ബാങ്കുകള്‍ക്കു മുമ്പില്‍ ക്യൂ നില്‍ക്കുന്നവരെ കാണാന്‍ രാഹുല്‍

ന്യൂഡല്‍ഹി: അതിസമ്പന്നരായ ചുരുക്കം ചിലര്‍ക്കു വേണ്ടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവര്‍ത്തിക്കുന്നതെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പാവപ്പെട്ട സാധാരണക്കാരുടെ കാര്യങ്ങള്‍ അദ്ദേഹത്തെ അലട്ടുന്നില്ല. അവരാകട്ടെ, ബാങ്കുകള്‍ക്കും എ.ടി.എമ്മുകള്‍ക്കും മുമ്പില്‍ മണിക്കൂറുകള്‍ ക്യൂ നില്‍ക്കുകയാണിപ്പോള്‍ -രാഹുല്‍ പറഞ്ഞു. നോട്ടു മാറ്റാന്‍ തിങ്കളാഴ്ചയും ക്യൂ തുടര്‍ന്നപ്പോള്‍ ഡല്‍ഹിയിലെ ഏതാനും ബാങ്കുകള്‍ക്കു മുന്നിലത്തെി ജനങ്ങളുടെ പ്രയാസങ്ങള്‍ കേട്ട ശേഷം പാര്‍ലമെന്‍റ് മന്ദിരത്തില്‍ വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

ഒട്ടേറെ പ്രയാസങ്ങള്‍ നേരിടുന്നതായി ജനങ്ങള്‍ തന്നോടുപറഞ്ഞെന്ന് രാഹുല്‍ വിശദീകരിച്ചു. മണിക്കൂറുകള്‍ സാധാരണക്കാര്‍ പുറത്തുനില്‍ക്കുമ്പോള്‍ ചില ഇഷ്ടക്കാര്‍ക്കായി ബാങ്കുകളുടെ പിന്നാമ്പുറത്തുകൂടി പണം മാറ്റുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. സമ്പന്നര്‍ക്കാണ് ആ പണം കിട്ടുന്നത്. മൂന്നും നാലും ദിവസം ക്യൂ നിന്നവര്‍ക്ക് പണം കിട്ടുന്നില്ല. നോട്ടുമാറ്റത്തിന്‍െറ ഇപ്പോഴത്തെ പ്രയാസങ്ങള്‍ കഴിഞ്ഞാല്‍ രാജ്യം മിന്നിത്തിളങ്ങുമെന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ രാഹുല്‍ ഗാന്ധി ചോദ്യം ചെയ്തു. ആര്‍ക്കുവേണ്ടി മിന്നിത്തിളങ്ങുമെന്നാണ് പറയുന്നതെന്ന് വ്യക്തമല്ല. പ്രധാനമന്ത്രിക്ക് വേണ്ടപ്പെട്ട 15-20 പേരുടെ ഭണ്ഡാരം നിറയുമായിരിക്കും. അവരുടെ വായ്പ എഴുതിത്തള്ളുമായിരിക്കും.
പ്രധാനമന്ത്രി പാര്‍ലമെന്‍റില്‍ സംസാരിക്കാത്തതിനെയും രാഹുല്‍ വിമര്‍ശിച്ചു.

പ്രധാനമന്ത്രി എന്തിനാണ് പാര്‍ലമെന്‍റില്‍ വരുന്നത്? ഈ ദിവസങ്ങളില്‍ പലതട്ടിലാണ് അദ്ദേഹം കളിക്കുന്നത്. മന്ത്രിമാരുമായിപ്പോലും ചര്‍ച്ചയില്ല. സ്വന്തം ചിന്ത തീരുമാനമായി നടപ്പാക്കുന്നു. ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ വലിയൊരു സാമ്പത്തിക തീരുമാനമാണ് ഇപ്പോള്‍ ഉണ്ടായത്. മൂന്നോ നാലോ പേരോടു മാത്രം സംസാരിച്ച ശേഷമാണ് അതു നടപ്പാക്കിയത്. ആസൂത്രണമൊന്നും ഉണ്ടായില്ല. കേരളത്തിലെയും ബംഗാളിലെയുമൊക്കെ കര്‍ഷകര്‍ക്കും പാവപ്പെട്ടവര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കുമൊക്കെ എന്തു സംഭവിക്കും? അവരെക്കുറിച്ച് മോദി ആലോചിക്കുന്നില്ല. അദ്ദേഹമിപ്പോള്‍ പുതിയൊരു രൂപത്തിലാണ്. സൂപ്പര്‍ പ്രധാനമന്ത്രിയെന്നും വിളിച്ചുകൂടാ. പുതിയ നിര്‍വചനം തന്നെ വേണ്ടിവരുന്നു. വിശേഷിപ്പിക്കാന്‍ പുതിയൊരു വാക്ക് കണ്ടെത്തേണ്ടിയിരിക്കുന്നു.

കാണ്‍പുര്‍ ട്രെയിന്‍ ദുരന്തത്തില്‍ ഒട്ടേറെ പേര്‍ മരണപ്പെട്ടതില്‍ രാഹുല്‍ ഗാന്ധി ദു$ഖം പ്രകടിപ്പിച്ചു. ബുള്ളറ്റ് ട്രെയിനുകള്‍ക്ക് പരിപാടി തയാറാക്കുന്നതിനു പകരം സാധാരണക്കാര്‍ക്ക് ട്രെയിനില്‍ സൗകര്യവും സുരക്ഷയും കൂട്ടാനാണ് പ്രധാനമന്ത്രി ശ്രമിക്കേണ്ടത്. അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തണം. ഒരു ലക്ഷം കോടി രൂപ മുടക്കി ബുള്ളറ്റ് ട്രെയിന്‍ കൊണ്ടുവരുന്നതിനെക്കുറിച്ചാണ് മോദി സംസാരിക്കുന്നത്. വേണ്ട കാര്യത്തിനല്ല ഊന്നല്‍. രണ്ടു മണിക്കൂര്‍ യാത്ര ആവശ്യമാണെങ്കില്‍ വേഗത കൂട്ടുക വഴി ഒരു മണിക്കൂറായി ചുരുക്കാന്‍ കഴിയുന്നത് എങ്ങനെയാണെന്നും രാഹുല്‍ ചോദിച്ചു.  

 

Tags:    
News Summary - rahul gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.