സര്‍ദാര്‍പുര കൂട്ടക്കൊല: ജീവപര്യന്തത്തിന് വിധിച്ച 14 പേരെ വെറുതെവിട്ടു

അഹ്മദാബാദ്: 2002ല്‍ നടന്ന സര്‍ദാര്‍പുര കൂട്ടക്കൊല കേസില്‍ കീഴ്ക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച 31 പ്രതികളില്‍ 14 പേരെ ഗുജറാത്ത് ഹൈകോടതി വെറുതെവിട്ടു. 17 പേരുടെ ശിക്ഷ ശരിവെക്കുകയും ചെയ്തു. 11 പേരെ സംശയത്തിന്‍െറ ആനുകൂല്യത്തിലും മൂന്നുപേരെ തെളിവുകളുടെ അഭാവവും സാക്ഷിമൊഴികളിലെ വൈരുദ്ധ്യവും ചൂണ്ടിക്കാട്ടിയുമാണ് ജസ്റ്റിസുമാരായ ഹര്‍ഷദേവാനി, ബൈരന്‍ വൈഷ്ണവ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വിട്ടയച്ചത്.

33 പേരെ ജീവനോടെ ചുട്ടുകരിച്ച കേസില്‍ 76 പേരെയാണ് പൊലീസ് അറസ്റ്റുചെയ്തത്. വിചാരണക്കിടെ രണ്ടുപേര്‍ മരിച്ചു. ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല. 73 പേരെ പ്രതികളാക്കി 2009ലാണ് വിചാരണ തുടങ്ങിയത്. 31 പേര്‍ക്ക് ജീവപര്യന്തവും 50,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ച മെഹ്സാന ജില്ലാ കോടതി 42 പേരെ വെറുതെവിട്ടു. വെറുതെവിട്ടവരില്‍ 31 പേര്‍ക്കെതിരെ പ്രത്യേക അന്വേഷണസംഘം ഹൈകോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും കീഴ്കോടതി വിധി ശരിവെക്കുകയായിരുന്നു.

ഗോധ്ര സംഭവത്തിനുശേഷം നടന്ന കൂട്ടക്കൊല ന്യൂനപക്ഷത്തിനെതിരായ ആസൂത്രിത ഗൂഢാലോചനയായിരുന്നുവെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. എന്നാല്‍, ഈ ‘ഗൂഢാലോചന തിയറി’ കോടതി അംഗീകരിച്ചില്ല. 2002 ഫെബ്രുവരി 28ന് രാത്രിയാണ് മെഹ്സാന ജില്ലയിലെ സര്‍ദാര്‍പുരയില്‍ 33 പേരെ കൂട്ടക്കൊലക്കിരയാക്കിയത്. തലേന്ന് ഗോധ്രയില്‍ 59 കര്‍സേവകര്‍ ട്രെയിനില്‍ വെന്തുമരിച്ച സംഭവത്തിന്‍െറ പ്രതികാരനടപടിയെന്നോണമായിരുന്നു ആക്രമണം.

ന്യൂനപക്ഷവിഭാഗം താമസിക്കുന്ന ശൈഖ് വാസ് പ്രദേശത്ത് നൂറുകണക്കിന് വരുന്ന അക്രമിസംഘമത്തെി കണ്ണില്‍കണ്ടതെല്ലാം അഗ്നിക്കിരയാക്കുകയായിരുന്നു. പ്രാണരക്ഷാര്‍ഥം നിരവധി പേര്‍ ഇബ്രാഹിം ശൈഖ് എന്നയാളുടെ വീട്ടില്‍ അഭയം തേടി. ഇവിടെയത്തെിയ അക്രമികള്‍ വീട് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. മരിച്ചവരില്‍ 22 പേര്‍ സ്ത്രീകളായിരുന്നു.

Tags:    
News Summary - sardarpura massacre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.