ഗോൾഡ്മാൻ സാക്സിലെ ജോലി ഉപേക്ഷിച്ചു, ഒറ്റമുറി ഫ്ലാറ്റിൽ തുടങ്ങി; ഇന്ന് 20 സംസ്കരണ കേന്ദ്രങ്ങളും 150 ജീവനക്കാരുമുള്ള സംരംഭം
ബംഗളുരു: പഠനവും മികച്ച തൊഴിൽസാധ്യതകളും നൽകിയ സുരക്ഷിതമായ കരിയർ ഉപേക്ഷിച്ച് കാർഷികമേഖലയിലെ സാധ്യതകൾ തേടിയിറങ്ങി ഐ.ഐ.ടി ഗുവാഹത്തിയിലെ മൂന്ന് വിദ്യാർഥികൾ. കർഷകരുടെ വരുമാനം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ബംഗളൂരുവിലെ ഒരു ഫ്ലാറ്റിൽ തുടങ്ങിയ സംരംഭം ഇന്ന് 20ലേറെ സംസ്കരണ കേന്ദ്രങ്ങളും 150ലധികം ജീവനക്കാരുമായി വളർന്നിരിക്കുകയാണ്.
ഐ.ഐ.ടി ഗുവാഹത്തിയിൽ പഠിച്ച കുൽദീപ് പരേവ, അഖിൽ കൻസൽ, ആയുഷി ഖണ്ഡേൽവാൾ എന്നിവരാണ് സംരംഭത്തിന് പിന്നിൽ. 2020ൽ മൂവരും ചേർന്ന് തുടങ്ങിയ 'അൻവേശൻ' എന്ന ഫാം ടു ഫോർക്ക് ഭക്ഷ്യസംരംഭം കർഷകരിൽനിന്ന് നേരിട്ട് ഉൽപന്നങ്ങൾ ശേഖരിച്ച് സംസ്കരിച്ച് ഉപഭോക്താക്കളിലെത്തിക്കുകയാണ് ചെയ്യുന്നത്. ബിലോണ നെയ്യ്, കോൾഡ് പ്രസ്ഡ് എണ്ണകൾ, അസംസ്കൃത തേൻ തുടങ്ങിയ പരമ്പരാഗത ഭക്ഷ്യോൽപന്നങ്ങളാണ് പ്രധാനമായും വിപണിയിലെത്തിക്കുന്നത്.
കുൽദീപിന്റെ കർഷക കുടുംബപശ്ചാത്തലമാണ് സംരംഭകത്വത്തിലേക്കുള്ള വഴിതുറന്നത്. കഠിനാധ്വാനം ചെയ്തിട്ടും കർഷകർക്ക് അർഹമായ വരുമാനം ലഭിക്കാത്ത സാഹചര്യം കണ്ടറിഞ്ഞതാണ് പുതിയൊരു സംരംഭത്തെക്കുറിച്ച് ചിന്തിപ്പിച്ചത്. ഗോൾഡ്മാൻ സാക്സിലെ ജോലി ഉപേക്ഷിച്ചാണ് കുൽദീപ് അഖിലിനും ആയുഷിക്കുമൊപ്പം സംരംഭം തുടങ്ങിയത്. ബെംഗളൂരുവിലെ ഇന്ദിരാനഗറിലുള്ള കുൽദീപിന്റെ ഫ്ലാറ്റായിരുന്നു ആദ്യ ഓഫിസ്. ഒരു മുറി ഉൽപന്നങ്ങൾ സൂക്ഷിക്കാനും സ്വീകരണമുറി പാക്കിങ് കേന്ദ്രമായും മറ്റൊരു ഭാഗം സ്റ്റോക്ക് സൂക്ഷിക്കാനുമായി ഉപയോഗിച്ചു. ചില ദിവസങ്ങളിൽ മൂന്നുപേരും ചേർന്ന് കൈകൊണ്ട് 200 ഓർഡറുകൾ വരെ പാക്ക് ചെയ്തു. സ്കൂട്ടറുകളിൽ ഉൽപന്നങ്ങൾ കയറ്റി പ്രാദേശിക വിൽപനക്കാർക്ക് എത്തിച്ചുനൽകുകയും ചെയ്തു.
കർഷകർക്ക് സംസ്കരണത്തിലൂടെയും മൂല്യവർധനയിലൂടെയും കൂടുതൽ വരുമാനം നേടാനുള്ള അവസരമൊരുക്കുകയാണ് 'അൻവേശ'ന്റെ ലക്ഷ്യം. ഉൽപന്നങ്ങളുടെ ഉറവിടവും നിർമാണരീതിയും ഉപഭോക്താക്കൾക്ക് അറിയാനായി ക്യു.ആർ കോഡ് അടിസ്ഥാനമാക്കിയുള്ള വിവരസുതാര്യതാ സംവിധാനവും കമ്പനി ഉപയോഗിക്കുന്നുണ്ട്. കുൽദീപ് പങ്കുവെച്ച കണക്കുകൾ പ്രകാരം, നിലവിൽ 250ലേറെ കർഷകരുമായി സംരംഭം സഹകരിക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 20ലധികം സംസ്കരണ കേന്ദ്രങ്ങളും 150ലേറെ ജീവനക്കാരുമുണ്ട്. ഫ്ലാറ്റിലെ തറയിലിരുന്ന് എണ്ണയും നെയ്യും പാക്ക് ചെയ്തുതുടങ്ങിയ സംരംഭം കർഷകരെയും ഗ്രാമീണ ഉൽപാദകരെയും ഉപഭോക്താക്കളെയും ബന്ധിപ്പിക്കുന്ന വലിയ ശൃംഖലയായി വളർന്നുകൊണ്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.