വലിക്കാന്‍ അനുമതി നല്‍കുന്ന വിഷയത്തില്‍ നിയമ തടസ്സമുണ്ടെങ്കിലും ഗവര്‍ണറുടെ വിവേചന അധികാരം ഉപയോഗിച്ച് വിശ്വാസവോട്ടിന് അനുമതി നല്‍കാം. അങ്ങനെയെങ്കില്‍ പന്നീര്‍സെല്‍വത്തിന് നയപരമായ വിജയമാകും. കാവല്‍ മുഖ്യമന്ത്രിക്ക് വോട്ട് നല്‍കാന്‍ കൂടുതല്‍ എം.എല്‍.എമാര്‍ തയാറാകും. പന്നീര്‍സെല്‍വത്തിനായി കേന്ദ്രവും ബി.ജെ.പിയും കരുനീക്കുന്നുണ്ട്. കുതിരക്കച്ചവടം അനുവദിക്കില്ളെന്നും പന്നീര്‍സെല്‍വം കഴിവുള്ള മുഖ്യമന്ത്രിയാണെന്നുമുള്ള  ഗവര്‍ണറുടെ പ്രസ്താവനയും നിര്‍ണായക സൂചന നല്‍കുന്നു.  

129 എം.എല്‍.എമാര്‍ ഒളിസങ്കേതത്തില്‍ തന്നെ
തങ്ങളോടൊപ്പമുള്ള 129 എം.എല്‍.എമാരെയും ശശികലാപക്ഷം ഒളിസങ്കേതത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. മദ്രാസ് ഹൈക്കോടതിയുടെ ഇടപെടല്‍ ഭയന്ന് ചിലരെ എം.എല്‍.എ ഹോസ്റ്റലില്‍ എത്തിച്ചു.  എം.എല്‍.എമാരെ ശശികല തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് എം.കെ. സ്റ്റാലിന്‍ ആരോപിച്ചു. 234 അംഗ നിയമസഭയില്‍ 117 പേരാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.  അണ്ണാ ഡി.എം.കെക്ക് 135ഉം, ഡി.എം. കെക്ക് 89ഉം അംഗങ്ങളാണുള്ളത്. കോണ്‍ഗ്രസിന് എട്ടും മുസ്ലിം ലീഗിന് ഒരംഗവുമുണ്ട്. 19 അംഗങ്ങള്‍ കൂറുമാറിയാല്‍ ശശികലക്ക് വിശ്വാസവോട്ട് നേടാനാകില്ല.  

അണികള്‍ പന്നീര്‍സെല്‍വത്തിനൊപ്പം
അണ്ണാ ഡി.എം.കെ പാര്‍ട്ടി പ്രസീഡിയം ചെയര്‍മാന്‍ ഇ. മധുസൂദനന്‍ പന്നീര്‍സെല്‍വം പക്ഷത്തത്തെി. സംസ്ഥാനമെങ്ങും അണികള്‍ പന്നീര്‍സെല്‍വം പക്ഷത്തും എം.എല്‍.എമാര്‍ മുതല്‍ പഞ്ചായത്ത് തലം വരെയുള്ള ജനപ്രതിനിധികള്‍ ശശികലാ പക്ഷത്തുമെന്ന രൂപത്തില്‍ പാര്‍ട്ടി പിളര്‍ന്നിരിക്കുകയാണ്. ഇതിനിടെ,  ഭൂരിപക്ഷം ഉറപ്പാക്കാന്‍ ഇരുപക്ഷവും രാഷ്ട്രീയനീക്കം തകൃതിയാക്കി. അണ്ണാ ഡി.എം.കെ സഖ്യകക്ഷിയായ മനിതനേയ ജനനായക കക്ഷിയുടെ തമീമുല്‍ അന്‍സാരി എം.എല്‍.എ ഇന്ന് നിലപാട് പ്രഖ്യാപിക്കും. വിശ്വാസ വോട്ടെടുപ്പ് ഉണ്ടായാല്‍  കോണ്‍ഗ്രസിന്‍െറ എട്ട് എം.എല്‍.എമാരെ തങ്ങള്‍ക്കൊപ്പം എത്തിക്കാന്‍ ശശികല പക്ഷം ടി.എന്‍.സി.സി പ്രസിഡന്‍റ് തിരുനാവക്കരശുവുമായി ബന്ധപ്പെടുന്നുണ്ട്.

സത്യപ്രതിജ്ഞ വൈകിപ്പിച്ച് ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരത്തിന്‍െറ പ്രസ്താവന ഇതിലേക്ക് സൂചന നല്‍കുന്നുണ്ട്. മറ്റൊരു നീക്കത്തില്‍ മുന്‍നിര നേതാക്കളായ മുന്‍മന്ത്രി നത്തം വിശ്വനാഥന്‍, സ്റ്റാലിനെതിരെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റ കുളത്തൂര്‍ മുന്‍ എം.എല്‍.എ ജെ.സി.ഡി പ്രഭാകര്‍ എന്നിവര്‍ പന്നീര്‍സെല്‍വത്തിന് പിന്തുണ അറിയിച്ചു. 2011-16ലെ ജയലളിത മന്ത്രിസഭയിലെ മൂന്നാമനായിരുന്നു നത്തം വിശ്വനാഥന്‍.

Tags:    
News Summary - sasikala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.